കുടിവെള്ളം പാഴായി പോകുന്നു; അനക്കമില്ലാതെ അധികൃതര്‍ ഇന്നലെ മാത്രം പാഴായത് 18000 ലിറ്റര്‍ വെള്ളം
അരീക്കോട്: പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോവുമ്പോഴും അധികൃതര്‍ നന്നാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് ശുദ്ധജലം റോഡിലൂടെ ഒഴുകി കൊണ്ടിരിക്കുന്നത്. കീഴുപറമ്പ് പഞ്ചായത്തിലെ എടശ്ശേരിക്കടവ് കുറ്റൂളി റോഡില്‍ പലയിടങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. ഇതുവരെ നന്നാക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പൊട്ടിയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാനായി റോഡ് കീറി മുറിച്ചെങ്കിലും റോഡ് പൊട്ടിപ്പൊളിഞ്ഞു എന്നത് മാത്രമാണ് മിച്ചം.
അരീക്കോട് പഞ്ചായത്തിലെ സൂര്യ നഗര്‍, വെള്ളേരി അങ്ങാടി, പൂളാംകുണ്ട് റോഡ്, വെള്ളേരി പൂച്ചക്കണ്ണി റോഡ് എന്നിവിടങ്ങളിലെല്ലാം പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി കൊണ്ടിരിക്കുകയാണ്. ഐ.ടി.ഐ ഭാഗത്തെ ടാങ്കില്‍ നിന്ന് വരുന്ന വലിയ പൈപ്പ് പൊട്ടിയത് കാരണം 18000 ലിറ്റര്‍ വെള്ളമാണ് ഇന്നലെ മാത്രമായി പാഴായി പോയത്. പരിസരത്തെ ചെറിയ ഓടയിലേക്ക് റോഡിലെ വെള്ളം നീക്കം ചെയ്താണ് നാട്ടുകാര്‍ റോഡ് സഞ്ചാരയോഗ്യമാക്കിയത്.
പൈപ്പ് പൊട്ടിയ വിവരം ജല അതോറിറ്റി ജീവനക്കാരെ പല തവണ അറിയിച്ചിട്ടും നന്നാക്കാനുള്ള നടപടിയുണ്ടാവുന്നില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. ഇന്നലെ വാല്‍വ് പൂട്ടിയാണ് നാട്ടുകാര്‍ താല്‍ക്കാലികമായി കുടിവെള്ളം പാഴായി പോവുന്നത് തടഞ്ഞത്. എന്നാല്‍ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള തുക അതോറിറ്റിക്ക് ലഭ്യമാവുന്നില്ല എന്നാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."