ഹര്‍ത്താല്‍ ദിനത്തിലെ കൊല; ഞെട്ടലോടെ ജനം
കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂര്‍ സിറ്റിയില്‍ അരങ്ങേറിയ കൊലയില്‍ വിറങ്ങലിച്ച് ജനം. പിണറായിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിനിടെ കണ്ണൂര്‍ നഗരവും വിജനമായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ നടന്നെങ്കിലും രാവിലെ പൊതുവെ ശാന്തമായിരിക്കുമ്പോഴാണു നഗരത്തിന്റെ ഏതാനും കിലോമീറ്റര്‍ അപ്പുറം കണ്ണൂര്‍ സിറ്റി സെന്ററില്‍ യുവാവിനു കുത്തേറ്റ വാര്‍ത്ത പരക്കുന്നത്.
രാഷ്ട്രീയ കൊലപാതകത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജില്ലയില്‍ വീണ്ടുമൊരു കൊല നടന്നതറിഞ്ഞ് കേട്ടവരെല്ലാം ഞെട്ടി. 11.30ഓടെ ഗുഡ്‌സ് ഓട്ടോയുടെ പിറകില്‍ രക്തത്തില്‍ കുളിച്ച് ഒരാളെ സിറ്റി ഭാഗത്തു നിന്നു എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചതായാണ് ആദ്യം വിവരം ലഭിച്ചത്. പിന്നാലെ കുത്തേറ്റയാള്‍ മരിച്ചെന്ന വാര്‍ത്തയുമെത്തി. പാചകത്തൊഴിലാളിയായ ഫാറൂഖ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
തുടക്കത്തില്‍ രാഷ്ട്രീയ കൊലപാതകമെന്നു പ്രചരിച്ചെങ്കിലും പൊലിസ് പിന്നീടു തിരുത്തി. മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണു കൊലപാതകം നടന്നതെന്നാണു സിറ്റി പൊലിസ് അറിയിച്ചത്. എങ്കിലും കൊല നടന്നതിന്റെ യഥാര്‍ഥ കാരണം അവ്യക്തമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിറ്റി വെറ്റിലപ്പള്ളിയിലെ റഊഫ് എന്ന കട്ട റഊഫ് യാതൊരു പ്രകോപനവുമില്ലാതെ ഫാറൂഖിനെ വെട്ടിയും കുത്തിയും പരുക്കേല്‍പ്പിക്കുകയായിരുന്നു.
ഹര്‍ത്താലിന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന പൊലിസുകാരും ഏതാനും നാട്ടുകാരും സംഭവ സ്ഥലത്തുണ്ടായിരുന്നു. കുത്തേറ്റ ഫാറൂഖ് നിലവിളിച്ചതോടെ ഇവര്‍ സ്ഥലത്തെത്തിയെങ്കിലും കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതി രക്ഷപ്പെടുകയായിരുന്നു.
ഏറെനേരം റോഡില്‍ കിടന്നതിനു ശേഷം ഇതുവഴി വന്ന ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ കയറ്റിയാണ് ഫാറൂഖിനെ ആശുപത്രിയില്‍ എത്തിച്ചത്.
ശ്വാസകോശത്തില്‍ ഉള്‍പ്പെടെ രക്തം കട്ടപിടിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ് സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍, മേയര്‍ ഇ.പി ലത എന്നിവര്‍ ആശുപത്രിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."