ഇടുക്കിയില്‍ 'ചൈനീസ് മുട്ട' പ്രചാരണം കനക്കുന്നു
തൊടുപുഴ : ഇടുക്കിയില്‍ വ്യാജ മുട്ട (ചൈനീസ് മുട്ട) വിവാദം വ്യാപകമാകുന്നു. ഇന്നലെ അണക്കരയിലെ പച്ചക്കറി കടയില്‍ നിന്ന് അറുപത് മുട്ടകള്‍ വ്യാജമുട്ടയെന്നാരോപിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. പരാതിയെ തുടര്‍ന്നാണ് നടപടി. തൊടുപുഴയിലും കുഞ്ചിത്തണ്ണിയിലും വ്യാജമുട്ടകള്‍ എത്തിയെന്നു നേരത്തെ പ്രചാരണമുയര്‍ന്നിരുന്നു.
ചൈനീസ് നിര്‍മിത മുട്ടയാണിതെന്നും രാസപദാര്‍ത്ഥങ്ങള്‍കൊണ്ട് കൃത്രിമമായി നിര്‍മിക്കുന്നതാണെന്നുമാണ് ആക്ഷേപം എന്നാല്‍ ഇതുവരെ സംസ്ഥാനത്തൊരിടത്തും വ്യാജമുട്ട പിടിച്ചെടുത്തതായി ഔദ്യോഗിക സ്ഥിരീകരണമില്ല. മുട്ട വ്യാജമാണോയെന്നറിയാന്‍ നേരത്തെ പിടിച്ചെടുത്തവയുടെ സാമ്പിളുകള്‍ കാക്കനാട്ടെ ലബോറട്ടിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.അണക്കരയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അമ്പിളി അണക്കരയിലെ പച്ചക്കറി കടയില്‍ നിന്ന് വാങ്ങിയ കോഴി മുട്ട ഉപയോഗിച്ചപ്പോള്‍ നിറ വ്യത്യാസവും മറ്റും കണ്ടതിനെത്തുടര്‍ന്ന് പൊലിസിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ മുട്ട പിടിച്ചെടുത്തത്.
കോട്ടയത്തുള്ള ഒരു ഒരു വിതരണ ഏജന്‍സി നാമക്കല്‍ നിന്നുള്ള മുട്ടയാണെന്നു പറഞ്ഞാണ് അണക്കരയിലെ പച്ചക്കറി കടകളില്‍ മുട്ട വിതരണം ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് മുട്ട വിതരണം ചെയ്തത്. ഇന്നലെ വീണ്ടും വരുമെന്ന് അറിയിച്ചിരുന്നതിനാല്‍ പൊലിസിസും ആരോഗ്യവകുപ്പ് അധികൃതരും ജാഗ്രത പാലിച്ചെങ്കിലും വിതരണ ഏജന്‍സിയുടെ വാഹനം വന്നില്ല. പിടിച്ചെടുത്ത മുട്ടയുടെ സാമ്പിള്‍ വിദഗ്ധ പരിശോധനക്കായി മണ്ണുത്തിയിലെ പരിശോധനാ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
സൂക്ഷ്മപരിശോധനയില്‍ മുട്ടയ്ക്ക് നിറവ്യതാസവും രണ്ട് മുട്ടകള്‍ തമ്മില്‍ കുട്ടി ഒട്ടിച്ചപോലെ ഒരു പാടും കാണുന്നുണ്ടെന്നു പറയുന്നു. സാധാരണ മുട്ടയില്‍ നിന്ന് വ്യത്യാസം ഉള്ളതുപോലെയാണ് കാണുന്നതെന്ന് ഉപയോഗിച്ചവര്‍ പറഞ്ഞു. വ്യാജ മുട്ട സംബന്ധിച്ച വാര്‍ത്ത പരന്നതോടെ അണക്കര മേഖലയില്‍ ആളുകള്‍ കടകളില്‍ നിന്നും ഹോട്ടലുകളില്‍നിന്നും മുട്ട വാങ്ങുന്നത് നിര്‍ത്തിയിരിക്കുകയാണ്.
അണക്കരയില്‍ നിന്ന് പിടിച്ചെടുത്ത മുട്ട പ്രാഥമിക പരിശോധനയില്‍ വ്യാജ മുട്ടയാണെന്നു സംശയിക്കുന്നതായും വിദഗ്ദ്ധ പരിശോധനക്ക് ശേഷമേ ഈ കാര്യം സ്ഥിതികരിക്കാനാവു എന്നും ചക്കുപള്ളം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എല്‍ സജീവ് പറഞ്ഞു.അതേസമയം വ്യാജമുട്ടകള്‍ എന്നു പ്രചരിപ്പിക്കുന്നവ യഥാര്‍ഥ മുട്ടകള്‍ തന്നെയാണെന്നാണ് വിദഗ്ധാഭിപ്രായം. കോഴികളിലുണ്ടായ ജനിതക മാറ്റമോ, തീറ്റയിലൂടെ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളോ ആകാം മുട്ടയില്‍ മാറ്റമുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിലുപരി മുട്ടയുടെ രൂപവും വ്യത്യസ്ത അടുക്കുകളും അവയുടെ നിറഗുണഭേദങ്ങളും തോടുമൊക്കെ കൃത്രിമമായി നിര്‍മിക്കുക എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."