ധീരജവാന്‍ തോമസ് ജോസഫിന് ഇനി ഉറ്റവരുടെ ചാരത്ത് അന്ത്യവിശ്രമം
കോട്ടയം: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന് കാല്‍നൂറ്റാണ്ടിന് ശേഷം ഉറ്റവരുടെ ചാരത്ത് അന്ത്യവിശ്രമം. നാഗാലാന്‍ഡില്‍ തീവ്രവാദികളുടെ ഒളിയാക്രമണത്തില്‍ വീരമൃത്യു വരിച്ച കൊഴുവനാല്‍ കാഞ്ഞിരമറ്റം ഏഴാച്ചേരില്‍ ഇ.തോമസ് ജോസഫിനാണ് ഈ അപൂര്‍വ മരണാനന്തര ബഹുമതി.
ഇന്ത്യന്‍ സേനാ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പുനര്‍സംസ്‌കാരം ഇതാദ്യമായാണ്. നാഗാലാന്‍ഡിലെ ചാക്കബാമയിലെത്തി മാതാപിതാക്കള്‍ ഏറ്റുവാങ്ങിയ ഭൗതിക ശരീരാവശിഷ്ടങ്ങള്‍ സഹപ്രവര്‍ത്തരകരടക്കമുള്ള സൈനിക ഓഫിസര്‍മാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇന്നലെ ജന്‍മനാട്ടില്‍ സംസ്‌കരിച്ചു. പൂര്‍ണസൈനികബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
കാഞ്ഞിരമറ്റം ഹോളിക്രോസ് പള്ളിയില്‍ ഇന്നലെ രാവിലെ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. 91 ഇന്‍ഫെന്‍ന്ററി ബ്രിഗേഡ് കമാന്‍ഡ് ബ്രിഗേഡിയര്‍ മൈക്കിള്‍ ഏ.ജെ.ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍.
പൊലിസും സേനാവിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ധീരയോദ്ധാവിന് യാത്രമൊഴി ചൊല്ലിയത്. മദ്രാസ് റെജിമെന്റ് ഒന്‍പതാം ബറ്റാലിയന്‍ സേനയ്ക്ക് വേണ്ടി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മൂന്ന് സേനാ വിഭാഗങ്ങള്‍ക്ക് വേണ്ടിയും തോമസ് ജോസഫിന് റീത്ത് സമര്‍പ്പിച്ചു. സേനയിലെ സഹപ്രവര്‍ത്തകനായിരുന്ന കേണല്‍ ഷംസീര്‍ അടക്കം വലിയൊരു നിര സേനാംഗങ്ങളും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സേനയ്ക്ക് തന്നെ വലിയൊരു അഭിമാന മുഹൂര്‍ത്തമാണിതെന്ന് ബ്രിഗേഡിയര്‍ മൈക്കിള്‍ ഏ.ജെ.ഫെര്‍ണാണ്ടസ് ചടങ്ങുകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജന്‍മനാട്ടില്‍ തോമസ് ജോസഫിന് യാത്രാമൊഴിയേകാനെത്തിയ വന്‍ജനക്കൂട്ടം തന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൗതിക ശരീരാവശിഷ്ടങ്ങള്‍ ജന്‍മനാട്ടില്‍ എത്തിച്ച് പുനര്‍സംസ്‌കരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."