വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി
കോഴിക്കോട്: ക്യാമറയുമായി തെരുവോരങ്ങളില്‍ അന്വേഷിച്ചലഞ്ഞ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുഗ്രഹീത നിമിഷങ്ങളില്‍ കൈവന്ന അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ആരംഭിച്ചു. അപാരമായ ജീവിതത്തിന്റെ പ്രവചിക്കാനാവാത്ത പ്രയാണം പിടിച്ചെടുത്ത ക്യാമറക്കണ്ണുകള്‍ അവ ഫോട്ടോകളായി അവതരിപ്പിച്ചപ്പോള്‍ കലയുടെയും സാങ്കേതിക വിദ്യയുടെയും സമര്‍പ്പിത സമ്മേളനമായി അതുമാറി. കാലിക്കറ്റ് പ്രസ്‌ക്ലബ് ആണ് വിവിധ പത്രസ്ഥാപനങ്ങളിലെ 38 ഫോട്ടോഗ്രാഫര്‍മാരുടെ 120 വാര്‍ത്താചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയത്.
റസല്‍ ഷാഹുലിന്റെ(മലയാള മനോരമ) 'തിളക്കുന്ന കടല്‍' എന്ന ചിത്രം കടലനുഭവത്തിന്റെ വ്യത്യസ്തത പകരുന്നതാണ്. 'നിഴലുകള്‍ക്കപ്പുറത്തെ അയല്‍ക്കാരന്‍' എന്ന ഗോകുലിന്റെ (ടൈംസ് ഓഫ് ഇന്ത്യ) ഫോട്ടോയും നിഴലും വെളിച്ചവും സമ്മിശ്രമായി ചേരുന്ന നിമിഷമാണ് പ്രദാനം ചെയ്യുന്നത്. ചെമ്മീനിലെ പരീക്കുട്ടിയുടെ ഫോട്ടോ നടി ഷീലയും മധുവും ഒന്നിച്ചു കാണുമ്പോള്‍ ഇരുവരും പ്രകടിപ്പിക്കുന്ന ആഹ്ലാദം ഒപ്പിയെടുത്ത അഭിജിത്തിന്റെ(മാധ്യമം) ഫോട്ടോയും ശ്രദ്ധേയമാണ്.
ട്രെയിന്‍യാത്രയിലെ ദുരിതക്കാഴ്ചയാണ് ബിനുരാജ് ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നത്. എം.എം ഹൈസ്‌കൂള്‍ അങ്കണത്തില്‍ തന്റെ പഴയ സതീര്‍ഥ്യരെ കണ്ടപ്പോഴുള്ള അനിര്‍വചനീയമായ ആനന്ദം പങ്കുവയ്ക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി തങ്ങളുടെ മുഖം എം.കെ സെയ്തു മുഹമ്മദിന്റെ(സുപ്രഭാതം) ഫോട്ടോയില്‍ തെളിയുന്നു. യു.എ ഖാദറും എം. മുകുന്ദനും ഒരു ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രനുമായി നര്‍മം പങ്കിടുന്ന ഫോട്ടോയാണ് കെ. രാഗേഷ്(ഹിന്ദു) പ്രദര്‍ശനത്തിന് എത്തിച്ചത്.
പ്രദര്‍ശനം പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായി. റസല്‍ ഷാഹുല്‍ ആമുഖഭാഷണം നടത്തി. അഷ്‌റഫ് വേങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് ശരത്ചന്ദ്രന്‍, പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ്, രാജേഷ് മേനോന്‍ പ്രസംഗിച്ചു. പ്രദര്‍ശനം 17ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."