തൊണ്ടര്‍നാട് പഞ്ചായത്തിലെ ആദിവാസി ഭവന നിര്‍മാണം അനിശ്ചിതത്വത്തില്‍
മാനന്തവാടി: ട്രൈബല്‍ സൊസൈറ്റി നിര്‍മാണം ഏറ്റെടുത്ത തൊണ്ടര്‍നാട് പഞ്ചായത്തിലെ ഇരുപതോളം ആദിവാസി വീടുകള്‍ ഒന്നരവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത നിലയില്‍. ഇതോടെ നേരത്തേയുണ്ടായിരുന്ന വീടുകള്‍ പൊളിച്ചു പുതിയ വീട് നിര്‍മാണം ആരംഭിച്ച കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായി. കഴിഞ്ഞ ദിവസം അതിസാരം പിടിപെട്ട് മരണപ്പെട്ട ഏഴു വയസുകാരി താമസിച്ചിരുന്ന ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍ രണ്ട് മാസം മാത്രം പ്രായമായ കൈക്കുഞ്ഞും യുവതിയും ഇപ്പോഴും ദുരിതത്തിലാണ്. ആദിവാസി ഭവന നിര്‍മാണ മേഖലയില്‍ സ്വകാര്യ കരാറുകാര്‍ വീട് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിക്കുന്നത് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച ട്രൈബല്‍ വര്‍ക്കേഴ്‌സ് സൊസൈറ്റികള്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ 2015ല്‍ ഏറ്റെടുത്ത 20 വീടുകളാണ് ഇപ്പോഴും മേല്‍ക്കൂരയില്‍ പോലുമെത്താതെ നില്‍ക്കുന്നത്.
നിരവില്‍പ്പുഴ കോളനി, കേളോം, മാരാടി എന്നീ കോളനികളിലായാണ് 20 വീടുകളുടെ കരാര്‍ 2015 ജനുവരിയില്‍ സൊസൈറ്റി ഏറ്റെടുത്തത്. ഇതില്‍ കേളോം കോളനിയില്‍ എട്ട് വീടുകളാണുള്ളത്. കൂടുതല്‍ ഭൂമിയില്ലാത്തതിനാല്‍ നേരത്തെയുണ്ടായിരുന്ന താല്‍ക്കാലിക വീടുകളും കക്കൂസുകളും പൊളിച്ചുമാറ്റിയാണ് വീടു പണി തുടങ്ങിയത്. എന്നാല്‍ പണി തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരുവീട് പോലും പൂര്‍ത്തിയാക്കാന്‍ സൊസൈറ്റിക്ക് കഴിഞ്ഞിട്ടില്ല. കേളോം കോളനിയിലെ വീടുകളെല്ലാം ലിന്റില്‍ ഉയരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍ത്തിയിരിക്കുകയാണ്. കോളനിയിലെ കുടുംബങ്ങള്‍ മഴയും വെയിലും തണുപ്പും സഹിച്ചുകൊണ്ടാണ് പ്ലാസ്റ്റിക്ക് കൂരകളില്‍ കഴിയുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പൊതുവിടങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇത്തരത്തില്‍ തികച്ചും പ്രതികൂലമായ സാഹചര്യത്തിലാണ് ഈ മാസം ഒന്‍പതിന് കേളോം കോളനിയിലെ ചന്ദ്രന്‍ചുണ്ട ദമ്പതികളുടെ ഏഴു വയസ്സു മാത്രം പ്രായമുള്ള മകള്‍ അതിസാരം ബാധിച്ച് ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചത്.
ഇവര്‍ താമസിക്കുന്ന കൂരയില്‍ ഇവരുടെ ബന്ധുവായ സിന്ധു പ്രസവം കഴിഞ്ഞ് രണ്ടുമാസം പ്രായമായ കുഞ്ഞിനെയുമായി ഇപ്പോഴും കഴിയുന്നുണ്ട്. 2014ലെ പ്ലാന്‍ ഫണ്ടില്‍നിന്നും അനുവദിച്ച തുക പ്രകാരമുള്ള വീടുകളുടെ പണികളാണ് അനന്തമായി നീണ്ടുപോകുന്നത്. ഏറ്റെടുത്ത വീടുകളുടെ രണ്ട് ഗഡു 1,42,500 രൂപ സൊസൈറ്റി കൈപറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫണ്ട് വൈകിയതും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതുമാണ് പണി വൈകുന്നതിന് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ ഇത് കാരണം ഒരുകുട്ടി മരണപ്പെടാന്‍ ഇടയായതും ഇരുപതോളം കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."