രാജി തിരിച്ചടിയല്ലെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: തെറ്റു തിരുത്തുന്നത് തിരിച്ചടിയല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും പോലെയുള്ള പാര്‍ട്ടിയല്ല സി.പി.എം. ആദര്‍ശവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. ഇക്കാരണത്താലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഉചിതമായ നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ഇ.പി ജയരാജന്റെ രാജി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് തിരുത്തുന്നത് മോശം കാര്യമല്ല. മുതിര്‍ന്ന അംഗത്തില്‍ നിന്നു തന്നെ തെറ്റു കണ്ടപ്പോള്‍ അതു തിരുത്തുകയാണ് പാര്‍ട്ടി ചെയ്തത്. സംസ്ഥാനത്തെ മുന്‍ സര്‍ക്കാരില്‍നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായ നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കും തെറ്റുപറ്റാമെന്നും തെറ്റുപറ്റിയെന്നു ബോധ്യപ്പെട്ടാല്‍ അതു തിരുത്തുമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. നിയമവിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ലെന്ന സന്ദേശം നല്‍കാനാണ് പാര്‍ട്ടി ഉചിതമായ നടപടിയെടുത്തത്. തുടര്‍ നടപടികള്‍ സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."