ജില്ലയുടെ സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനം ഇന്ന്
ആലപ്പുഴ: ജില്ലയില്‍ വ്യക്തിഗത കക്കൂസുകള്‍ ഇല്ലെന്ന് കണ്ടെത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മ്മിച്ചുനല്‍കി ജില്ല സമ്പൂര്‍ണ്ണ പരസ്യ വിസര്‍ജ്ജന രഹിത (ഒ.ഡി.എഫ്) ജില്ലയായി മാറുന്നതിന്റെ പ്രഖ്യാപനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഇന്ന് (ഒക്‌ടോബര്‍ 15) നിര്‍വഹിക്കും. രാവിലെ 9.30ന് കളക്ട്രേറ്റ് അങ്കണത്തില്‍ കൂടുന്ന പ്രഖ്യാപന സമ്മേളനത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. എം.എല്‍.എ.മാരായ അഡ്വ.കെ.കെ.രാമചന്ദ്രന്‍ നായര്‍, ആര്‍.രാജേഷ്, അഡ്വ.യു.പ്രതിഭാഹരി, തോമസ് ചാണ്ടി, അഡ്വ.എ.എം.ആരിഫ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ സാനിട്ടേഷന്‍ സമിതി ചെയര്‍മാനുമായ ജി.വേണുഗോപാല്‍, ജില്ല കളക്ടറും ജില്ലാ സാനിട്ടേഷന്‍ സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വീണ എന്‍. മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, കേരള പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വിശ്വംഭരപണിക്കര്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി നൗഷാദ്.എ, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ബിജോയ് കെ.വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരാകും. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ ഭാഗമായി ഈ നവംബര്‍ ഒന്നിന് കേരളം സമ്പൂര്‍ണ്ണ പരസ്യ വിസര്‍ജ്ജന രഹിത സംസ്ഥാനമായി മാറുകയാണ്.
തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നും തുക വകയിരുത്തിയും ദുര്‍ഘട പ്രദേശങ്ങളില്‍ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ അധിക സഹായം നല്‍കിയും 14985 കക്കൂസുകളാണ് ജില്ലയില്‍ നിര്‍മ്മിച്ചത്. വെളളക്കെട്ട് പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പൊതുജലാശയങ്ങള്‍ മലിനമാക്കാതെ കക്കൂസുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുളള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പരിശോധനയ്ക്കുശേഷം ഗ്രാമ പഞ്ചായത്തുകള്‍ ലോകബാങ്കിന്റെ പ്രത്യേക ഗ്രാന്റിന് അര്‍ഹത നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."