ആത്മനിര്‍വൃതിയില്‍ ഹാജിമാര്‍; സംതൃപ്തിയോടെ ഹജ്ജ് ക്യാംപ് സംഘാടകര്‍
നെടുമ്പാശ്ശേരി: ഇന്നലെ രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ സഊദി എയര്‍ലൈന്‍സിന്റെ അവസാന ഹജ്ജ് വിമാനത്തിലെത്തിയ ഹാജിമാര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരിയിലെ പ്രത്യേക ഹജ്ജ് ടെര്‍മിനലിന് പുറത്തെത്തിയതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിന് പൂര്‍ണ സമാപ്തിയായി. മടക്കയാത്രയില്‍ എല്ലാ വിമാന സര്‍വീസുകളും കൃത്യസമയം പാലിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിലാണ് ക്യാംപിന്റെ സംഘാടകര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കര്‍ വിട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളും വളണ്ടിയര്‍മാരും ഹജ്ജ് കമ്മിറ്റിയിലെയും ഹജ്ജ് സെല്ലിലെയും ജീവനക്കാരും ഇന്നലെ വൈകീട്ടോടെ ക്യാംപില്‍ നിന്നും മടങ്ങി.
ഹാജിമാരുടെ മടക്കയാത്രക്കായി ക്രമീകരിച്ച ഹജ്ജ് സര്‍വീസിന്റെ രണ്ടാം ഘട്ടത്തില്‍ പ്രത്യേക ഹജ്ജ് ടെര്‍മിനലായിട്ടായിരുന്നു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിന്റെ പ്രവര്‍ത്തനം. ഇതിനായി കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ഹാങ്കറിനകത്ത് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. സെപ്റ്റംബര്‍ 29 മുതലാണ് ഹാജിമാര്‍ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി തുടങ്ങിയത്. ഹാജിമാരുടെ മക്കയിലേക്കുള്ള യാത്രയുടെ ആദ്യഘട്ടത്തില്‍ രണ്ട് ദിവസം സഊദി എയര്‍ലൈന്‍സ് വിമാന സര്‍വീസ് താളം തെറ്റിയതിനാല്‍ മടങ്ങി വരവില്‍ സംഘാടകര്‍ക്ക് ചെറിയ തോതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ സര്‍വീസുകള്‍ താളം തെറ്റിയില്ലെങ്കിലും കഴിഞ്ഞ ആഴ്ച്ച എത്തിയ ഒരു വിമാനത്തിലെ 115 ഹാജിമാരുടെ ലഗേജുകള്‍ നെടുമ്പാശ്ശേരിയില്‍ എത്താതിരുന്നത് ചെറിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി.
പിന്നീട് ഹജ്ജ് കമ്മിറ്റി സഊദി എയര്‍ലൈന്‍സ് അധികൃതരുമായി ബന്ധപ്പെട്ടാണ് ഇവരുടെ ലഗേജുകള്‍ അടുത്ത ദിവസം എത്തിച്ചത്. ഈ ലഗേജുകള്‍ ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനര്‍മാര്‍ മുഖേന വീട്ടില്‍ എത്തിച്ചുനല്‍കുകയായിരുന്നു. രണ്ടാം ഹജ്ജ് ക്യാംപില്‍ 130 ഓളം വളണ്ടിയര്‍മാരും സേവനം ചെയ്യുന്നതിന് സന്നദ്ധരായി രംഗത്തുണ്ടായിരുന്നു. ഹാജിമാരുടെ ലഗേജുകള്‍ സഹിതം ഇവര്‍ ബന്ധുക്കളുടെ അടുത്ത് എത്തിച്ചുനല്‍കുകയായിരുന്നു. രണ്ട് ഘട്ടങ്ങളിലായി 50 വിമാന സര്‍വീസുകളാണ് സഊദി എയര്‍ലൈന്‍സ് നടത്തിയത്. ഇന്നലെ എത്തിയ അവസാന വിമാനത്തില്‍ 289 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരും,28 പേര്‍ മാഹിയില്‍ നിന്നുമുള്ളവരുമായിരുന്നു.
സംസ്ഥാനത്ത് നിന്നുള്ള 68 പേരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. അടുത്ത വര്‍ഷം ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയില്‍ തന്നെയായിരിക്കുമോ, അതോ കരിപ്പൂരിലേക്ക് മടങ്ങുമോയെന്ന വ്യക്തത ലഭിക്കാതെയാണ് ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് സമാപിച്ചത്. കരിപ്പൂരില്‍ റണ്‍വെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നിഷേധിച്ചതോടെയാണ് ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
നെടുമ്പാശ്ശേരിയില്‍ സിയാലിന്റെ നേതൃത്വത്തില്‍ ക്യാംപ് ഒരുക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തുനല്‍കിയെങ്കിലും ഹജ്ജ് തീര്‍ഥാടകരില്‍ 80 ശതമാനത്തോളം പേര്‍ വടക്കന്‍ ജില്ലകളില്‍ നിന്നും ആയതിനാല്‍ അവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ക്യാംപ് കരിപ്പൂരിലേക്ക് തന്നെ മാറ്റാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സര്‍ക്കാരും ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."