വിവാദങ്ങളിലെ ജയരാജ വഴികള്‍
കണ്ണൂരിലെ സി.പി.എം നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഇ.പി ജയരാജന്‍. തനിക്ക്പിന്നാലെ പാര്‍ട്ടിയില്‍ എത്തിയവര്‍ സംഘടനാതലത്തില്‍ ഉന്നതസമിതികളില്‍ ഇടംപിടിച്ചപ്പോഴും ജയരാജന്റെ സ്ഥാനാരോഹണങ്ങള്‍ പതുക്കെയായിരുന്നു. ഇതിനുകാരണം തന്റെ രാഷ്ട്രീയ വഴികളില്‍ അദ്ദേഹം പിന്നിട്ട ഒട്ടനവധി വിവാദങ്ങള്‍ തന്നെയായിരുന്നു.
ആ വിവാദങ്ങളിലൂടെ....
യന്ത്രക്കല്ലില്‍ സ്വന്തം വീട്
കല്‍പണകളില്‍ യന്ത്രക്കല്ലുകള്‍ വെട്ടുന്നതിനെതിരേ സി.ഐ.ടി.യുവിന്റെ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ സി.പി.എം സമരം നടത്തുമ്പോഴാണ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി ജയരാജന്‍ യന്ത്രക്കല്ലുപയോഗിച്ച് കീച്ചേരിയില്‍ വീട് പണിതത്.
അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് അണികളുടെ രോഷത്തില്‍ നിന്നും വിവാദത്തില്‍ നിന്നും ജയരാജനെ രക്ഷപ്പെടുത്തിയത്.
'ലിസ്' വിവാദം
ലിസ് എന്ന പണമിരട്ടിപ്പ് സ്ഥാപനത്തിനെതിരായ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഉടമ ചാക്കോയില്‍ നിന്ന് ഇ.പി ജയരാജന്‍ ഏറ്റവും അടുത്ത വിശ്വസ്തന്‍ വഴി പണം വാങ്ങിയതായി ആരോപണം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ചാക്കോ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കത്ത് നല്‍കിയതോടെയാണ് വിവാദം പാര്‍ട്ടികകത്തും പുറത്തും കത്തിപടര്‍ന്നത്. ഇ.പി ജയരാജന് നല്‍കാനെന്ന പേരിലാണ് പണം വാങ്ങിയതെന്നായിരുന്നു പരാതിയിലെ ഉള്ളടക്കം.
ഇ.പിയുടെ വിശ്വസ്തനും ദേശാഭിമാനി പരസ്യവിഭാഗം മാനേജരുമായിരുന്ന കെ വേണുഗോപാലിനെ സ്ഥാനത്തുനിന്ന് നീക്കി. ഇടപാടില്‍ ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തി വിവാദം അവസാനിച്ചു.
ലോട്ടറി രാജാവില്‍ നിന്നും
2 കോടി
ലോട്ടറി രാജാവായിരുന്ന സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് ദേശാഭിമാനി പത്രത്തിന് വേണ്ടി രണ്ടു കോടിരൂപയുടെ ബോണ്ട് വാങ്ങിയെന്നതായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ വിവാദം.
അന്യസംസ്ഥാന ലോട്ടറിയെ തുരത്താന്‍ വി.എസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമ്പോഴായിരുന്നു പാര്‍ട്ടി പത്രത്തിന്റെ ജനറല്‍ മാനേജരായിരുന്ന ഇ.പിയുടെ നടപടി.
തുടര്‍ന്ന് ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും ഇ.പിയെ നീക്കി. പണം മാര്‍ട്ടിന് തിരിച്ചുകൊടുക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. എന്നാല്‍ ഏറെ വൈകാതെ ജയരാജന്‍ പാര്‍ട്ടി പത്രത്തിന്റെ തലപ്പത്ത് തിരിച്ചെത്തി.
വിവാദ വ്യവസായിയുടെകൂടെ കാല്‍പന്തുകളി
കണ്ണൂരില്‍ സംഘടിപ്പിച്ച ഇ.കെ നായനാര്‍ ഫുട്‌ബോളിന്റെ മുഖ്യ സ്‌പോണ്‍സറായി വി.എസ് വെറുക്കപ്പെട്ടവനെന്നു വിളിച്ച വിവാദ വ്യവസായി ഫാരീസ് അബൂബക്കറുടെ കടന്നുവരവ് സംഘാടകനായ ഇ.പിയിലൂടെയായിരുന്നു. ഫാരീസിന്റെ സഹായത്തോടെയാണ് അഖിലേന്ത്യാ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഈ ബന്ധത്തിലൂടെ പാര്‍ട്ടിയിലെ ഒരു വിഭാഗം ഫാരീസുമായി അടുത്തു.
പ്ലീനത്തിലും വിവാദം
തെറ്റുതിരുത്താന്‍ ഒത്തൊരുമിച്ചു കൈകോര്‍ക്കാന്‍ ചേര്‍ന്ന പാലക്കാട് പാര്‍ട്ടി പ്ലീനത്തിന് ആശംസയുമായി ആരോപണവിധേയനായ വി.എം രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച് വീണ്ടും വിവാദത്തില്‍പ്പെട്ടു.
മലബാര്‍ സിമന്റസ് അഴിമതി ഉള്‍പ്പടെ രാധാകൃഷ്ണനെതിരേ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴായിരുന്നു പരസ്യം.
വീണ്ടും ചാക്ക് ബന്ധം
തിരുവനന്തപുരം മാഞ്ഞാലിക്കുളത്തെ ദേശാഭിമാനിയുടെ ഓഫീസ് മന്ദിരം വിറ്റതും വിവാദമായി. ആരോപണവിധേയനായ വ്യവസായി വി.എം രാധാകൃഷ്ണന്റെ ബിനാമിക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു വിവാദം.
ആര്‍ത്തുല്ലസിക്കാന്‍
വാട്ടര്‍തീം പാര്‍ക്കുകള്‍
കുന്നിടിച്ച് പറശിനിക്കടവില്‍ വാട്ടര്‍ തീം പാര്‍ക്ക്, പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് വളപട്ടണത്തെ കണ്ടല്‍ തീം പാര്‍ക്ക് എല്ലാത്തിനും പിന്നില്‍ ഇ.പിയായിരുന്നു. കണ്ടല്‍പാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു പൂട്ടിച്ചുവെങ്കിലും പാര്‍ട്ടിക്ക് ദേശീയതലത്തില്‍ തന്നെ മറുപടി പറയേണ്ടിവന്നു ഈ വിവാദത്തില്‍.
പരിപ്പുവടയും
കട്ടന്‍ ചായയും
പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ച് മുഷിഞ്ഞ വേഷവുമായി കുളിക്കാതെ നടക്കുന്ന പഴയ കാല പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞു എന്ന ഇ.പിയുടെ പ്രതികരണം വന്‍ വിവാദമായി. ഡി.വൈ.എഫ്.ഐയുടെ സമ്മേളനത്തിലായിരുന്നു ഈ പ്രസ്താവന. പാര്‍ട്ടിയുടെ പുതിയമാറ്റമായി ഇതിനെ ചിത്രീകരിക്കപ്പെട്ടു.
ലാന്‍ഡ് റോവറില്‍
സമരനായകന്‍
ഇനി ലളിതജീവിതം നയിച്ച് ജനങ്ങളിലേക്കിറങ്ങണമെന്ന ആഹ്വാനം ചെയ്ത പാര്‍ട്ടി പ്ലീനത്തിന്റെ പിറ്റേദിവസം കുമരകത്ത് നടന്ന കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഇ.പിയെത്തിയത് കോടികള്‍ വിലവരുന്ന ലാന്‍ഡ് റോവര്‍ കാറില്‍. കോട്ടയത്തെ പ്രമുഖ കരാറുകാരന്റേതായിരുന്നു ഈ കാര്‍. ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തിയ കാറിലാണ് ജയരാജന്‍ വന്നതെന്നും പിന്നീട് പുറത്തറിഞ്ഞു.
മലയാളി മുഹമ്മദലി
കായിക മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ബോക്‌സിങ് ഇതിഹാസം മുഹ മ്മദലിയുടെ മരണത്തില്‍ ചാനലിലൂടെ അനുശോചിച്ചപ്പോള്‍ മുഹമ്മദലിയെ ഗോള്‍ഡ് മെഡല്‍ നേടിയ മലയാളി കായിക താരമായി ഇ.പി ജയരാജന്‍ വിശേഷിപ്പിച്ചതും വിവാദമായി.
അഞ്ജുവിനെതിരേ
പിന്നെ ഉയര്‍ന്നത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ അധിക്ഷേപിച്ചുവെന്ന ആരോപണമായിരുന്നു. മന്ത്രി ശകാരിച്ചുവെന്ന ആരോപണം അഞ്ജു ബോബി ജോര്‍ജ്ജ് തന്നെയാണ് ഉന്നയിച്ചത്. സഹോദരനെ അഞ്ജു വളഞ്ഞവഴിയിലൂടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിയമിച്ചുവെന്നും ഇ.പി ആരോപിച്ചു.
രക്തസാക്ഷികളെ മറന്ന ബന്ധുസ്‌നേഹം
ഏറ്റവും ഒടുവിലത്തേതാണ് ബന്ധുനിയമന വിവാദങ്ങള്‍. ഭാര്യാസോഹദരി കൂടിയായ പി.കെ ശ്രീമതി എം.പിയുടെ മകന്‍ പി.കെ സുധീറിനെ വ്യവസായ വകുപ്പിന് കീഴില്‍ കെ.എസ്.ഐ.ഇ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് ആദ്യം പുറത്തുവന്ന ബന്ധുനിയമനം.
പിന്നീട് മറ്റ് ബന്ധുക്കളെയും മറ്റ് തസ്തികകളില്‍ നിയമിച്ച വിവരം പുറത്തുവന്നു. ഇതാണ് ഇപ്പോള്‍ മന്ത്രി സ്ഥാനത്തു നിന്നുള്ള രാജിയില്‍ എത്തിയിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."