ആര്‍.എം.എസ്.എ സ്‌കൂളുകള്‍ ഇനി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
ചെറുവത്തൂര്‍: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍(ആര്‍.എം.എസ്.എ) പ്രകാരം ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ സ്‌കൂളുകളെ ഈ പദ്ധതിയുടെ സഹായമുള്ള സര്‍ക്കാര്‍ സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്തു.
ഇതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഇവിടെ അധ്യാപക-അനധ്യാപക തസ്തികള്‍ സൃഷ്ടിക്കും. 2010-11 വര്‍ഷം മുതല്‍ ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ 112 വിദ്യാലയങ്ങളാണ് പുനര്‍നാമകരണം ചെയ്തത്. നിലവില്‍ ഒരു സ്‌കൂളില്‍ അഞ്ച് അധ്യാപകര്‍, ഒരു ഹെഡ്മാസ്റ്റര്‍ തസ്തികകള്‍ക്കു മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ തുക അനുവദിക്കുന്നത്. മറ്റുള്ള അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം അനുവദിച്ചിരുന്നില്ല. അധിക തസ്തികകളില്‍ കെ.ഇ.ആര്‍ പ്രകാരമുള്ള അധ്യാപകര്‍ ഇല്ലാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയുമായിരുന്നു.
2015 നവംബറില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനപ്രകാരമാണ് ഇപ്പോള്‍ അനുകൂല ഉത്തരവുണ്ടായത്. ആദ്യ മൂന്നു ഘട്ടങ്ങളില്‍ ആരംഭിച്ച ആര്‍.എം.എസ്.എ വിദ്യാലയങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചപ്പോള്‍ നാലാം ഘട്ടത്തില്‍ ആരംഭിച്ച 30 വിദ്യാലയങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. ഈ വിദ്യാലയങ്ങളെ സര്‍ക്കാര്‍ സ്‌കൂളുകളായി തന്നെ കണക്കാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആ സ്‌കൂളുകളിലേക്ക് ആവശ്യമായ അധ്യാപക- അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തുല്യമായി സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തി സ്ഥലം മാറ്റവും നിയമനവും നടത്തും.
അതേസമയം ഈ വിദ്യാലയങ്ങളില്‍ നിലനിന്നിരുന്ന യു.പി വിഭാഗം പ്രധാനാധ്യാപക തസ്തിക നിര്‍ത്തലാക്കി. ഇവിടെ ജോലി ചെയ്തുവരുന്ന പ്രധാനാധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടനടി നിയമനം നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കാന്‍ ആര്‍.എം.എസ്.എ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ അധിക തുക സംസ്ഥാന ബജറ്റില്‍ നിന്നും അനുവദിക്കാനാണ് തീരുമാനം.
നിലവില്‍ 60 ശതമാനം തുകയാണ് ആര്‍.എം.എസ്.എ വിദ്യാലയങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്നത്. കണ്ണൂര്‍- ഒന്‍പത്, കാസര്‍കോട് -17,വയനാട് -14, ഇടുക്കി- 15,പാലക്കാട് -20, തിരുവനന്തപുരം- ആറ്, കൊല്ലം-മൂന്ന്, ആലപ്പുഴ- രണ്ട്, കോട്ടയം- അഞ്ച്, എറണാകുളം- ഏഴ്, മലപ്പുറം- എട്ട്, കോഴിക്കോട് -ആറ് എന്നിങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ആര്‍.എം.എസ്.എ വിദ്യാലയങ്ങളുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."