യൂത്ത് കോണ്‍ഗ്രസ് പി.ഡബ്ല്യു.ഡി ഓഫിസ് മാര്‍ച്ച് 17ന്
കല്‍പ്പറ്റ: കല്‍പ്പറ്റ-മേപ്പാടി റോഡിന്റെ പ്രവൃത്തിയിലെ കെടുകാര്യസ്ഥതയും അഴിമതിയും അവസാനിപ്പിച്ചുകൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, കല്‍പ്പറ്റ പിണങ്ങോട് റോഡിലെ പ്രവൃത്തിയിലെ ഗുരുതര ക്രമക്കേട് അന്വേഷിച്ച് എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. കല്‍പ്പറ്റ മേപ്പാടി റോഡിന്റെ പ്രവൃത്തി 8 കോടിക്കടുത്ത് രൂപക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന 2015 സെപ്തംബര്‍ മാസത്തില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി തുടങ്ങിയെങ്കിലും കാലാവധി പൂര്‍ത്തിയാക്കി ഒരു മാസം കഴിഞ്ഞിട്ടും 25 ശതമാനം പോലും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പ് നല്‍കിയത്. എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും, എഗ്രിമെന്റ് കാലാവധി പൂര്‍ത്തിയായിട്ടും പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനെതിരേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഈ മാസം 17ന് രാവിലെ 10ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തുടര്‍ന്നും നടപടി ഉണ്ടായില്ലെങ്കില്‍ ഹൈവേ ഉപരോധം, പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധം, കലക്ടറേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി സി ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡിന്റോ ജോസ്, വി സുവിത്ത്, മഹേഷ് കെ, മനോജ് പുല്‍പ്പാറ, സുനീര്‍ ഇത്തിക്കല്‍, എം.ജി സുനില്‍കുമാര്‍, സി ഷെഫീഖ്, എം.ജി മോഹന്‍കുമാര്‍, ബിനീഷ് എമിലി, പ്രകാശന് എമിലി, പ്രതാപ്, ഷിനോദ് പെരുന്തട്ട, അഭിജിത്ത്, ഹര്‍ഷല്‍ കോന്നാടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."