ഹര്‍ത്താല്‍ ഭാഗികം, ചിലയിടങ്ങളില്‍ അക്രമം നിലമ്പൂര്‍ വീട്ടിക്കുത്തില്‍ സി.പി.എമ്മിന്റെ സ്തൂപം തകര്‍ത്തു കലക്ടറേറ്റില്‍ ജോലിക്കെത്തിയത് 76 പേര്‍
മലപ്പുറം: മഴയില്‍ കുതിര്‍ന്ന ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചു ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മഴ അകമ്പടിയായതോടെ ജില്ലയില്‍ ഭാഗികമായി. ഒറ്റപ്പെട്ട അക്രമങ്ങളൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
കെ.എസ്.ആര്‍.ടി.സി, മറ്റു സ്വകാര്യ ബസുകള്‍ എന്നിവ നിരത്തിലിറങ്ങിയിരുന്നില്ല. അതേസമയം, സ്വകാര്യ വാഹനങ്ങള്‍ ജില്ലയില്‍ മിക്കയിടത്തും നിര്‍ബാധം നിരത്തിലിറങ്ങുകയും ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ നിലമ്പൂര്‍, തിരൂര്‍, താനൂര്‍, എടപ്പാള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറി. അന്യസംസ്ഥാനങ്ങളില്‍നിന്നു ചരക്കുമായി വന്ന ലോറികള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വഴിക്കടവില്‍ തടഞ്ഞു. സംഘടിച്ചെത്തിയ സമരാനുകൂലികളില്‍ പലരും ജില്ലാ ആസ്ഥാനത്തു വാഹനങ്ങള്‍ തടഞ്ഞു.
ചേളാരി, ചങ്ങരംകുളം, വളാഞ്ചേരി, രാമപുരം, പെരിന്തല്‍മണ്ണ ഭാഗകളിലും വാഹനങ്ങള്‍ തടഞ്ഞു. താനൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സി.പി.എം സ്തൂപം തകര്‍ത്തു. പുളിക്കല്‍ സിയാംകണ്ടത്ത് ഇന്നോവ കാര്‍ അടിച്ചുതകര്‍ത്തു. മാണൂരിലും ചെറിയ സംഘര്‍ഷമുണ്ടായി.
കണ്ടംകുളത്ത് തുറന്നുപ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തതോടെ തിരൂര്‍ ബി.പി അങ്ങാടിയില്‍ ബി.ജെ.പി-എന്‍.ഡി.എഫ് സംഘര്‍ഷമുണ്ടായി. തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തില്‍ 22 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
പ്രധാന നഗരങ്ങളിലെല്ലാം കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും ഗ്രാമപ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലും ഹര്‍ത്താല്‍ ഏശിയില്ല. സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില വളരെ കുറവായിരുന്നു. കലക്ടറേറ്റില്‍ 202 ജീവനക്കാരില്‍ 76 പേര്‍ മാത്രമാണ് ഇന്നലെ ജോലിക്കെത്തിയത്, കാലിക്കറ്റ് സര്‍വകലാശാലയുടേത് ഉള്‍പ്പെടെ ഇന്നലത്തെ എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചിരുന്നു.
ജില്ലയിലെ ചിലയിടങ്ങളില്‍ സ്‌കൂളുകളും കോളജുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."