കടലാടിപ്പാറയ്ക്കു പുറമെ ആശാപുരയ്ക്കു കരിന്തളത്തും ഭൂമി നല്‍കി
നീലേശ്വരം: മുംബൈ ആസ്ഥാനമായുള്ള ഖനന കമ്പനിയായ ആശാപുര മൈന്‍ കെം ലിമിറ്റഡിനു കടലാടിപ്പാറയ്ക്കു പുറമേ കരിന്തളത്തും സര്‍ക്കാര്‍ ഭൂമി ലീസിനു നല്‍കി. 2007 ല്‍ ഇടതുമുന്നണി സര്‍ക്കാരാണു ഇതു സംബന്ധിച്ച അനുമതിക്കായി കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത്. 400 ഏക്കര്‍ സ്ഥലമാണ് ആശാപുരയ്ക്കു ബോക്‌സൈറ്റ് ഖനനത്തിനു ലീസിനു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
കാസര്‍കോട് ജില്ലയിലെ കരിന്തളം വില്ലേജില്‍ സര്‍വേ നമ്പര്‍ 89 ല്‍ പെട്ട സ്ഥലമാണിത്. 1054 ഏക്കറായിരുന്നു ആശാപുര ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ സര്‍വേ നമ്പറില്‍ പെട്ട മറ്റു സ്ഥലങ്ങള്‍ ഭൂരഹിതര്‍ക്കായി പതിച്ചു നല്‍കിയതിനാല്‍ അവശേഷിക്കുന്ന സ്ഥലം ആശാപുരയ്ക്കു വിട്ടു നല്‍കാനായിരുന്നു തീരുമാനം. ഇതു സംബന്ധിച്ച 4832 എ3 04ഐഡി നമ്പര്‍ കത്ത് അന്നത്തെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണനാണ് കേന്ദ്ര ഖനന മന്ത്രാലയത്തിനു അയച്ചു കൊടുത്തത്. ഖനന പ്രവൃത്തിക്കായാണ് സ്ഥലം നല്‍കുന്നതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെയുള്ളവ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിക്ക് അനുമതി നല്‍കൂ എന്നാണ് ചട്ടം. 400 ഏക്കറോളം വരുന്ന പ്രദേശത്ത് ഖനനം നടത്തുന്നതിനായി കമ്പനി നല്‍കിയ അപേക്ഷയും അനുബന്ധ രേഖകളും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ പരിശോധിച്ചതാണെന്നും രേഖകള്‍ നിയമാനുസൃതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.
കിനാനൂര്‍ വില്ലേജിലെ കടലാടിപ്പാറയില്‍ 200 ഏക്കര്‍ സ്ഥലം ആശാപുരയ്ക്കു ബോക്‌സൈറ്റ് ഖനനത്തിനായി നല്‍കിയ വിവാദം നിലനില്‍ക്കേയാണു പുതിയ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം ഉദുമ, നീലേശ്വരം എന്നിവിടങ്ങളിലെ തുറമുഖ വികസനത്തിന്റെ ഭാഗമായി തങ്ങളെ ചര്‍ച്ചയ്ക്കു വിളിക്കണമെന്നു കാണിച്ചു ആശാപുര കമ്പനി സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു കത്തയച്ചു.
ജനങ്ങളുടെ എതിര്‍പ്പു നിലനില്‍ക്കുന്നിടത്തോളം കാലം കടലാടിപ്പാറയില്‍ പുതുതായി നിക്ഷേപം നടത്തില്ലെന്ന നിലപാടിലാണു ആശാപുര കമ്പനി ഇപ്പോഴുള്ളത്. എന്നാല്‍ സ്ഥലം ലീസിനു നല്‍കിയിട്ടും ഖനനത്തിനോ പഠനത്തിനോ സാഹചര്യമൊരുക്കാത്ത സര്‍ക്കാരിനെതിരേ ഒരു മാസത്തിനകം ഹൈക്കോടതിയിലും, ഹരിത ട്രൈബ്യൂണലിലും കേസ് ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണു കമ്പനി.
കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ സ്ഥലത്തു പഠനം നടത്താനുള്ള സാഹചര്യമൊരുക്കാമെന്നു പറഞ്ഞ സമരസമിതി ഇപ്പോള്‍ അതില്‍ നിന്നും പിന്മാറിയെന്നാണു ആശാപുര അധികൃതര്‍ ആരോപിക്കുന്നത്.
തങ്ങള്‍ക്കു 30 വര്‍ഷത്തേക്കു അനുവദിച്ച ലീസ് പെട്ടെന്നു റദ്ദു ചെയ്യാനാവില്ല. മൂന്നു തവണ ഇതു സംബന്ധിച്ചു കമ്പനിയുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നു റിപ്പോര്‍ട്ട് കേന്ദ്ര മൈനിങ് വകുപ്പിനു അയച്ചു കൊടുക്കുകയും വേണം.
മതിയായ കാരണങ്ങളില്ലാതെ ഇതു റദ്ദു ചെയ്യാന്‍ കേന്ദ്രം തയാറാവില്ലെന്നും അവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ആശാപുര അധികൃതര്‍ അവകാശപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."