ഭരണപക്ഷ കൗണ്‍സിലറെ ഡി.സി.സി സസ്‌പെന്റ് ചെയ്തു
തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാനെതിരേ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച ഭരണപക്ഷ കൗണ്‍സിലര്‍ എം.കെ ഷാഹുല്‍ ഹമീദിനെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാര്‍ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് ഷാഹുല്‍ ഹമീദ്.
കഴിഞ്ഞ അഞ്ചിനാണ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍ക്കെതിരെ നഗരസഭ 20-ാം വാര്‍ഡിലെ സ്വതന്ത്രാംഗം ഷാഹുല്‍ ഹമീദ് ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ചത്. വൈസ് ചെയര്‍മാന്റെ ഓഫീസില്‍ വന്‍ ക്രമക്കേടുകളാണ് അരങ്ങേറുന്നതെന്നും വിവിധ പണികളുടെ പേരില്‍ വന്‍തുക അടിച്ചു മാറ്റുകയാണെന്നുമായിരുന്നു ഷാഹുലിന്റെ ആരോപണം. ബി.ജെ.പിയുമായി വൈസ് ചെയര്‍മാന് രഹസ്യബന്ധമുണ്ടെന്നും ഷാഹുല്‍ ആരോപിച്ചിരുന്നു.
വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ പരാതി നല്‍കിയതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഷാഹുല്‍ ഹമീദിന് ഷോകോസ് നോട്ടീസ് നല്‍കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. അഴിമതി ആരോപണം കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമായെന്നാണ് ഡിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് കരുതിക്കൂട്ടി ചെയ്തതാണെന്നും അവര്‍ പറയുന്നു.
ഐ.എന്‍.ടി.യു.സിയുടെ പേരിലും കച്ചവടക്കാരുടെയും കരാറുകാരുടെയും പേരിലും വ്യാപക പണപ്പിരിവ് നടത്തുന്നതായി ഷാഹുലിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് പറഞ്ഞു. പലവട്ടം താക്കീത് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും അഭിപ്രായം ആരാഞ്ഞ ശേഷമാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം വ്യക്തമാക്കുന്നത്. ഷാഹുലിനെതിരായ പരാതികളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി എക്‌സിക്യൂട്ടീക് അംഗം ആര്‍ ബാലന്‍പിള്ളയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡി സി സി വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."