അണിയറയില്‍ അണിയലങ്ങള്‍ ഒരുങ്ങുന്നു
ചെറുവത്തൂര്‍: മറ്റൊരു കളിയാട്ടക്കാലത്തിനായി ഉത്തരമലബാര്‍ ഒരുങ്ങുന്നു. തുലാമാസം പിറക്കാന്‍ രണ്ടുദിനങ്ങള്‍ മാത്രം ശേഷിക്കെ കളിയാട്ടക്കാലത്തിനായി അണിയലങ്ങളുടെ (തെയ്യചമയങ്ങള്‍) അവസാനവട്ട മിനുക്കുപണിയിലാണു തെയ്യം കലാകാരന്മാര്‍. രൂപത്തിലും സങ്കല്‍പ്പത്തിലും വ്യത്യസ്തമാണ് തെയ്യങ്ങളോരോന്നും. ഓരോ തെയ്യവും അരങ്ങിലെത്തുമ്പോള്‍ നിറയുന്നതു വ്യത്യസ്തങ്ങളായ കലകളുടെ സമ്മേളനമാണ്. നൃത്തവും വാദ്യവും ഗീതവും ചിത്രകലയും ശില്‍പകലയുമെല്ലാം തെയ്യത്തില്‍ സമ്മേളിക്കുന്നു.
ചമയങ്ങളാണു തെയ്യത്തിനു രൂപഭംഗി പകരുന്നത്. മരം, ലോഹം, കവിടി, തുണി, പീലിത്തുണ്ട്, കുരുത്തോല, വാഴപ്പോള, പൂവ്, മുള തുടങ്ങിയവ കൊണ്ടാണ് അണിയലങ്ങള്‍ നിര്‍മിക്കുക. ഓലച്ചമയങ്ങള്‍ ഒഴിച്ചു മറ്റുള്ളവയാണ് ഇപ്പോള്‍ ഒരുക്കുന്നത്. ഓലച്ചമയങ്ങള്‍ ഓരോ തെയ്യത്തിനും അനുസരിച്ച് അതാതു കളിയാട്ട സ്ഥലങ്ങളില്‍ നിന്നു നിര്‍മിച്ചെടുക്കും. അണിയലങ്ങള്‍ തയാറാക്കുന്നതിനായി വൈദഗ്ധ്യം നേടിയ കലാകാരന്മാര്‍ തെയ്യക്കാര്‍ക്കിടയിലുണ്ട്.
ഇവരുടെ നേതൃത്വത്തിലാണ് അണിയല നിര്‍മാണം. തുലാം പത്തിനാണു കളിയാട്ടക്കാലം ആരംഭിക്കുകയെങ്കിലും തുലാം ഒന്നിനു തന്നെ കര്‍ഷകതെയ്യങ്ങള്‍ അരങ്ങിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."