വിവാദങ്ങളുടെ തോഴന്‍, ഒടുവില്‍ രാജി
കണ്ണൂര്‍: എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന്‍. സി.പി.എമ്മില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതിനിടെ ഒന്നിലധികം വിവാദങ്ങളില്‍ അകപ്പെട്ടെങ്കിലും കുരുക്കില്‍ നിന്നു രക്ഷപ്പെട്ട് എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഏറ്റവും വലിയ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴായിരുന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പടിയിറക്കം. ഭാര്യാ സഹോദരിയായ പി.കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം.ഡിയായി നിയമിച്ചതാണു വിവാദത്തില്‍പ്പെട്ടതും വ്യവസായ, കായിക വകുപ്പുകളുടെ മന്ത്രി സ്ഥാനത്തു നിന്നു രാജിയിലേക്കു നയിച്ചതും.
വിവാദത്തിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു തന്റെ ബന്ധുക്കളും പലസ്ഥലത്തു നിന്നുമുണ്ടാകുമെന്നു ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ സഹോദരന്‍ ഭാര്‍ഗവന്റെ മരുമകള്‍ ദീപ്തി നിഷാദിനെ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സില്‍ ജനറല്‍ മാനേജരാക്കിയ വാര്‍ത്തയും പുറത്തുവന്നതോടെ ബന്ധുനിയമന വിവാദം പ്രതിപക്ഷത്തോടൊപ്പം സ്വന്തം പാര്‍ട്ടിയിലുള്ളവും മുന്നണിയിലുള്ളവരും ഏറ്റെടുത്തു. സ്വന്തം തട്ടകമായ കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജയരാജന് എതിര്‍പ്പ് നേരിടേണ്ടി വന്നത്. ഒന്‍പതിനു കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സുധീറിന്റെ നിയമനം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് ഒരുമണിക്കൂറിനു ശേഷം അദ്ദേഹത്തിനെ ഒഴിവാക്കി ഉത്തരവിറങ്ങി.
വിവാദത്തില്‍ ഒരുഘട്ടത്തിലും ഇ.പി ജയരാജനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. മുഖ്യമന്ത്രിയും കൈവിട്ടതോടെ ജയരാജനു രാജിയില്ലാതെ വഴിയില്ലെന്നു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു.
സി.പി.എം മൊറാഴ ലോക്കല്‍കമ്മിറ്റി നല്‍കിയ പരാതിയില്‍ സി.പി.എം ജില്ലാ നേതൃത്വം കഴിഞ്ഞ ഏഴിനു കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. സ്വന്തം നാടായ പാപ്പിനിശ്ശേരി സി.പി.എം ഏരിയാകമ്മിറ്റിയിലും പ്രതിഷേധം ഉയര്‍ന്നു. പാര്‍ട്ടിയിലെ ശക്തമായ എതിര്‍പ്പിനൊടുവില്‍ വെള്ളിയാഴ്ചത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രാജിവയ്ക്കുകയാണെന്നു ജയരാജന്‍ അറിയിക്കുകയായിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ജയരാജന്‍ മട്ടന്നൂരില്‍ നിന്നു വന്‍ ഭൂരിപക്ഷത്തിലാണ് ഇക്കുറി നിയമസഭയിലെത്തിയത്.
മന്ത്രിയായി സ്ഥാനമേറ്റയുടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ ശാസിച്ചെന്ന വിവാദത്തില്‍ ഇ.പി ജയരാജന്‍ ഉള്‍പ്പെട്ടിരുന്നു. മന്ത്രിക്കെതിരേ ആരോപണം ഉന്നയിച്ച അഞ്ജു പിന്നീടു തല്‍സ്ഥാനം രാജിവച്ചിരുന്നു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനിക്കു രണ്ടു കോടി രൂപ കൈപ്പറ്റിയെന്ന വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്നു പണം തിരിച്ചുനല്‍കിയതായി അറിയിച്ചെങ്കിലും
ഇ.പി ജയരാജന്റെ ജനറല്‍ മാനേജര്‍ സ്ഥാനം തെറിച്ചു. പിന്നീട് ആ സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ വൈകാതെ തന്നെ പുതിയ വിവാദവുമെത്തി. 2013 നവംബറില്‍ പാലക്കാട് നടന്ന സി.പി.എം സംസ്ഥാന പ്ലീനത്തിന് ആശംസയര്‍പ്പിച്ച് പാര്‍ട്ടി പത്രത്തില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ ഹോട്ടലിന്റെ പരസ്യം വന്നപ്പോഴായിരുന്നു ഇ.പി ജയരാജന്‍ ഉള്‍പ്പെട്ട അടുത്ത വിവാദം. പരസ്യം സ്വീകരിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായിരുന്നുവെന്നു പിന്നീടു പാര്‍ട്ടി വിലയിരുത്തിയിരുന്നു.
1991ല്‍ കണ്ണൂര്‍ അഴീക്കോട് നിന്ന് നിയമസഭയില്‍ എത്തിയിരുന്ന ഇ.പി ജയരാജന്‍ പിന്നീടു സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായതോടയാണു പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്കു വേഗതയേറിയത്. വന്‍ വ്യവസായികളുമായി നല്ല സൗഹദ ബന്ധമാണു ജയരാജന്. കണ്ണൂരില്‍ നടന്ന മകന്റെ വിവാഹച്ചടങ്ങിനു തൃശൂരുകാരായ വസ്ത്ര വ്യവസായി സഹോദരങ്ങള്‍ ഹെലികോപ്ടറില്‍ എത്തിയത് ഇതിന്റെ തെളിവുകൂടിയായിരുന്നു. 1995ല്‍ ഛണ്ഡീഗഡില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവെ ആന്ധ്രയിലെ ഓങ്കോളില്‍ വച്ച് രാഷ്ട്രീയ എതിരാളികള്‍ പറഞ്ഞുവിട്ട ഗുണ്ടകളുടെ വെടിയേറ്റ് ഏറെകാലം ഇ.പി ജയരാജന്‍ ചികിത്സയിലായിരുന്നു. ഡി.വൈ.എഫ.്‌ഐ ദേശീയ പ്രസിഡന്റ്, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."