വധശ്രമക്കേസില്‍ യുവാവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും
കോഴിക്കോട്: ആവള സ്വദേശിയായ യുവാവിനെ ഇരുമ്പുവടിയും ഇടിക്കട്ടയും ഉപയോഗിച്ചു മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതി ആവള ചെരുവോട്ട്കുന്നത്ത് അബ്ദുല്‍ അസീസിന്റെ മകന്‍ ഉവൈസിന് (27) അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും. മാറാട് സ്‌പെഷല്‍ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. ഐ.പി.സി 326 പ്രകാരം ഗുരുതരമായി പരുക്കേല്‍പ്പിച്ചതിന് മൂന്നുവര്‍ഷം കഠിനതടവും തടഞ്ഞുവച്ചതിന് ഐ.പി.സി 341 പ്രകാരം ഒരു മാസം കഠിനതടവും വിധിച്ചിട്ടുണ്ട്. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി.
2016 മെയ് 14നാണ് കേസിനാസ്പദമായ സംഭവം. ആവള പെരിഞ്ചേരികടവ് പട്ടേരിമണ്ണില്‍ താഴെ കുമാരന്റെ മകന്‍ പ്രദീപനെ വീട്ടിലേക്ക് പോകുന്ന വഴി ഉവൈസ് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പ്രദീപന്റെ കണ്ണിനു താഴെ എല്ലുപൊട്ടി ഗുരുതരമായി പരുക്കേറ്റിരുന്നു. പതിനായിരം രൂപ പിഴയടച്ചാല്‍ അത് പരാതിക്കാരനു നല്‍കാനും പിഴയടക്കാത്തപക്ഷം ഒരു മാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ എട്ടു സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഷാഫി, മൂന്നാംപ്രതി തന്‍വീര്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെവിട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി. സുഗതന്‍ ഹാജരായി. മേപ്പയ്യൂര്‍ പൊലിസാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."