താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ; നടക്കുന്നത് ഒപ്പു ശേഖരണം മാത്രം
ആലത്തൂര്‍: താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണത്തിന് വിലയില്ലാതാകുന്നു. കഴിഞ്ഞ വര്‍ഷം മുന്‍ ആരോഗ്യ മന്ത്രി വി.സി. കബീറിന്റെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തി ഭീമ ഹര്‍ജി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായി ഇതുവരെയും പരിഹാരമായില്ല. എം.എല്‍.എ യുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി വികസന സമിതി ശോച്യാവസ്ഥക്ക് പരിഹാരമെന്നോണം മാസ്റ്റര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും പദ്ധതികള്‍ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ മാസം കോണ്‍ഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് ആശുപത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഒ.പി യില്‍ ഇരിക്കാത്തതിന് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ക്ക് നിവേദനം സമര്‍പ്പിക്കുന്നതിനായി ഒപ്പ് ശേഖരണം നടത്തുന്നു.
താലൂക്കിലെ നിര്‍ധനരായ രോഗികളുടെ ഏക ആശ്രയ കേന്ദ്രമായ ഇവിടെ 17 ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉണ്ടെങ്കിലും 10 ഡോക്ടര്‍മാരാണ് നിലവിലുള്ളത്. പ്രസവചികിത്സക്ക് മൂന്നു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ ഒരു ഡോക്ടറാണ് ഉള്ളത്. പോസ്റ്റുമോര്‍ട്ടത്തിനും 24 മണിക്കൂര്‍ സേവനം ആവശ്യമുള്ള അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികളുടെ ചികിത്സയെയാണ് ബാധിക്കുന്നത്. സര്‍ജിക്കല്‍ വിഭാഗത്തില്‍ തിയേറ്ററുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍ ഇല്ലാത്തത് മൂലം പൂട്ടക്കിടക്കുകയാണ്. എക്‌സറേ സംവിധാനം പഴക്കം ചെന്നതിനാല്‍ പ്രവര്‍ത്തക്ഷമത കുറവാണ്. സ്‌കാനിങ്, എന്റോസ്‌കോപ്പി എന്നിവക്ക് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഡോക്ടറും സ്റ്റാഫും ഇല്ല.
മുന്നൂറ് ബെഡുകളെങ്കിലും വേണ്ടിടത്ത് 154 ബെഡുകളാണ് ഉള്ളത്. നിലവില്‍ ഒരു ബെഡില്‍ രണ്ട് രോഗികളെയാണ് കിടത്തി ചികിത്സിക്കുന്നത്. തിരക്ക് പിടിച്ച ആലത്തൂര്‍ ടൗണിലൂടെ സഞ്ചരിച്ച് വേണം ആശുപത്രിക്ക് ആകെയുള്ള ഒരു പ്രവേശന കവാടത്തില്‍ എത്തുവാന്‍. ദിനേ റോഡപകടങ്ങള്‍ വര്‍ധിച്ച് വരുന്ന ദേശീയപാതയില്‍ നിന്നും നേരിട്ട് ആശുപത്രിയിലേക്ക് റോഡ് പണിയണമെന്നാണ് മറ്റൊരാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."