ചോദ്യാവലി ബഹിഷ്‌കരിക്കാനുള്ള തീരുമാനം സ്വേച്ഛാധിപത്യപരം
ന്യുഡല്‍ഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് ദേശീയ നിയമ കമ്മിഷന്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കുമെന്ന മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ പ്രഖ്യാപനം ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി വെങ്കയ്യനായിഡു. മുത്തലാഖ് എടുത്തുകളയാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ഏകസിവില്‍കോഡുമായി ബന്ധപ്പിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇതിലേക്ക് വലിച്ചിഴച്ച് വിഷയത്തിനു രാഷ്ട്രീയനിറം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമകമ്മിഷന്‍ നടത്തുന്ന അഭിപ്രായ സര്‍വേ ബഹിഷ്‌ക്കരിക്കുമെന്ന് അറിയിക്കാന്‍ വ്യക്തിനിയമ ലോബോര്‍ഡ് കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ മോദി സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും ആദ്യം അദ്ദേഹം സ്വന്തം വീട് നന്നാക്കട്ടെയെന്നും ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. ഏകസിവില്‍കോഡ് സംബന്ധിച്ച് ബൗദ്ധികതലത്തിലുള്ള സംവാദങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മുത്വലാഖ് അവസാനിപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ചിലര്‍ ഇത് രണ്ടും കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോഴുള്ള സംവാദത്തില്‍ പങ്കുചേരുകയാണ് ലോബോര്‍ഡ് ചെയ്യേണ്ടത്. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാം. അല്ലാതെ എന്തിനാണ് പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുകയും സ്വേച്ഛാധിപതിയെന്ന് വിളിക്കുകയും ചെയ്യുന്നത്? മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സ്ത്രീകള്‍ വിവേചനത്തിനിരയാവുന്നത് അംഗീകരിക്കാനാവില്ല. ഇത് ലിംഗവിവേചനം, സ്ത്രീകളുടെ അഭിമാനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. നിങ്ങള്‍ക്ക് രാഷ്ട്രീയം പറയണമെന്നുണ്ടെങ്കില്‍ എതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേര്‍ന്ന് പറയാം. ബോര്‍ഡില്‍ നിന്നോ മറ്റ് മതനേതാക്കളില്‍ നിന്നോ ഇത്തരം പ്രസ്താവനകള്‍ പ്രതീക്ഷിച്ചതല്ല.
നിയമകമ്മിഷന്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവച്ച ഒരു വിഷയത്തില്‍ നിന്ന് നിങ്ങള്‍ മുഖം തിരിച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യണമെങ്കില്‍ അതാകാം. അരും ജനങ്ങളില്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ല. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പൊതുചോദ്യാവലി ബഹിഷ്‌കരിക്കുന്നതിലൂടെ വ്യക്തി നിയമബോര്‍ഡ് അഭിപ്രായ സ്വാതന്ത്ര്യമെന്ന ജനാധിപത്യ സംവിധാനത്തിനു തടസംനില്‍ക്കുകയാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."