വ്യാജസീല്‍ നിര്‍മിച്ച് ലക്ഷങ്ങളുടെ തിരിമറി; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
കോവളം: തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വ്യാജസീല്‍ നിര്‍മിച്ച് 53 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കേസിലെ പ്രതികളെ വിഴിഞ്ഞത്തെ സബ്ട്രഷറി ഓഫിസിലും സ്റ്റേറ്റ് ബാങ്കിന്റെ ശാഖയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രധാന പ്രതിയായ മുട്ടയ്ക്കാട് പുളിമൂട്ട് മേലെ വീട്ടില്‍ വിഷ്ണു (23), സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരായ ഉച്ചക്കട സിസിലിപുരം എ.ഡിന ഭവനില്‍ അനില്‍ കുമാര്‍ (49), നെയ്യാറ്റിന്‍കര വെണ്‍പകല്‍ തിരുവോണ മങ്കാല വീട്ടില്‍ ബിനു, തിരുവനന്തപുരം രാജാജി നഗറില്‍ മല്ലിക (52) എന്നിവരെ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്തെത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് നടത്തുന്നതിനായി നേമം സി.ഐ ദിലീപ്കുമാര്‍ ദാസ്, തിരുവല്ലം എസ്.ഐ ശ്രീകാന്ത് മിശ്ര എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം റിമാന്റിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നുവെന്നും നാളെയും തെളിവെടുപ്പ് തുടരുമെന്നും
നേമം സി.ഐ പറഞ്ഞു. സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നും ട്രഷറിയില്‍ അടയ്ക്കുവാന്‍ കൊണ്ടുപോയ തുകയില്‍ വ്യാജ സീല്‍ പതിപ്പിച്ചാണ് പ്രതികള്‍ വന്‍ ക്രമക്കേട് നടത്തിയത്. സെപ്റ്റംമ്പര്‍ 30ന് ട്രഷറിയില്‍ അടച്ച ചെല്ലാന്‍ രസീതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവല്ലം സബ് രജിസ്ട്രാര്‍ വി.ബാലകൃഷ്ണന്‍ രസീത് റീകണ്‍സിലേഷന് ബാങ്കില്‍ നല്‍കിയതോടെയാണ് വ്യാജ സീല്‍ ആണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ജോയിന്റ് ഇന്‍സ്‌പെക്ടര്‍ സാജന്‍ കുമാറും ജില്ലാ രജിസ്ട്രാര്‍ നൈനാനും നടത്തിയ പരിശോാധനയിലാണ് കഴിഞ്ഞ മെയ് 3ാം തിയതി മുതല്‍ ബാങ്കിലടയ്ക്കാന്‍ നല്‍കിയ തുകയില്‍ 53 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.
സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരായ മറ്റ് പ്രതികള്‍ ഓഫിസില്‍ സ്ഥിരമായി ചായ വിതരണം ചെയ്യുന്ന വിഷ്ണു വഴിയാണ് ക്രമക്കേട് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് പ്രതികള്‍ തിരുവല്ലം പൊലിസിന്റെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."