ആദിവാസി മേഖലകളില്‍ പുതിയ സായുധ ഗ്രൂപ്പ്; പിന്നില്‍ പരിവാര്‍ സംഘടന ി റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സികളുടേത്
പാലക്കാട്:ആദിവാസിമേഖലകള്‍ കേന്ദ്രീകരിച്ച് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്ന സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രത്യക്ഷത്തില്‍ മാവോയിസ്റ്റുകളെന്ന് തോന്നിക്കുന്ന വേഷവിധാനങ്ങളും പ്രവര്‍ത്തനശൈലിയുമാണ് പുതിയ സംഘവും ഉപയോഗിക്കുന്നത്. കോഴിക്കോട് ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനവും ആദിവാസികളുമായി ബന്ധപ്പെട്ട പേരുള്ള സംഘടനയാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നത് എന്നാണ് വിവരം. ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന റവന്യൂരേഖകള്‍ ശരിയാക്കാനുള്ള നിയമസഹായങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കിയാണ് ഇവര്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതെങ്കിലും വിശ്വാസ്യത ഉറപ്പാക്കിയാണ് ആദിവാസി യുവാക്കളെയും യുവതികളെയും ആയുധപരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്.
വന്യമൃഗങ്ങളില്‍ നിന്നും സ്വയംരക്ഷക്ക് എന്ന പേരിലാണ് ആയുധപരിശീലനത്തിന് സജ്ജരാക്കുന്നതെങ്കിലും ആവശ്യം വരുന്ന ഘട്ടത്തില്‍ എവിടെ എത്താനും രാഷ്ട്രീയ സംഘട്ടനങ്ങളില്‍ വരെ ഇടപെടാനും ഓപ്പറേഷനുകള്‍ നടത്തലുമായിരിക്കും പ്രഥമ ദൗത്യം.
അട്ടപ്പാടി നക്കുപതി ഊരാണ് പാലക്കാട്ടെ ഇവരുടെ കേന്ദ്രം. കുറിച്യവിഭാഗമാണ് സംഘത്തിലുള്ളവരില്‍ കൂടുതലുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സംഘത്തിന്റെ മുഖാവരണമായി ഗ്രാമീണ പഠനകേന്ദ്രം, അധ്യാപക പരിശീലന കേന്ദ്രം, ഏക വിദ്യാലയങ്ങളിലെ അധ്യാപകര്‍, എന്നീ സംവിധാനങ്ങളാണ് അംഗങ്ങളെ റിക്രൂട്ട് ചെയ്യേണ്ടവര്‍.
ആദ്യം സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണങ്ങളും ക്ലാസുകളും സഹായ കേന്ദ്രങ്ങളും നടത്തും. അതിനുശേഷമാണ് ആയുധപരിശീലനം. ഊരുകളില്‍ ആദിവാസികള്‍ക്കൊപ്പം താമസിച്ച് അവരിലൊരാളായാണ് സംഘടനയുടെ പ്രവര്‍ത്തനം. സാമ്പത്തിക സഹായങ്ങള്‍, ഭക്ഷണം, മരുന്നുകള്‍ എന്നിവയും നല്‍കുന്നുണ്ട്. ആദിവാസികള്‍ക്കും സംഘടനയോട് വലിയ താല്‍പ്പര്യമാണ്. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് പ്രവര്‍ത്തനം ശക്തിപ്രാപിച്ചിട്ടുള്ളത്.
ചിട്ടയായ കായികപരിശീലനം, ആയുധപരിശീലനം എന്നിവ ലഭിക്കുന്ന ആദിവാസി യുവാക്കളില്‍ മികവ് പ്രകടിപ്പിക്കുന്നവരില്‍ നിന്നും ഒരു കോര്‍ ഗ്രൂപ്പിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയാവശ്യങ്ങള്‍ക്കുവേണ്ടി സായുധ പോരാട്ടങ്ങളില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് പരിശീലനം നടത്തുന്നതെന്നാണ് അറിയുന്നത്. ഇത് രാഷ്ട്രീയ അന്തരീക്ഷത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ആദിവാസികളെ ചാവേറുകളാക്കി രാഷ്ട്രീയവും കായികവുമായ വിജയം നേടാനുള്ള പരിവാര്‍ സംഘടനകളുടെ പുതിയ നീക്കമാണ് ഇതിനും പിന്നിലെ ചേതോവികാരമെന്ന് വ്യക്തമാകുന്നതായും രഹസ്യറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആധുനിക അമ്പ് മുതല്‍ യന്ത്രവത്കൃത തോക്കുകള്‍വരെ ഉപയോഗിക്കാന്‍ സംഘാംഗങ്ങള്‍ പ്രാപ്തരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."