ഹര്‍ത്താല്‍ സമാധാനപരം; ജനജീവിതം ദുഃസ്സഹമാക്കി
മാനന്തവാടിയില്‍ മെഡിക്കല്‍ ഷോപ്പ് അടപ്പിച്ചു
പൊലിസ് സംരക്ഷണയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തി
കല്‍പ്പറ്റ: കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയിലും ജനജീവിതം ദുഃസ്സഹമാക്കി. വാഹനങ്ങള്‍ തടഞ്ഞും വഴിമുടക്കിയും ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണുകള്‍ കയ്യടിക്കയത് യാത്രക്കാരെ ബാധിച്ചു. മാനന്തവാടിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധിച്ച് മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിച്ചു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്ന് തുറന്ന ഷോപ്പുകളാണ് അടപ്പിച്ചത്. ഇതോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലുള്‍പ്പെടെ എത്തിയ രോഗികള്‍ ദുരിതത്തിലായി. മെഡിക്കല്‍ ഷോപ്പുകള്‍ അടപ്പിച്ചതില്‍ ഓള്‍ കേരള കെമിക്‌സ് ആന്‍ഡ് ഡ്രഗ്‌സ്(എ.കെ.സി.ഡി.എ) ജില്ലാ പ്രസിഡന്റ് ബ്രാന്‍ നൗഷാദ്, കണ്‍വീനര്‍ ഷാജു എന്നിവര്‍ പ്രതിഷേധിച്ചു. ജില്ലയിലെ കടകമ്പോളങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്‌സി തൊഴിലാളികളും ഹര്‍ത്താലിനെ തുടര്‍ന്ന് പണിമുടക്കി.
സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും രാവിലെ മുതല്‍ തന്നെ നിരത്തിലിറങ്ങിയിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയിലെ പ്രധാനനഗരങ്ങളിലെല്ലാം തന്നെ വാഹനങ്ങള്‍ തടഞ്ഞിട്ടു. കല്‍പ്പറ്റ ജൈത്ര തിയറ്ററിന് സമീപവും,ബത്തേരി, മാനന്തവാടി, മീനങ്ങാടി, കമ്പളക്കാട് ടൗണുകളിലും ഹര്‍ത്താലനുകൂലികള്‍ രാവിലെ മുതല്‍ തന്നെ വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നു. ഗ്രാമങ്ങളിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. അത്യാവശ്യകാര്യങ്ങള്‍ക്കായി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാനാവാത്ത ജനങ്ങള്‍ ഹര്‍ത്താല്‍ ദിവസം ദുരിതത്തിലായി. ജില്ലയില്‍ തമ്പടിച്ചിരുന്ന വിനോദസഞ്ചാരികളും ഹര്‍ത്താലിനെ തുടര്‍ന്ന് പെരുവഴിയിലായി. ടൗണുകളില്‍ ഹര്‍ത്താല്‍ദിവസം സാധാരണ കാണാറുള്ള തട്ടുകടകളും നിര്‍ജ്ജീവമായതോടെ വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിലെത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. ആശുപത്രി കാന്റീനുകളെയായിരുന്നു ടൗണില്‍ പലരും ഭക്ഷണത്തിനായി ആശ്രയിച്ചത്. ഹര്‍ത്താലിന്റെ ഭാഗമായി ജില്ലയില്‍ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടൗണുകളിലും ഗ്രാമങ്ങളിലും പൊലിസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ത്താല്‍ ദിവസം അക്രമം ഭയന്ന് ഭൂരിഭാഗം ആളുകളും പുറത്തിറങ്ങിയില്ല. മീനങ്ങാടിയിലും കല്‍പ്പറ്റയിലും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. മീനങ്ങാടിയില്‍ തടഞ്ഞ വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കി ഹര്‍ത്താലനുകൂലികള്‍ മാതൃക കാട്ടി. കല്‍പ്പറ്റയില്‍ പിണങ്ങോട് ജങ്ഷനില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടത്തെ തട്ടുകടകള്‍ അടപ്പിക്കുകയും ചെയ്തു. വൈകിട്ട് സമരാനുകൂലികള്‍ ടൗണില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അതേ സമയം അതിര്‍ത്തി പ്രദേശങ്ങളായ കാട്ടിക്കുളം, ബാവലി തുടങ്ങിയ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല. കടകമ്പോളങ്ങളെല്ലാം തുറന്ന ഇവിടെ അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടില്ല. കോയമ്പത്തൂര്‍ മൈസൂര്‍ എന്നിവടങ്ങളിലേക്ക് പൊലിസ് സംരക്ഷണയില്‍ ബത്തേരിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി മൂന്ന് സര്‍വിസുകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."