പള്ളുരുത്തി സി മെറ്റ് നഴ്‌സിങ് കോളജിന് ബസ് വാങ്ങാന്‍ പണം അനുവദിച്ചു
മട്ടാഞ്ചേരി: ആരോഗ്യ വകുപ്പിന്റെ സ്വയംഭരണ സ്ഥാപനമായ പള്ളുരുത്തി നഴ്‌സിങ് കോളജിന് ബസ് വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചത്. ഇതിന്റെ ഭരണാനുമതി ഉടന്‍ ലഭ്യമാക്കുമെന്നു എം.എല്‍.എ അറിയിച്ചു.
2009 ല്‍ ആരംഭിച്ച കോളജില്‍ നാല് ബാച്ചുകളിലായി ബി.എസ്‌സി നഴ്‌സിങ് കോഴ്‌സ് പ0നം നടത്തുന്ന 240 വിദ്യാര്‍ഥികളാണുള്ളത്. ആലപ്പുഴ ,തൃശൂര്‍മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്ലീനിക്കല്‍ പരിശീലനത്തിനായി പോകുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ഒരു ബസ് കൂടി അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളേറെയായി. ഈ സാഹചര്യത്തിലാണ് എം.എല്‍.എ ഫണ്ട് അനുവദിച്ചത്.
എം.എസ്‌സി നഴ്‌സിങ് കോഴ്‌സ് ആരംഭിക്കുന്നതിന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹോസ്റ്റല്‍ നിര്‍മാണത്തിനുള്ള നടപടി ഉടന്‍ ആരംഭിക്കാമെന്നും എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ് കോളേജ് സന്ദര്‍ശിച്ച് അറിയിച്ചു.
കോളേജിന്റെ വികസന ആവശ്യങ്ങളുടെ നിവേദനം പ്രിന്‍സിപ്പല്‍ കെ.എന്‍ സുരേഷ് എം.എല്‍.എയ്ക്ക് നല്‍കി. സി മെറ്റ് എംപ്ലോയ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ബാബു ഐസക് ജോണ്‍, സീനിയര്‍ സൂപ്രണ്ട് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."