വയനാട്ടിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ലോല പട്ടികയില്‍
ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കണക്ക്
കല്‍പ്പറ്റ: സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണെന്ന ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളിലായുള്ള 13 വില്ലേജുകളും ഉള്‍പ്പെടും. മാനന്തവാടി താലൂക്കിലെ പേര്യ, തിരുനെല്ലി, തൃശിലേരി, തൊണ്ടര്‍നാട് വില്ലേജുകള്‍, ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, കിടങ്ങാട്, വൈത്തിരി താലൂക്കിലെ പൊഴുതന, അച്ചൂരാനം, കോട്ടപ്പടി, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല, തരിയോട് വില്ലേജുകളാണ് പരിസ്ഥിതി ലോലമെന്ന് കസ്തൂരി രംഗന്‍ കമ്മിറ്റി കണ്ടെത്തിയത്.
പത്തനംതിട്ടയിലെ ഒരു പാറമട കേസിലാണ് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയത്. കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അധികവും. സത്യവാങ്മൂലത്തിനെതിരേ കല്‍പ്പറ്റയില്‍ 15ന് ജനകീയ സദസിന് യു.ഡി.എഫ്. ആഹ്വാനം ചെയ്തിട്ടുണ്ട്.
പരിസ്ഥിതി നിയമങ്ങളുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ്. സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച സി.പി.എം. മുഖ്യകക്ഷിയായി എല്‍.ഡി.എഫ്. ഭരണത്തിലേറിയപ്പോഴാണ് കര്‍ഷകരുടെ ആശങ്കകള്‍ ദുരീകരിക്കാതെ നേരത്തെ പരിഗണിച്ചിരുന്ന വില്ലേജുകള്‍ വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് യു.ഡി.എഫിന് എല്‍.ഡി.എഫ്.സര്‍ക്കാരിനെ അടിക്കാന്‍ വീണു കിട്ടിയ വടിയായി മാറിയിട്ടുണ്ട്.
വയനാട് രൂക്ഷമായ വരള്‍ച്ചയിലേക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും നീങ്ങുന്ന സാഹചര്യത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ പൊതുസമൂഹത്തിന് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ പരിസ്ഥിതി നിയമങ്ങള്‍ എപ്രകാരമാണ് നടപ്പാക്കുകയെന്നും അവ മൂലം ജീവിതം ദുരിത പൂര്‍ണമാകുമോയെന്നും വയനാടിന്റെ വികസനത്തെ തടയിടുമോയെന്നും പൊതുവേ ആശങ്കയുണ്ട്. മുമ്പ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങളും കൂടിയായപ്പോള്‍ അതിശയോക്തിയും കലര്‍ന്നു. പുതിയ നിര്‍മാണങ്ങള്‍ക്ക് തടസം, ഭൂമിയിടപാട് നിലയ്ക്കും, വായ്പകള്‍ ലഭിക്കില്ല, കുട്ടികളുടെ പഠനം മുടങ്ങും, വിവാഹങ്ങള്‍ നടക്കില്ല തുടങ്ങിയ ആശങ്കകളാണ് കര്‍ഷകരെ ഭയപ്പെടുത്തുന്നത്.
വയനാടിന്റെ വികസനത്തിന് ഏറെ സഹായകരമാകുന്ന നിര്‍ദിഷ്ട റെയില്‍വേ, ചുരം ബദല്‍ റോഡുകള്‍, എയര്‍ സ്ട്രിപ്, ഗവ.മെഡിക്കല്‍ കോളജ് എന്നിവയെല്ലാം അനിശ്ചിതത്വത്തിലാകുമോയെന്നും ആശങ്കയുണ്ട്. മൈനിങ്, പാറ പൊടിക്കല്‍, മണല്‍വാരല്‍, 20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിട നിര്‍മാണം, താപവൈദ്യുത നിലയം, 50 ഹെക്ടറിന് മുകളിലുള്ള ടൗണ്‍ഷിപ്പ്, ചുവപ്പു കാറ്റഗറിയിലുളള വ്യവസായങ്ങള്‍ എന്നിവയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായി അറിയിച്ചിട്ടുള്ളത്.
പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ടിനെ പറ്റി പഠിച്ച് ശുപാര്‍ശകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ സമിതിയെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."