മോദി സര്‍ക്കാരിനെതിരേ യോജിച്ച പോരാട്ടം അനിവാര്യം: ജിഗ്‌നേഷ് മേവാനി
തൃശൂര്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സര്‍ക്കാരിനെതിരേ ദലിത്, ആദിവാസി, മുസ്‌ലിം വിഭാഗങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യമെന്ന് ഗുജറാത്തിലെ ദലിത് സമരനായകന്‍ അഡ്വ. ജിഗ്‌നേഷ് മേവാനി. തെക്കേഗോപുരനടയില്‍ നടന്ന ദലിത് ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതില്‍ ഉനയില്‍ നിന്നാരംഭിച്ച പ്രക്ഷോഭം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മോഡല്‍ ആയിരക്കണക്കിന് പട്ടികജാതി, വര്‍ഗക്കാരെ ഉന്മൂലനം ചെയ്ത മോഡലാണെന്ന് ദലിതര്‍ മനസിലാക്കണം. 189 ഓളം ഗ്രാമങ്ങള്‍ കത്തിയെരിച്ചു. അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിച്ച് ദലിതരെ പുകച്ച് പുറത്തുചാടിക്കുന്നതായിരുന്നു മോദിയുടെ വൈബ്രന്റ് ഗുജറാത്ത് പദ്ധതി. വൈബ്രന്റ് ഗുജറാത്ത് എന്ന പേരില്‍ ആഗോള ഉച്ചകോടി നടക്കുന്ന ഗുജറാത്തില്‍ അടിസ്ഥാനവര്‍ഗത്തിന്റെ മിനിമംവേതനം 100 മുതല്‍ 115 രൂപ മാത്രമാണ്.
ബ്രാഹ്മണിസത്തിനും മനുവാദത്തിനുമെതിരേ മുദ്രാവാക്യം മുഴക്കുന്നതിനൊപ്പം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം അടക്കം അടിസ്ഥാന ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചായിരിക്കണം സമരം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തില്‍ കെ.എം. സലിംകുമാര്‍, കിഷോര്‍ കാര്‍ഡക്, എം.എ ലക്ഷ്മണന്‍, പി.സി ഉണ്ണിച്ചെക്കന്‍, കെ.എസ് സോമന്‍, പി.ജെ മോന്‍സി, രാജേഷ് അപ്പാട്ട്, സി.എസ് മുരളി, ടി.കെ വാസു, സതി അങ്കമാലി, കെ.വി സനല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."