കംപ്യൂട്ടറിലെ തകരാര്‍: ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിലച്ചു
മാനന്തവാടി: നിര്‍ധനര്‍ക്കും, ആദിവാസികള്‍ക്കും ഉള്‍പ്പെടെ ചികിത്സ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി(ആര്‍.എസ്.ബി.വൈ) അവതാളത്തില്‍. ജില്ലാ ആശുപത്രിയില്‍ ഇതിനായി സ്ഥാപിച്ച കംപ്യൂട്ടറിലെ സാങ്കേതിക തകരാറുകളാണ് ആനുകൂല്യ വിതരണം നിലയ്ക്കാന്‍ കാരണം. ആദിവാസി വിഭാഗം, നിര്‍ധന വിഭാഗം എന്നിവര്‍ക്ക് ചികിത്സ, തുടര്‍ ചികിത്സ, വിവിധ പരിശോധനകള്‍, മരുന്ന് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വഴി സൗജന്യമായിരുന്നു. ജനറല്‍ വിഭാഗത്തിന് 30000 രൂപ വരെയുള്ള ചികിത്സയും സൗജന്യമായിരുന്നു. എന്നാല്‍ കംപ്യൂട്ടറിന്റെ തകരാറിനെ തുടര്‍ന്ന് ഇതെല്ലാം അവതാളത്തിലായിരിക്കുകയാണ്.
ജില്ലാ ആശുപത്രിയിലെത്തുന്ന നിരവധി പേരാണ് ചികിത്സയ്ക്കും വിവിധ ടെസ്റ്റുകള്‍ക്കും മരുന്നിനും മറ്റുമായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് രോഗികള്‍ക്ക് വരുത്തിവയ്ക്കുന്നത്. അതേ സമയം പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. കംപ്യൂട്ടറിന്റെ സാങ്കേതിക തകരാറുകള്‍ അടിയന്തരമായി പരിഹരിച്ച് ആനുകൂല്യ വിതരണം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."