വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല; ഗൂഡാലോചനയെന്ന് ഷാഹുല്‍ ഹമീദ്
തൊടുപുഴ: തന്നോട് ആരും വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും നോട്ടീസ് നല്‍കിയിട്ടില്ലെന്നും നടപടിക്കു പിന്നില്‍ ഗൂഡാലോചനയാണെന്നും കൗണ്‍സിലര്‍ എം.കെ ഷാഹുല്‍ ഹമീദ്. ഏകപക്ഷീയ നടപടിക്കെതിരെ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. മുനിസിപ്പല്‍ കൗണ്‍സിലില്‍ പറയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഉന്നയിച്ചത്.
അതൊരിക്കലും പാര്‍ടി വിരുദ്ധ പ്രവര്‍ത്തനമാകില്ല. താന്‍ പണപ്പിരിവ് നടത്തിയെന്നത് അടിസ്ഥാനരഹിതമാണ്. പാര്‍ടിയും സംഘടനയും പറയുന്ന പരിപാടികള്‍ക്കു മാത്രമാണ് ഫണ്ട് പിരിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനിടയില്‍ 35,000 രൂപയോളം പാര്‍ടിക്കു ഫണ്ട് നല്‍കി. വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധപിരിവ് നടത്തിയെന്ന് തെളിയിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാം.
കൗണ്‍സിലര്‍ എന്ന നിലയില്‍ പാര്‍ടി നേതൃത്വം തന്നോട് നീതി പുലര്‍ത്തിയിട്ടില്ല. വൈസ് ചെയര്‍മാന്‍ സ്ഥാനം പകുതി ടേം തനിക്ക് നല്‍കണമെന്ന് പാര്‍ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ വഹിക്കേണ്ടെന്ന നിലപാടാന് പാര്‍ടി സ്വീകരിച്ചത്. സ്റ്റാന്റിങ് കമ്മിറ്റി, ഡി.പി.സി മെമ്പര്‍ സ്ഥാനങ്ങളിലേക്കും പരിഗണിക്കാതെ തഴഞ്ഞു. പിന്നീട്, ഒരു വര്‍ഷത്തേക്കു വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തപക്ഷം മുന്നണിയില്‍ തുടരില്ലെന്നു വ്യക്തമാക്കിയതിന്റെ പേരിലാണു ഗൂഡാലോചന നടത്തി പാര്‍ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌തെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."