ബി.പി അങ്ങാടിയില്‍ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷം
തിരൂര്‍: ഹര്‍ത്താല്‍ദിനത്തില്‍ തിരൂര്‍ ബി.പി അങ്ങാടിയില്‍ ബി.ജെ.പി-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കണ്ടംകുളത്ത് തുറന്നുപ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പുഴവക്കത്ത് മുസ്തഫയുടെ മുബാറക് ഹോട്ടലിന്റെ ഗ്ലാസും അലമാരെയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ പലചരക്കു കടയും മിനി മാര്‍ട്ടും തകര്‍ത്തു.
ഇതോടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഒരു ബേക്കറിക്ക് നേരെയും അക്രമം നടത്തി. കടയുടെ പുറത്തെ സീലിങും ബോര്‍ഡ് ആക്രമണത്തില്‍ തകര്‍ന്നു. ഇതോടെ വീണ്ടുമെത്തിയ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സമീപത്തെ അടഞ്ഞു കിടന്നിരുന്ന കെ.ടി ഇന്റസ്ട്രീസിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം പണി പൂര്‍ത്തിയായ ഗേറ്റ് സമീപത്തെ ഗേള്‍സ് സ്‌കൂള്‍ കുളത്തില്‍ കൊണ്ടിടുകയും ചെയ്തു.
ബി.പി അങ്ങാടിയില്‍ അക്രമമുണ്ടായപ്പോള്‍ വളരെക്കുറച്ച് പൊലിസുകാര്‍ മാത്രമാണുണ്ടായിരുന്നത്. സംഘര്‍ഷ വിവരമറിഞ്ഞ് തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേത്യത്വത്തില്‍ കൂടുതല്‍ പൊലിസുകാര്‍ എത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്. സംഭവത്തെത്തുടര്‍ന്ന് 16 ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."