HOME
DETAILS
MAL
ചര്‍ച്ചചെയ്യാതെ പോകുന്ന രാഷ്ട്രീയം
backup
May 11 2016 | 18:05 PM
ബുദ്ധിയും ചിന്താശേഷിയും തീറെഴുതിക്കൊടുത്ത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായി മാറിയ അണികള്‍ ക്ഷമിക്കുക. പ്രബുദ്ധകേരളത്തിന്റെ ഭാവിനിര്‍ണയിക്കാന്‍ പ്രാപ്തിയുള്ള, പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത, തലച്ചോര്‍ പണയംവയ്ക്കാത്ത, ഈ നാടിനെ നയിക്കാന്‍ കരുത്തുള്ള യുവത്വത്തിന്റെ മുന്നില്‍ യോജിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ മാനിച്ചുക്കൊണ്ടു നിലപാടുകള്‍ പങ്കുവെക്കുന്നു.
കൈരളിയുടെ രാഷ്ട്രീയത്തിനു ജനങ്ങളെ ആവശ്യമുള്ള സമയമാണിത്. 'ജനങ്ങളെ' എന്നത് 'വോട്ടര്‍മാരെ'യെന്നു തിരുത്തുന്നു. ഭരണത്തിന്റെ സര്‍വമേഖലയിലും അഴിമതിയുടെ ദുര്‍ഗന്ധംവമിക്കുന്ന ഭരണമുന്നണിയും അവരെ വേണ്ടവിധം പ്രതിരോധിക്കാനും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാനും പ്രയാസപ്പെടുന്ന ഇടതുമുന്നണിയും ഭാരതമാതാവിനു ജയ് വിളിക്കാത്തവരെ കശാപ്പുചെയ്യണമെന്നും പാകിസ്ഥാനിലേയ്ക്കു നാടുകടത്തണമെന്നും മുറവിളികൂട്ടുന്ന സംഘപരിവാറിന്റെ ദേശീയ ജനാധിപത്യമുന്നണിയും ജനങ്ങളെത്തേടി വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.
തെരഞ്ഞെടുപ്പു നാടകത്തിന്റെ ആദ്യഭാഗം ഡല്‍ഹിയില്‍ അരങ്ങേറിയപ്പോള്‍ അഴിമതിക്കാരായ കാട്ടുക്കള്ളന്മാരെ മാറ്റിനിര്‍ത്തണമെന്ന ആദര്‍ശരാഷ്ട്രീയത്തിന്റെ സുധീരതീരുമാനത്തെ അട്ടിമറിച്ചവരുടെ അധികാരമോഹം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ്സിന്റെ ദേശീയനേതൃത്വം കരുതരുത്. ആനപ്പന്തികളുണ്ടായിരുന്ന തറവാട്ടില്‍ ആട്ടിന്‍കൂടുപോലും അവശേഷിക്കാത്ത തലത്തിലേയ്ക്കു തകര്‍ന്നടിയുന്നതിനുമുമ്പ് തങ്ങളുടെ നേതാക്കന്മാരെ ബാധിച്ച അഴിമതിയും അധികാരമോഹവും തുടച്ചുനീക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാകണം. നിലനില്‍പ്പിന്റെ രാഷ്ട്രീയം നിവൃത്തികേടിന്റെ രാഷ്ട്രീയമായി മാറിപ്പോയിട്ടുണ്ടോയെന്നു പുനഃപരിശോധിക്കണം.
'തമ്മില്‍ഭേദം തൊമ്മനെ' തോളിലേറ്റി ജനങ്ങള്‍ എക്കാലവും ജയ് വിളിക്കുമെന്ന വിശ്വാസമാണ് എന്തുംചെയ്യാനും വിളിച്ചുപറയാനും അവരെ പ്രേരിപ്പിക്കുന്നത്. വര്‍ത്തമാനകേരളത്തിന്റെ ശാപവും ഇതുതന്നെയാണ്. അതുകൊണ്ടാണല്ലോ സോളാറുമായി ബന്ധപ്പെട്ട സി.ഡി. തനിക്കു ലഭിച്ചിട്ടുണ്ടെന്നും വ്യക്തിപരമായി വന്നാല്‍ കാണിച്ചുതരാമെന്നും പല മാന്യന്മാരുടെയും പേരുകള്‍ അതിലുണ്ടെന്നും വിളിച്ചുപറയാന്‍ ചിലര്‍ക്കു ധൈര്യംകിട്ടിയത്. അങ്ങനെയൊരു സി.ഡി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉറവിടം വെളിപ്പെടുത്തി അന്വേഷണ ഏജന്‍സി മുമ്പാകെ ഹാജരാക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. തനിക്കുനേരെ തിരിയുമ്പോള്‍ ഭീഷണിപ്പെടുത്താനുള്ള ആയുധമായി ഉപയോഗിക്കുകയായിരുന്നോ വേണ്ടത്.
ബാര്‍ക്കോഴയെക്കുറിച്ചു തുറന്നുപറയാന്‍ തുടങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും കൂടുതല്‍ തന്നെകൊണ്ടു പറയിപ്പിക്കരുതെന്നും മറ്റൊരാള്‍ പറഞ്ഞു. അഴിമതിയില്‍ താനൊറ്റക്കല്ല, പലരുമുണ്ടെന്നു പറയുന്നതു കുറ്റസമ്മതമായല്ലേ കണക്കാക്കേണ്ട്. കൂടെയുള്ളവര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തേണ്ട ബാധ്യതയും ആ പറയുന്നയാള്‍ക്കുണ്ട്. സകല നേതാക്കന്മാരുടെയും ഫോണുകളില്‍നിന്നു വിളിക്കാന്‍ സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയൊന്നുമായിരുന്നില്ലല്ലോ സരിതാനായര്‍. നീതിന്യായവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതരത്തില്‍ തെളിവുകള്‍ പൂഴ്ത്തിവെക്കുകയും അതു വിളിച്ചു പറയുകയുംചെയ്യുന്നത്് അപകടരമായ പ്രവണതയാണ്.
പൊതുവിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സപ്ലൈസ് തുടങ്ങിയ അടിസ്ഥാനമേഖലകളില്‍ നടപ്പാക്കിയ വികസനം, അതിനു ചെലവഴിച്ച തുക, പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നിവ കണക്കുകള്‍ വച്ചു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് അടച്ചുപൂട്ടിയ മാവേലിസ്റ്റോറുകളുടെയും പൊതുവിതരണകേന്ദ്രങ്ങളുടെയും എണ്ണം വെളിപ്പെടുത്തേണ്ടതുണ്ട്്. തഴച്ചുവളരുന്ന സ്വകാര്യ ഹോസ്പിറ്റലുകള്‍ക്കു തീവെട്ടിക്കൊള്ള നടത്താനുള്ള സാഹചര്യമാണ് ആരോഗ്യമേഖലയില്‍. രണ്ടുസെന്റ് ഭൂമി വാങ്ങി കൂരവച്ചുകെട്ടാന്‍പോലും കഴിയാത്തവിധം സാധാരണക്കാരന്റെ മോഹങ്ങളെ തല്ലിക്കെടുത്തുന്നരീതിയില്‍ ഭൂമാഫിയകളെയും മണല്‍, ക്വാറി മാഫിയകളെയും വളര്‍ത്തിയതില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കു നിസ്സാരമല്ല.
മലയാളം മീഡിയം സര്‍ക്കാര്‍ സ്‌കൂളുകളില്‍ മക്കളെയും കൊച്ചുമക്കളെയും പഠിപ്പിക്കുന്ന, കുടുംബത്തിന്റെ ചികിത്സയ്ക്കു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന, പൊതുവിതരണകേന്ദ്രങ്ങളില്‍നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്ന എത്ര നേതാക്കന്‍മാരുണ്ട് നമുക്കിടയില്‍. അഞ്ചു വര്‍ഷത്തെ ഭരണകൂടത്തിന്റെ വരുമാനംകൊണ്ട് ഇത്തരം അടിസ്ഥാനമേഖലകളില്‍ ചെലവഴിച്ചത് എത്രയാണ്. വകയിരുത്തിയ വിഹിതംകൊണ്ടു പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഉണ്ടായിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണങ്ങനെ സംഭവിച്ചതെന്നും ഇവിടെ ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ.
ഭരണത്തില്‍ മുന്‍പരിചയമില്ലാത്ത കെജ്‌രിവാളിന്റെ ഡല്‍ഹി സര്‍ക്കാര്‍ മുന്‍മുഖ്യമന്ത്രി ഷീലദീക്ഷിത് 247 കോടി രൂപയ്ക്ക് അംഗീകാരം നല്‍കിയ സിക്‌സ് ലൈന്‍ ഫ്‌ളൈ-ഓവര്‍ പദ്ധതി 100 കോടി രൂപയ്ക്ക് പൂര്‍ത്തീകരിച്ച് എട്ടാം ലോകമഹാത്ഭുതം തീര്‍ത്തതു മലയാളിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളുടെ പകുതിയലധികവും അഴിമതിക്കാര്‍ വിഴുങ്ങുകയാണെന്നതിന്റെ പ്രായോഗിക തെളിവുകളാണ് അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പൊളിച്ചെഴുത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഇച്ഛാശക്തിയുള്ള നേതാവിന്റെ തന്റേടമുള്ള നേതൃത്വമാണ് ജനതയുടെ വിജയം.
കപ്പല്‍ചാലുകളും വിമാനത്താവളങ്ങളും വേണ്ടെന്ന അഭിപ്രായത്തോടു യോജിക്കുന്നുമില്ല. എങ്കിലും അവ അടിസ്ഥാനവര്‍ഗത്തിന്റെ വയറുനിറയ്ക്കാന്‍ ഉപകരിക്കുന്നവയല്ലെന്നു തിരിച്ചറിയണം. പ്രാധാന്യം നല്‍കേണ്ടത് ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന മഹാത്മജിയുടെ വാക്കുകള്‍ക്കാണ്. സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ തീര്‍ത്തു വന്‍കിടക്കാര്‍ക്കു നികുതിയിളവു നല്‍കുമ്പോള്‍ ചെറുകിട വ്യാപാരികള്‍ അമിതനികുതിഭാരം മൂലം ആത്മഹത്യയിലേയ്ക്കു നയിക്കപ്പെടുകയാണെന്നു മറക്കരുത്. കര്‍ഷകആത്മഹത്യയില്‍നിന്നു വ്യാപാരികളുടെ ആത്മഹത്യയിലേയ്ക്കാണു വികലമായ നികുതി നയം കേരളത്തെ എത്തിച്ചിരിക്കുന്നത്.
ജെ.എന്‍.യു, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിപോലെയുള്ള സര്‍വകലാശാളകളില്‍ നിന്നു ജനാധിപത്യ-മതേതരത്വ ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സംഘപരിവാര സംഘടനകളെപ്പോലും നിലയ്ക്കുനിര്‍ത്താന്‍ പ്രാപ്തിയുള്ള തലമുറയുടെ ഉദയം സ്വാഗതാര്‍ഹമാണ്. പ്രബുദ്ധകേരളത്തിന്റെ കലാലയങ്ങളില്‍നിന്നും സാംസ്‌കാരികമണ്ഡലങ്ങളില്‍ നിന്നും അന്യംനിന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ആദര്‍ശരാഷ്ട്രീയത്തിന്റെ വക്താക്കളില്‍നിന്നും അത്തരത്തിലുള്ള നേതൃനിര ഉയര്‍ന്നുവരുമെന്നു വിശ്വസിക്കാം.
ഇന്ത്യയെപ്പോലുള്ള ജനാധിപത്യ മതേതരരാജ്യത്ത് വര്‍ഗീയഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കേണ്ട ആവശ്യകത കാലം ഓര്‍മപ്പെടുത്തുന്നു. രാജ്യത്തെ ഓരോ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെപ്പോലും ഫാസിസ്റ്റ് ശക്തികള്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ദാദ്രിയിലും യു.പി.യിലും കശ്മീരിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതു നമ്മുടെ ഗ്രാമങ്ങളിലേയ്ക്കും കടന്നുവരികയാണ്. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി ഉന്മൂലംചെയ്യുന്ന ഫാസിസ്റ്റ് അജണ്ഡ പ്രതിരോധിക്കേണ്ടതുണ്ട്. മൃഗങ്ങളുടെ പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്ന, കുട്ടികളെപ്പോലും പച്ചയ്ക്കു തീകൊളുത്തിയ സവര്‍ണഫാസിസ്റ്റ് തേര്‍വാഴ്ച്ച നമ്മുടെ ഗ്രാമങ്ങളിലും ഭീതിജനകമാംവിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
അധികാരത്തിന്റെ സിംഹാസനങ്ങളില്‍ സുഖലോലുപതയുടെ രാജകീയവാഴ്ച്ചയില്‍ മതിമറന്നുല്ലസിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അഴിമതിയും അധികാരമോഹവും പ്രതികരിക്കാന്‍ കഴിയാത്തവിധം തളച്ചിട്ടിരിക്കുകയാണ്. തീവ്രവാദത്തേക്കാളും വര്‍ഗ്ഗീയതയേക്കാളും ആദ്യം തുടച്ചു നീക്കേണ്ടത് അഴിമതിയാണ്. കാരണം ഇത്തരക്കാരെപ്പോലും വളര്‍ത്തുന്നതും സംരക്ഷിക്കുന്നതും അഴിമതിക്കാരാണ്. നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്ന അഴിമതി എന്ന കാന്‍സറിനെ തുടച്ചു നീക്കാന്‍ പര്യാപ്തമായ ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ജന്‍ലോക്പാല്‍ നിയമം കേരളത്തില്‍ നടപ്പാക്കുമെന്ന ഒരൊറ്റ പ്രകടനപത്രിക മതി ഇവിടുത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍. തയ്യാറുണ്ടോ രാഷ്ട്രീയമുന്നണികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."