നാല്‍പത് തികയണം, വരുമാനവും വേണം; വിദേശികളെ വിവാഹം ചെയ്യാന്‍ നിരവധി നിബന്ധനകളുമായി സഊദി
ജിദ്ദ: വിദേശികളെ വിവാഹം ചെയ്യുന്നതിന് സഊദി പൗരന്‍മാര്‍ക്ക് പുതിയ നിബന്ധനകള്‍. സഊദികളായ പുരുഷന്‍മാര്‍ക്ക് വിദേശികളെ വിവാഹം ചെയ്യണമെങ്കില്‍ നാല്‍പ്പത് വയസ് തികഞ്ഞിരിക്കണം. 65 വയസ് കഴിയരുതെന്നും നിബന്ധനയുണ്ട്. മുപ്പതുകഴിഞ്ഞ സ്ത്രീകള്‍ക്ക് മാത്രമേ വിദേശപുരുഷനെ വിവാഹം കഴിയ്ക്കാനാവൂ ഇനി മുതല്‍. 55 വയസു കഴിഞ്ഞാല്‍ വിദേശികളെ വിവാഹം കഴിയ്ക്കാന്‍ സാധിക്കുകയുമില്ല.
ഇതിന് പുറമെ സഊദികളല്ലാത്തവരെ വിവാഹം കഴിയ്ക്കണമെങ്കില്‍ പ്രത്യേക അനുമതി നേടിയിരിക്കണം. സഊദികളും വിദേശികളും തമ്മിലുളള വിവാഹത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത്. മൂവായിരം സഊദി റിയാലെങ്കിലും പ്രതിമാസം വരുമാനമുളള സഊദി പുരുഷന് മാത്രമേ ഒരു വിദേശവനിതയെ വിവാഹം കഴിയ്ക്കാന്‍ സാധിക്കൂ. ഇതിന് പുറമെ മതിയായ സൗകര്യങ്ങളുളള വീടോ ഫല്‍റ്റോ ഉണ്ടായിരിക്കുകയും വേണം. 25 വയസുകഴിഞ്ഞ സ്ത്രീകളെ മാത്രമേ വിവാഹം ചെയ്യാവൂ എന്നും നിബന്ധനയുണ്ട്. രണ്ടുപേരും തമ്മില്‍ മുപ്പത് വയസില്‍ കൂടുതല്‍ വ്യത്യാസം ഉണ്ടാകുകയുമരുത്.
വിവാഹമോചനം നേടിയ ആളാണെങ്കില്‍ ഭാര്യയുമായി പിരിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷം മാത്രമേ വിദേശവനിതയെ വിവാഹം ചെയ്യാനാവൂ. സഊദി സ്ത്രീയെ വിവാഹം ചെയ്ത ആള്‍ക്ക് രണ്ടാമത് ഒരു വിദേശവനിതയെ വിവാഹം ചെയ്യണമെങ്കില്‍ ആദ്യ ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്. ആരോഗ്യമന്ത്രാലയം നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
വിവാഹത്തിന് അനുമതി നല്‍കുന്നതിലൂടെ വിദേശഭാര്യക്ക്് പൗരത്വം അനുവദിക്കലല്ലെന്ന രേഖകളിലും അപേക്ഷകന്‍ ഒപ്പ് വയ്ക്കണം.
വിദേശിയെ വിവാഹം ചെയ്യാനൊരുങ്ങുന്ന സഊദി വനിതയും ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ദമ്പതികള്‍ തമ്മില്‍ പത്ത് വയസില്‍ കൂടുതല്‍ വ്യത്യാസം ഉണ്ടാകരുത്. ഇവരെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് നടപടി. ശാരീരിക വൈകല്യമുളളവര്‍ക്ക് കുറഞ്ഞ പ്രായത്തില്‍ ഇളവുണ്ട്. ഇത്തരക്കാര്‍ക്ക് 27 വയസുണ്ടെങ്കിലും വിദേശികളെ വിവാഹം കഴിയ്ക്കാം. 27 വയസു തികഞ്ഞ അനാഥകള്‍ക്കും വിദേശികളെ വിവാഹം കഴിയ്ക്കാം.
വിവാഹിതരായവര്‍ക്ക് സഊദി വനിതകളെ വിവാഹം ചെയ്യാന്‍ സാധിക്കില്ല. സഊദിയിലോ സ്വന്തം രാജ്യത്തോ കേസില്‍ പ്രതിയല്ലെന്ന സത്യവാങ്മൂലവും സമര്‍പ്പിച്ചിരിക്കണം. അയാള്‍ക്ക് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. വിദേശത്ത് സൈനികോദ്യോഗസ്ഥനുമായിരിക്കരുത്. രാജ്യത്ത് നിരോധനമുളള സംഘടനകളിലും പ്രവര്‍ത്തിക്കുന്നയാളാകരുത്. അയ്യായിരം റിയാല്‍ മാസശമ്പളവും ഉണ്ടായിരിക്കണം. സാധുതയുളള താമസാനുമതിയും ഉണ്ടാകണം. കുടുംബ വീസയും നേടിയിരിക്കണം തുടങ്ങിയവയാണ് പുതിയ നിബന്ധനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."