തൊഴില്‍ പ്രതിസന്ധി, നിയമ ലംഘനത്തില്‍ പെട്ട മലയാളികളടക്കമുള്ള 300 ഓളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു
റിയാദ്: സഊദിയില്‍ തൊഴില്‍ നിയമലംഘനത്തില്‍ പെട്ട് പിടിയിലായവരും തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായവരുമായ 300 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ സ്വദേശത്തേക്ക് തിരിച്ചു. വിവിധ തൊഴില്‍ ലംഘനങ്ങളില്‍ പെട്ട് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിലെ തര്‍ഹീലിലെത്തിയ 121 തൊഴിലാളികകളും തൊഴില്‍ പ്രതിസന്ധി ഉടലെടുത്ത സഊദി ഓജര്‍ കമ്പനിയില്‍ ജോലിയും ശമ്പളവും ഇല്ലാതെ ദുരിതം നേരിട്ട എട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള 175 ഇന്ത്യന്‍ തൊഴിലാളികളുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാട്ടിലേക്കു മടങ്ങിയത്.
ദമാം തര്‍ഹീലിലെത്തിയ നിയമ ലംഘകര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്ത്യന്‍ എംബസ്സിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചത്. മുന്‍ കാലങ്ങളിലുപരി നിയമ ലംഘകരെ പിടികൂടി രണ്ടാഴ്ചക്കകം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് യാത്രയായത്. ഒളിച്ചോടിയതായി സ്‌പോണ്‍സര്‍മാര്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് ഹുറൂബിലകപ്പെട്ടവര്‍, സ്‌പോണ്‍സറുടെതല്ലാത്ത സ്ഥാപനത്തില്‍ തൊഴിലെടുത്തവര്‍, ഇഖാമയില്‍ രേഖപ്പെയുത്തിയ തൊഴില്‍ അല്ലാതെ മറ്റു തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടവര്‍ എന്നിങ്ങനെ വിവിധ തൊഴില്‍ നിയമ ലംഘനങ്ങളിലേര്‍പ്പെട്ടവരെയാണ് പിടികൂടിയിരുന്നത്. ഇതില്‍ മൊബൈല്‍ മേഖലകളിലെ തൊഴില്‍ നിയമ ലംഘനത്തില്‍ പിടിക്കപ്പെട്ടു നാട്ടില്‍ അയക്കുന്നവരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയാണ് അയക്കുന്നത്. ബിഹാര്‍, യു പി, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സഊദി എയര്‍ ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിച്ചത്. കൂടുതല്‍ പേര്‍ മറ്റു നടപടി ക്രമങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സഊദി ഓജര്‍ കമ്പനിയില്‍ ജോലിയും ശമ്പളവും ഇല്ലാതെ തൊഴില്‍ പ്രതിസന്ധി നേരിട്ട എട്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള 175 തൊഴിലാളികളും ഇന്നലെ നാട്ടിലേക്ക് മടങ്ങി. ഒരു വര്‍ഷത്തിലേറെയായി ശമ്പളവും മറ്റും മുടങ്ങിയതിനാല്‍ ദുരിതത്തിലകപ്പെട്ടവരാണ് മടങ്ങിയത്. കേരളം കൂടാതെ ബീഹാര്‍, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
സഊദി സര്‍ക്കാരിന്റെ ചെലവില്‍ ഇവര്‍ക്കുളള വിമാന ടിക്കറ്റ് സഊദി എയര്‍ലൈന്‍സാണ് വിതരണം ചെയ്യുന്നത്. നാട്ടിലേക്ക് മടങ്ങുന്നവര്‍ ആനുകൂല്യം നേടുന്നതിന് ഇന്ത്യന്‍ എംബസിക്ക് പവര്‍ ഓഫ് അറ്റോര്‍ണി സമര്‍പ്പിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലായി 7,500 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നിന്ന് 2846 തൊഴിലാളികള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയിലേക്ക് മടങ്ങി.
അതിനിടെ, സഊദി ഓജര്‍ കമ്പനിയില്‍ ദുരിതത്തിലകപ്പെട്ട തൊഴിലാളികളില്‍ മറ്റു കമ്പനികളിലേക്ക് മാറുന്നവര്‍ക്ക് അധികൃതര്‍ സഹായം ഒരുക്കിയിട്ടുണ്ട്. സഊദി ഓജര്‍ കമ്പനിയിയില്‍ നിന്നും യാമ്പുവിലെ ഫഹദ് അലോര്‍ഫി സ്റ്റാബ്ലിഷ്‌മെന്റിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്ന 23 തൊഴിലാളികലുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."