ചോരക്കളി നിര്‍ത്തണം: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: ഫാസിസ്റ്റ് രീതിയില്‍ ആസൂത്രിത കൊലപാതകങ്ങളാണു ജില്ലയില്‍ നടക്കുന്നതെന്നും ഇത്തരം ചോരക്കളികള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ്. കൊലപാതക പരമ്പരകളുടെ തുടര്‍ച്ചയായി വരുന്ന ഹര്‍ത്താലുകള്‍ കൊണ്ട് പൊതുജനം ബുദ്ധിമുട്ടിയിരിക്കുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളും ആര്.എസ്.എസ് ശാഖകളുമാണു ജില്ലയിലെ ക്രമസമാധാനം തകര്‍ക്കാന്‍ കാരണമായിത്തീരുന്നതെന്നു വ്യക്തമാണ്. ജില്ലയില്‍ ക്രമസമാധാന ജീവിതം ഗുരുതരമായ വിധത്തില്‍ തകര്‍ന്നിട്ടും അധികാരികള്‍ അതില്‍ ഇടപെടാതിരിക്കുന്നതു പ്രശ്നം രൂക്ഷമാകാനും പാര്ട്ടിക്കാര് നിയമം കൈയിലെടുക്കാനും കാരണമായിത്തീരും. നാട്ടിലെ അരക്ഷിതാവസ്ഥ മാറ്റി സമാധാന അന്തരീക്ഷം വീണ്ടെടുക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അതിര്‍ത്തിയിലെ ഭീകരര്‍ക്കെതിരേ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നതിനു നേതൃത്വം നല്കുന്നവര് നാട്ടില്‍ പാവങ്ങളെ കഴുത്തറുത്തും വെട്ടിയും കൊല്ലുമ്പോള്‍ മൗനിയാകുന്നതു ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ജില്ലയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ ഉടനടി സ്വീകരിക്കണമെന്നും പൊതുജനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും നേതാക്കളായ സലാം ദാരിമി കിണവക്കല്‍, ബഷീര്‍ അസ്അദി നമ്പ്രം, മഹറൂഫ് മട്ടന്നൂര്‍, ജുനൈദ് ചാലാട്, ഷഹീര്‍ പാപ്പിനിശ്ശേരി, ഗഫൂര്‍ ബാഖവി, സിദ്ദീഖ് ഫൈസി വെണ്മണല്, ലത്തീഫ് പന്നിയൂര്‍, ഷുക്കൂര്‍ ഫൈസി, അസ്ലം അസ്ഹരി, സലാം പൊയനാട്, ഹാരിസ് ഇടവച്ചാല്‍, റഷീദ് ഫൈസി, ഷൗക്കത്തലി ഉമ്മന്‍ചിറ, ഹാരിസ് അസ്അദി, സകരിയ്യ അസ്അദി, റഹ്ത്തുല്ല പുല്ലൂപ്പി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."