അണികളുടെ രോഷത്തില്‍ വീണ അതികായന്‍
കണ്ണൂര്‍: എല്‍.ഡി.എഫ് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി ജയരാജന്‍ രാജിവയ്ക്കണമെന്ന ഒന്നാമനായ മുഖ്യമന്ത്രി വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചത് അണികളുടെ രോഷം ഭയന്ന്.
ഇന്നലെ ചേര്‍ന്ന നിര്‍ണായക സെക്രട്ടേറിയറ്റില്‍ പിണറായി വിജയന്‍ ഇ.പിയുടെ രാജി മാത്രമാണ് പ്രശ്‌നപരിഹാരമെന്നു പറയാനിടയാക്കിയത് ഈ കാരണത്താലാണ്. വേലിതന്നെ വിളവുതിന്നുന്നുവെന്ന പ്രയോഗം പേരൂര്‍ക്കടയില്‍ പൊലിസ് പാസിങ് ഔട്ട്പരേഡില്‍ നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇ.പിക്കെതിരേ നടപടിയും.
തന്റെ വലംകൈയായി പ്രവര്‍ത്തിച്ച ജയരാജനെ കൈവിടാന്‍ പിണറായിയെ നിര്‍ബന്ധിതനാക്കിയത് കണ്ണൂരിലെ ഒരുവിഭാഗം നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമുയര്‍ത്തിയ ധാര്‍മികരോഷമാണ്.
ജില്ലാസെക്രട്ടറി പി.ജയരാജനാണ് ഈവികാരം കഴിഞ്ഞ ആറിന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ കാറില്‍ സഞ്ചരിക്കവെ നടത്തിയ രഹസ്യസംഭാഷണത്തിനിടെ ബോധ്യപ്പെടുത്തിയത്. ഇതോടെ കണ്ണൂരിലെ മറ്റൊരു സംസ്ഥാന സെക്രട്ടറിയേറ്റംഗമായ എം.വി ഗോവിന്ദനും ഇ.പിക്കെതിരേ തിരിഞ്ഞു. രക്തസാക്ഷികുടുംബങ്ങളില്‍ നിന്നടക്കം ഇ.പിക്കെതിരേ പ്രതിഷേധം ആളിക്കത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ വഴിയില്ലാതെ ഇ.പിയുടെ കാലിടറി.
ഭാര്യസഹോദരിയുടെ പുത്രനെന്ന പരിഗണനമാത്രം കണക്കിലെടുത്ത് പി.കെ ശ്രീമതിയുടെ മകന്‍ സുധീറിനെയും ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തിയെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു ഇരുത്തിയതാണ് ഇ.പിയുടെ സ്വന്തം തട്ടകമായ പാപ്പിനിശേരി ഏരിയാ നേതാക്കളെപ്പോലും പ്രകോപിപ്പിച്ചത്. ഇന്നുവരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത ഇവരെ എന്തടിസ്ഥാനത്തിലാണ് നിയമിച്ചതെന്ന രോഷം സോഷ്യല്‍മീഡിയയില്‍ വരെ അണികളുയര്‍ത്തി.
സദാചാര വിരുദ്ധ ആരോപണമുയര്‍ന്നപ്പോള്‍ പി.ശശിപോലും നേരിടാത്ത രോഷമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു ഇ.പി നേരിട്ടത്.
ഇതു ആളിക്കത്തിക്കാന്‍ ഇ.പിയുടെ അപ്രമാദിത്വം ഇഷ്ടപ്പെടാത്ത നേതാക്കള്‍ക്കു വിദഗ്ദ്ധമായി കഴിഞ്ഞു.
ഇ.പിക്കെതിരേ പാര്‍ട്ടിക്കുള്ളിലും പുറത്തും അമര്‍ഷം കത്തിപ്പടരുമ്പോള്‍ അതു നടപടിയിലൂടെ തണുപ്പിച്ചില്ലെങ്കില്‍ തനിക്കെതിരേയും വിമര്‍ശനചൂടുയരുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ടായി.
ഇതാണ് കഴിഞ്ഞ ഏഴിന് പയ്യാമ്പലം ഗസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ മുറിയില്‍ വിളിച്ചുവരുത്തി ഇ.പിയെ ശാസിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്. അന്നുതന്നെ കണ്ണൂരില്‍ ഇ.പി രാജിവയ്ക്കുമെന്ന പ്രചാരണം ശക്തമായിരുന്നു.
ഇ.പിക്കെതിരേ നടപടിയെടുത്തതുകൊണ്ട് കണ്ണൂരിലെ പ്രശ്‌നങ്ങള്‍ തീരാന്‍ സാധ്യതകുറവാണ്. ഇ.പിക്കെതിരേ നടപടിയെടുത്ത പാര്‍ട്ടിക്ക് കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതിക്കും കെ.കെ ശൈലജയ്ക്കുമെതിരെ നടപടിയെടുക്കേണ്ടിവരും.
നിയമവകുപ്പില്‍ നിയമിക്കപ്പെട്ട പിണറായിയുടെയും കോടിയേരിയുടെയും ബന്ധുക്കളുടെ യോഗ്യതയും പരിശോധിക്കപ്പെടും. ഇതും പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് വഴിതുറന്നേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."