കെ.പി.എസ്.ടി.എ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു
കോഴിക്കോട്: അധ്യാപക സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ പ്രവര്‍ത്തകര്‍ ജില്ലാ ഡെപ്യൂട്ടി വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു. മോഡല്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപകനും കെ.പി.എസ്.ടി.എ സംസ്ഥാന നേതാവുമായ ടി. അശോകനെ ഫറോക്ക് ഗണപത് ഹൈസ്‌കൂളിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചത്. രാവിലെ പത്തോടെ എത്തിയ ഇരുപത്തിയഞ്ചോളം പ്രവര്‍ത്തകര്‍ രണ്ടുമണിക്കൂറോളം ഓഫിസറെ തടഞ്ഞുവച്ചു.
അന്യായമായ സ്ഥലംമാറ്റമാണ് നടന്നതെന്നും ഇടത് അധ്യാപക സംഘടനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ടി. അശോക് കുമാറിനെ ഡി.ഡി.ഇ സ്ഥലം മാറ്റാന്‍ കാരണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെയാണ് നടപടിയെന്നും നേതാക്കള്‍ പറഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി 18-ാം തിയതിവരെ നിലവിലെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കുകയും തുടര്‍ ചര്‍ച്ചയ്ക്കു ശേഷം പ്രശ്‌നത്തിനു പരിഹാരമായില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ മേളകളും കലോത്സവങ്ങളും ബഹിഷ്‌കരിച്ച് സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കെ.പി.എസ്.ടി.എ സംസ്ഥാന നേതാക്കളായ പറമ്പാട് സുധാകരന്‍, പി.കെ അരവിന്ദന്‍, ശ്യാംകുമാര്‍, മുനീര്‍ എരവത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."