ഏകീകൃത ചെക്ക്‌പോസ്റ്റിന് ചെക്ക്; അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്ക് പതിവ്
മുത്തങ്ങ: അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഗതാഗതം ദുഷ്‌ക്കരമാവുമ്പോഴും മുത്തങ്ങയില്‍ എട്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഏകീകൃത ചെക്ക്‌പോസ്റ്റ് ഇപ്പോഴും ഫയലില്‍ ഉറങ്ങുന്നു. ഇതിന്നായി ഏഴ് കോടി രൂപ ചിലവഴിച്ച് എട്ടേക്കറോളം ഭൂമി റവന്യു വകുപ്പ് വാങ്ങി വാണിജ്യ നികുതി വകുപ്പിന് കൈമാറി മൂന്ന് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ഏഴ് കോടിയോളം രൂപ സ്ഥലം വാങ്ങുന്നതിന്നും ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ക്കുമായി അനുവദിക്കുകയും ചെയ്തതാണ്. ഇതില്‍ അഞ്ച് കോടിയോളം രൂപ ചിലവഴിച്ച് റവന്യു വകുപ്പ് മുത്തങ്ങയില്‍ നിന്നും മാറി രണ്ട് കിലോമീറ്ററോളം ഇപ്പുറം കല്ലൂരില്‍ 7.53 സെന്റ സ്ഥലം റവന്യു വകുപ്പ് സ്വകാര്യ വ്യക്തിയില്‍ നിന്നും വാങ്ങി വാണിജ്യ നികുതി വകുപ്പിന് കൈമാറുകയും ചെയ്തു.
സ്ഥലം വാങ്ങി കൈമാറിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും ഏകീകൃത ചെക്ക്‌പോസ്റ്റ് നിര്‍മാണത്തില്‍ യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല. ഏകീകൃത ചെക്ക് പോസ്റ്റ് വരുന്നതോടെ മുത്തങ്ങയിലും തകരപ്പാടിയിലും പ്രവര്‍ത്തിക്കുന്ന അഞ്ചോളം ചെക്ക് പോസ്റ്റുകള്‍ ഇവിടേക്കാവും.
ഇതില്‍ അനിമല്‍ ഹസ്ബന്ററി, വാണിജ്യ നികുതി, എക്‌സൈസ്, വനംവകുപ്പ്, ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകള്‍ എന്നിവയാണ് ഉള്‍പ്പെടുക. ദേശീയപാത 212 കടന്നു പോകുന്ന സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങ, തകരാപ്പാടി എന്നിവിടങ്ങളിലെ ഈ ചെക്ക് പോസ്റ്റുകളിലൂടെ ദിനംപ്രതി 1000 കണക്കിന് ചരക്ക് വാഹനങ്ങളടക്കം 2000ത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഏകീകൃത ചെക്ക്‌പോസ്റ്റില്ലാത്തതിനാല്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ മണിക്കൂറുകളോളം വനപാതയായ ദേശീയപാതയോരത്ത് കാത്തുകെട്ടികിടക്കേണ്ട അവസ്ഥയാണ്.
ഇത് വന്യമൃഗങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെയാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതിന് പരിഹാരം എന്നനിലക്കാണ് 2008ല്‍ മുത്തങ്ങയില്‍ ഏകീകൃതചെക്ക്‌പോസ്റ്റ് എന്ന പ്രഖ്യാപനം ഉണ്ടായത്. അതേസമയം ഏകീകൃത ചെക്ക്‌പോസ്റ്റ് നിര്‍മാണം സംബന്ധിച്ച് ഗവണ്‍മെന്റില്‍ നിന്നും നിര്‍ദേശം കിട്ടാന്‍ കാത്തിരിക്കുകയാണ് വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ എന്നാണ് ലഭിക്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."