മലയോര മേഖലയിലെ കാട്ടാന ശല്യം; വനപാലകര്‍ നോക്കുകുത്തികളാകുന്നു
വഴിക്കടവ്: മലയോര മേഖലയില്‍ കാട്ടാന ശല്യം തുടരുന്നു. കഴിഞ്ഞ ദിവസം കാരക്കോട് പുത്തരിപ്പാടത്തെ പൂപ്പറ്റ പ്രഭാകരന്റെ പറമ്പിലിറങ്ങിയ കാട്ടുകൊമ്പന് അന്‍പതോളം കമുകുകളും ഇരുനൂറിലധികം കുലച്ച വാഴകളും നശിപ്പിച്ചു.
വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ബാക്കിയുള്ള സ്ഥലത്ത് വിരലിലെണ്ണാവുന്നയത്ര വാഴകളെ ബാക്കിയുള്ളൂ. ശക്തമായ വന്യജീവി ശല്യം നേരിടുന്നതിനാല്‍ മിക്ക ദിവസവും രാത്രി വൈകിയാണ് പ്രഭാകന്‍ കൃഷിയിടത്തില്‍ നിന്ന് മടങ്ങാറുള്ളത്. ഇതിനിടയിലാണ് കൊമ്പന്റെ പരാക്രമം.
കാട്ടാന ശല്യം കാരണം കൃഷിയിടത്തിന് ചുറ്റും സ്വന്തം ചെലവില്‍ വൈദ്യുതി വേലിയും സ്ഥാപിച്ചിരുന്നു. എന്നാല്‍ ആന തകര്‍ത്തു. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നുവെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.
മലയോര മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന വന്യ ജീവികളുടെ ശല്യം കൃഷി നാശത്തിന് പുറമെ ജീവനും ഭീഷണിയാകുന്നുണ്ട്. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."