വളവുകള്‍ അപകട ഭീഷണി സൃഷ്ടിക്കുമ്പോഴും അധികൃതരുടെ അനങ്ങാപ്പാറ നയം തുടരുന്നു
മാള: മാളക്കുളത്തിന് സമീപത്തെ വളവുകള്‍ അപകട ഭീഷണി സൃഷ്ടിക്കുമ്പോഴും ബന്ധപ്പെട്ട അധികൃതരുടെ അനങ്ങാപ്പാറ നയം തുടരുന്നു.പൊതുമരാമത്ത് വകുപ്പ് സംസ്ഥാന ഹൈവേയെന്ന പേര് നല്‍കിയ കൊടകര,മാള,കൊടുങ്ങല്ലൂര്‍ റോഡില്‍ മാള ടൗണില്‍ നിന്നും നാനൂറ് മീറ്ററോളം ദൂരത്തിലാണ് അപകട ഭീഷണി സൃഷ്ടിക്കുന്ന നാല് വളവുകള്‍ ഉള്ളത്.
തിരക്കേറിയ റോഡില്‍ ഇതിനകം ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാനാവാത്ത അവസ്ഥയാണ്.
പൊതുമരാമത്ത് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന ചെറുമരങ്ങളും തള്ളി നില്‍ക്കുന്ന പുല്‍കാടുകളും വാഹനാപകടങ്ങള്‍ക്കിടയാക്കുന്നു. പ്രധാന റോഡുകളിലെ വളവുകളിലുള്ള ഇത്തരം തടസങ്ങളാണ് അപകടത്തിനിടയാക്കുന്നത്.
വളവു തിരിഞ്ഞ് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത തരത്തിലാണ് പലസ്ഥലത്തും കാട് കയറിയിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിവായിട്ടും കാടും റോഡിലേക്ക് ചാഞ്ഞ്‌നില്‍ക്കുന്ന മരങ്ങളും നീക്കം ചെയ്ത് അപകട സാദ്ധ്യത ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
മാള കുളത്തിന് സമീപത്തെ വളവില്‍ കെ.എസ്.ആര്‍.ടി.സി.ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റത് കാട് കയറിയ സ്ഥലത്താണ്.
ബൈക്കിന്റെ വരവ് കണ്ട് അപകടം ഒഴിവാക്കാനായി കെ എസ് ആര്‍ ടി സി ബസ്സ് പരമാവധി ഒതുക്കിയെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. ഇടത് വശത്തെ മണ്‍തിട്ടയിലേക്ക് കയറിയ നിലയിലായിരുന്നു ബസ്സ്.
ഇത്തരത്തില്‍ മുന്‍പും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.മാളക്കും നാലുകിലോമീറ്റര്‍ അകലെയുള്ള അഷ്ടമിച്ചിറക്കുമിടയില്‍ ഒരു വര്‍ഷത്തിനിടയില്‍ ഒരു ഡസനിലേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. രണ്ട് മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ബിറ്റുമിന്‍ മെക്കാടം ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് ചെയ്ത റോഡില്‍ ആവശ്യത്തിന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും തീരെ വീതി കുറഞ്ഞതും വളവുകളും റോഡിലേക്ക് പടര്‍ന്നിറങ്ങിയ കുറ്റിക്കാടുകളുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.
ഇവയുടെ കൂടെ വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്.വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അധികൃതര്‍ തുടരുന്ന അനങ്ങാപ്പാറ നയത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."