പോത്തന്‍ ജോസഫിന്റെ സര്‍ട്ടിഫിക്കറ്റ് ജിന്നയ്ക്കു മാത്രം
ഇന്ത്യയിലെ പത്രം ഉടമകള്‍ക്കു കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യോഗ്യതയുള്ള ഒരാളേ ഉള്ളൂ. സുറിയാനി ക്രിസ്ത്യാനിയും ചെങ്ങന്നൂരുകാരനുമായ സി.ഐ ജോസഫിന്റെ മകന്‍ പോത്തന്‍ മാത്രം. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പുമായി 26 പത്രങ്ങളുടെ പത്രാധിപരായിരുന്നു എന്നതാണ് പോത്തന്‍ ജോസഫിന്റെ യോഗ്യത. ഏതെല്ലാം പത്രങ്ങളെന്നോ? മുംബൈയിലെ ബോംബെ ക്രോണിക്കിളില്‍ തുടങ്ങി സി. രാജഗോപാലാചാരിയുടെ സ്വരാജ്യയില്‍ അവസാനിപ്പിക്കുന്നതിനിടയില്‍ ഇന്ത്യന്‍ എക്‌സ്പ്രസും ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും നാഷനല്‍ ഹെറാള്‍ഡും ഡെക്കാന്‍ ഹെറാള്‍ഡും ഡോണും വോയ്‌സ് ഓഫ് ഇന്ത്യയും പെടും. ഈ പത്രങ്ങളില്‍ നിന്നെല്ലാം ഇറങ്ങിപ്പോന്ന പോത്തനോടു താങ്കള്‍ കണ്ട ഏറ്റവും മാന്യനായ പത്രംഉടമ ആരാണ് എന്നു ചോദിച്ചാല്‍ സംശയലേശമെന്യേ മറുപടി കിട്ടും-
മുഹമ്മദാലി ജിന്ന.
മലയാളം ഭാരതത്തിനു സംഭാവന ചെയ്ത ഏറ്റവും വലിയ പത്രാധിപര്‍ ആരെന്നു ചോദിച്ചാല്‍ പോത്തന്‍ ജോസഫ് എന്ന മറുപടിയേ കിട്ടൂ. മുകളില്‍ പേരെഴുതിയ പത്രങ്ങളേറെയും പോത്തന്‍ ജോസഫാണ് നട്ടുവളര്‍ത്തിയത്. ചിലതിനെ വേറെ ചിലര്‍ നട്ടതാണ്. വാടി വീഴാനായപ്പോള്‍ പോത്തനെ വിളിച്ചുവരുത്തിയതാണ് രക്ഷിക്കാന്‍. അവയെ എല്ലാം സ്വന്തം കഴിവുകള്‍ കൊണ്ടും ആശയങ്ങള്‍കൊണ്ടും എഴുത്തുകൊണ്ടും വന്‍മരങ്ങളാക്കിയ കക്ഷിയാണ് പോത്തന്‍ ജോസഫ്. പത്രം വലുതാകും വരെ ഉടമസ്ഥന്മാര്‍ ജോസഫിനെ തേനേ മുത്തേ എന്നു വിളിച്ചുകൊണ്ടു നടക്കും. ജോസഫിനു ചില തത്വങ്ങളും ആദര്‍ശങ്ങളും ഉണ്ട്. അതൊന്നും പത്രംഉടമകള്‍ക്കു സഹിക്കുന്നവയായിരുന്നില്ല. പോത്തന്‍ ജോസഫ് അവരുമായി പിരിയാന്‍ പിന്നെ അധികം സമയം വേണ്ടിവരില്ല. അങ്ങനെയാണ് അദ്ദേഹം ഇരുപത്താറില്‍ ഭൂരിപക്ഷം പത്രങ്ങളില്‍ നിന്നും ഇറങ്ങിപ്പോന്നത്.
മുഹമ്മദാലി ജിന്നയിലേക്കു മടങ്ങാം. ആരാണ് ഇദ്ദേഹമെന്നു വിവരിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു. ഇന്ത്യാ വിഭജനശേഷം ഇന്ത്യക്കാര്‍ വഞ്ചകനെന്നും മിര്‍ജാഫര്‍ എന്നും യൂദാസ് എന്നും വിളിച്ച ജിന്ന. ഇന്ത്യയെ വെട്ടിമുറിച്ച ആള്‍. അന്നൊഴുകിയ ചോരപ്പുഴകളുടെയെല്ലാം ഉത്ഭവകേന്ദ്രം, ഇന്നും തീരാത്ത ഒരുപാടു പ്രശ്‌നങ്ങള്‍ക്കു തീ കൊളുത്തിയ സ്വാര്‍ഥന്‍. വര്‍ഗീയവാദി... അങ്ങനെ പോകും ആക്ഷേപങ്ങള്‍. അതെന്തും ആകട്ടെ. ഇതേ ജിന്നയാണു താന്‍ കണ്ടതില്‍ വച്ചേറ്റവും മാന്യതയും അന്തസും ഉയര്‍ന്ന ചിന്തയുമുള്ള പത്രംഉടമ എന്നു പോത്തന്‍ ജോസഫ് പറയും. എന്നാല്‍ ജിന്നയുടെ രാഷ്ട്രീയാദര്‍ശങ്ങളോടോ ലക്ഷ്യങ്ങളോടോ ജോസഫിനു ആഭിമുഖ്യം ഉണ്ടായിരുന്നോ? അതൊട്ടില്ലതാനും.
പത്രപ്രവര്‍ത്തകന്റെ വില അറിയുന്ന പത്രംഉടമ
ആദ്യം ചേര്‍ന്ന ബോംബെ ക്രോണിക്കിളില്‍ ജൂനിയര്‍ സബ് എഡിറ്ററായ കാലം മുതല്‍ അറിയാം ജോസഫിനു ജിന്നയെ. ജിന്ന അന്നും പത്രംഉടമയാണ്. ഒരു പത്രപ്രവര്‍ത്തകന്റെ, പത്രാധിപരുടെ വില അറിയുന്ന പത്രംഉടമ. പത്രപ്രവര്‍ത്തകര്‍ക്കു കൊടുക്കാനുള്ളതൊന്നും കൊടുക്കാതിരിക്കില്ല. പല ദശകങ്ങള്‍ പിന്നിട്ട് മുസ്‌ലിം ലീഗിന്റെ മുഖപത്രമായി ഡോണ്‍ തുടങ്ങുമ്പോള്‍ പോത്തന്‍ അതിന്റെ പത്രാധിപരാകാന്‍ സമ്മതിച്ചു എന്ന വാര്‍ത്ത എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഒരിക്കലും ഖദറിടുന്ന കോണ്‍ഗ്രസുകാരനായിരുന്നില്ലെങ്കിലും ദേശീയനേതാക്കളുടെയെല്ലാം ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹം. ഗാന്ധിജി പോലും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചു കത്തുകളയക്കുമായിരുന്നു. ഗാന്ധിജിയുടെ കത്തായാലും വൈസ്‌റോയിയുടെ കത്തായാലും പോത്തന്‍ ജോസഫിനു ഒരേ വിലയേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മൂന്നു ദിവസം പോക്കറ്റില്‍ കാണും. പിന്നെ ചുരുട്ടിക്കൂട്ടി എറിയും.
ജിന്നയോടുള്ള ബഹുമാനം ഒന്നുകൊണ്ടുമാത്രമാവും ജോസഫ് ഡോണ്‍ പത്രത്തില്‍ ചേര്‍ന്നതെന്നു കരുതുന്നവര്‍ ധാരാളമുണ്ട്. ജോസഫ് അതെളുപ്പം സമ്മതിച്ചുകൊടുക്കാറില്ല. എല്ലായ്‌പ്പോഴും പത്രപ്രവര്‍ത്തനാദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുകയും അതിന്റെ പേരില്‍ പത്രംഉടമകളുമായി പിണങ്ങിപ്പോരുകയും ചെയ്യാറുള്ള ആള്‍ ജിന്നയോടൊപ്പം പോയതിനു പറഞ്ഞ ന്യായം കേട്ടവരെയെല്ലാം അമ്പരപ്പിച്ചു. ഹോ... പത്രാധിപത്വവും ഒരു തരത്തില്‍ വക്കീല്‍പണി തന്നെയല്ലേ? കേസ് ഏറ്റെടുത്താല്‍ വാദിക്കുകയല്ലേ വേണ്ടത്? താനിതില്‍ വിശ്വസിക്കുന്നില്ല എന്ന് അതിനുമുന്‍പും ശേഷവും ഉള്ള ജീവിതംകൊണ്ടു തെളിയിച്ച ആളാണ് പോത്തന്‍ ജോസഫ്. ഒരു പക്ഷേ, ജിന്നയോടുള്ള ആദരവുകൊണ്ടു മാത്രമായിരിക്കാം ജോസഫ് തന്റെ തത്ത്വത്തില്‍ നിന്നു വ്യതിചലിച്ചത്. അതും അധികകാലം നീണ്ടുനിന്നില്ല. ജോസഫ് മാന്യമായി പിരിഞ്ഞുപോന്നു.
ജിന്നയെക്കുറിച്ച് ജോസഫ് എഴുതിയ ഒരു ഖണ്ഡിക മാത്രം മതി എന്തുകൊണ്ട് ആ പത്രംഉടമ-പത്രാധിപര്‍ ബന്ധം ഇത്ര ശക്തവും മാന്യവും ആയിരുന്നു എന്നറിയാന്‍.
'ഞങ്ങള്‍ ജോലിക്കാരാണെന്ന തോന്നല്‍ അദ്ദേഹം ഒരിക്കലും ഉളവാക്കിയില്ല..... ഡോണിലെ പരമോന്നതനാണെന്ന ഭാവത്തോടെ എഡിറ്റോറിയല്‍ നയങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി അദ്ദേഹം ഒരിക്കലും എന്നെ ശല്യപ്പെടുത്തിയിട്ടില്ല.
എനിക്കു പാളംതെറ്റുന്നു എന്നു തോന്നിച്ച സങ്കീര്‍ണമായ അവസ്ഥകളില്‍ പോലും. ഞങ്ങള്‍ തമ്മിലുള്ള സായാഹ്ന സംഭാഷണങ്ങളില്‍, തികച്ചും താല്‍പര്യരാഹിത്യത്തോടും നിസ്സംഗതയോടും കൂടി ആ ദിവസത്തെ സംഭവങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അവയുടെ പ്രത്യാഘാതങ്ങളെന്തൊക്കെയാവുമെന്നും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. സമ്മര്‍ദത്തിന്റെയോ വിമര്‍ശനത്തിന്റെയോ ലാഞ്ചനപോലും അവയില്‍ ഉണ്ടാവുകയില്ല, സ്വീകരണമുറിയുടെ സ്വകാര്യതയില്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി തന്റെ വീക്ഷണങ്ങളുമായി മാറ്റുരച്ചുനോക്കുമായിരുന്നു അദ്ദേഹം. (മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ അതൊരിക്കലും ചര്‍ച്ച ചെയ്യുമായിരുന്നില്ല). കാര്യങ്ങളുടെ കിടപ്പ് നിങ്ങള്‍ക്കു പിടികിട്ടി എന്ന് അദ്ദേഹത്തിനു തോന്നുന്നതോടെ സംഭാഷണം അവിടെ നിര്‍ത്തും.
എഡിറ്റര്‍ പിന്നെ സ്വതന്ത്രനാണ്. തന്റേതായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
പോത്തന്‍ ജോസഫ് ജിന്ന മരിച്ചപ്പോള്‍ എഴുതിയ ലേഖനത്തിന്റെ കുറേക്കൂടി ഭാഗങ്ങള്‍ ടി.ജെ.എസ് ജോര്‍ജ് എഴുതിയ ജീവചരിത്രകൃതി (പത്രപ്രവര്‍ത്തനത്തിലെ പാഠങ്ങള്‍-പോത്തന്‍ ജോസഫിന്റെ കഥ)യില്‍ ഉദ്ധരിച്ചിട്ടുണ്ട്. ആരു പറയുന്നതും സശ്രദ്ധം കേള്‍ക്കുക, അതീവക്ഷമയോടെ പ്രകോപനങ്ങള്‍ക്കുപോലും മറുപടി പറയുക, ജീവനക്കാരുടെ ശമ്പള-തൊഴില്‍ സൗകര്യങ്ങളില്‍ അങ്ങേയറ്റം ഉദാരമനസ്‌കത പുലര്‍ത്തുക തുടങ്ങിയ ഒരുപാട് ഗുണവിശേഷങ്ങള്‍ ജിന്ന പുലര്‍ത്തിയിരുന്നതായി ജോസഫിന്റെ ഈ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ടി.ജെ.എസ് എഴുതിയ സമഗ്ര ജീവചരിത്രമാണ് പോത്തന്‍ ജോസഫിനെക്കുറിച്ച് മനസിലാക്കാന്‍ ഇന്നവശേഷിക്കുന്ന ഒരു പ്രധാന സ്രോതസ്. പോത്തന്‍ ജോസഫിന്റെ മകന്‍ ജെയ്‌ബോയി ജോസഫ് സമാഹരിച്ച പോത്തന്‍ ജോസഫ് ഇഡില്‍സ് പാസ്റ്റ് ആന്‍ഡ് പ്രസന്റ് എന്ന കൃതിയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ രചനകളുടെ അപൂര്‍വ ശേഷിപ്പുകളുള്ളത്.
ദിനവും എഴുതി 40 വര്‍ഷം
നാല്‍പതു വര്‍ഷം ദിവസവും പത്രത്തില്‍ കോളം എഴുതിയ ലോകത്തിലെതന്നെ ഏക പത്രാധിപരാണ് പോത്തന്‍ ജോസഫ് എന്നറിയുമ്പോഴാണ് ആ പത്രപ്രവര്‍ത്തക പ്രതിഭയുടെ ഗാംഭീര്യം വ്യക്തമാവുക. ഓവര്‍ എ കപ്പ് ഓഫ് ടീ എന്ന കോളം. വൈസ്‌റോയി മുതല്‍, മഹാത്മാഗാന്ധി മുതല്‍ ഇംഗ്ലീഷ് അറിയുന്ന സകലരും അവരുടെ ദിനചര്യ തുടങ്ങിയിരുന്നത് ആ പംക്തി വായിച്ചുകൊണ്ടാണ്. ഒരു പത്രത്തില്‍ പോത്തന്‍ നാലഞ്ചു വര്‍ഷത്തിനപ്പുറം നില്‍ക്കാറില്ല. പോത്തന്‍ മാറുമ്പോള്‍ പംക്തിയും കാലുമാറും. പക്ഷേ, ഒരിക്കല്‍ പോലും പോത്തന്‍ ജോസഫ് എന്ന പേര് പംക്തിയില്‍ ചേര്‍ത്തിരുന്നില്ല. എല്ലാവര്‍ക്കും അറിയാം അത് എഴുതുന്നത് ആരെന്ന്. ഗാന്ധിജി ഒരിക്കല്‍ അദ്ദേഹത്തിനു കത്തെഴുതി.
'ഞാന്‍ ദരിദ്രനാണ്. വരിസംഖ്യ അയയ്ക്കാന്‍ കഴിവില്ല. പത്രം സൗജന്യമായി അയച്ചുതരണം' !
മുസ്‌ലിം ലീഗിന്റെ പത്രം വിട്ടുവന്ന പോത്തന്‍ ജോസഫിനെ പത്രാധിപരാകാന്‍ ക്ഷണിച്ചവരില്‍ ഭാരതീയ ജനസംഘം കൂടി ഉണ്ടായിരുന്നു. ഇന്നത്തെ ബി.ജെ.പി.യുടെ ആദ്യരൂപം. പത്രാധിപര്‍ വക്കീലാണെന്ന നിര്‍വചനം ഉണ്ടാക്കിയ ആളാണെങ്കിലും അദ്ദേഹത്തിനു അത്രത്തോളം പോകാന്‍ പറ്റുമായിരുന്നില്ല. ഹിന്ദുത്വം വളര്‍ന്നുവരുന്ന വലിയൊരു ഭീഷണിയാണെന്നു അന്നേ എഴുതിയ ആളാണു പോത്തന്‍ ജോസഫ്.
ജീവിതാന്ത്യംവരെ പത്രാധിപര്‍ മാത്രമായിരുന്ന പോത്തന്‍ ജോസഫിനു ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന പത്രത്തിന്റെ ഉടമയാകാനുള്ള അവസരം വീണുകിട്ടിയിരുന്നു. ആ അവസരം നഷ്ടപ്പെട്ടുപോയി. ആ കഥ ടി.ജെ.എസ് ജോര്‍ജ് വിവരിക്കുന്നുണ്ട്. എസ്. സദാനന്ദ് എന്നൊരാളായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയിരുന്നത്. കിട്ടുന്നേടത്തു നിന്നെല്ലാം കടം വാങ്ങിയാണ് അതു നടന്നുപോന്നത്. അന്നു പോത്തന്‍ ജോസഫിന്റെ ഭാര്യാസഹോദരന്‍ ഒരു ബാങ്കിങ് സ്ഥാപനത്തിന്റെ തലവനായിരുന്നു. വലിയ വായ്പ കിട്ടാന്‍വേണ്ടി പോത്തന്‍ ജോസഫ് തലവനും പത്രാധിപരും കുടുംബാംഗങ്ങള്‍ മറ്റു ചുമതലക്കാരുമായി ഒരു കമ്പനി ഉണ്ടാക്കാനുള്ള പദ്ധതിക്കു രൂപമുണ്ടാക്കി. അവസാനത്തെ തീരുമാനത്തിനു മാത്രമായി മൂത്ത സഹോദരന്‍ ജോര്‍ജ് ജോസഫിനെ സമീപിച്ചു. പത്രരംഗത്തു നല്ല പരിചയമുള്ള ജോര്‍ജ് ജോസഫ് കുറേ ആലോചിച്ച് സമ്മതം നിഷേധിച്ചു. ആ ഒഴിവിലാണ്, അന്നു ഒരു ബ്രോക്കര്‍ മാത്രമായിരുന്ന രാംനാഥ് ഗോയങ്ക സമര്‍ഥമായി കടന്നുവന്ന് ഉടമസ്ഥത ഏറ്റെടുത്തത്. പത്രനടത്തിപ്പുമായി മുന്നോട്ടുപോയപ്പോള്‍ നല്ല ഒരു എഡിറ്റര്‍ ആവശ്യമാണെന്നു ഗോയങ്കയ്ക്ക് ബോധ്യമായി. വേറെ ആരോടു ചോദിക്കാന്‍? അവര്‍ പോത്തന്‍ ജോസഫിനെ സമീപിച്ചു. ഉടമയാകേണ്ടിയിരുന്ന പോത്തന്‍ അങ്ങനെ പത്രാധിപരായി. പത്രത്തെ ഉയര്‍ത്തി വലിയ സ്ഥാപനമാക്കിയ ശേഷമാണ് ഉടമയുടെ ഇടപെടലില്‍ മനംനൊന്ത് ജോസഫ് അവിടെ നിന്നിറങ്ങിപ്പോയത്. പത്രംഉടമ എന്ന നിലയില്‍ ഗോയങ്കയോളം വിജയിക്കാന്‍ കഴിയുമായിരുന്നോ പോത്തന് എന്ന വലിയ ചോദ്യം അവിടെ നില്‍ക്കട്ടെ.
ഡോണ്‍ പത്രാധിപത്യം ഏറ്റെടുത്തതുപോലുള്ള അദ്ദേഹത്തിന്റെ ചില നടപടികള്‍ അദ്ദേഹത്തെ അറിയുന്നവരെ കുഴക്കാറുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായത് അത്തരത്തിലുള്ള വേറൊരു നടപടിയായിയിരുന്നു. ബ്യൂറോക്രസിയുടെ അല്‍പത്തങ്ങള്‍ മടുപ്പിക്കുന്നതായിരുന്നു. പത്രാധിപത്യം വലിച്ചെറിയാറുള്ളതുപോലെ ഈ പണിയും അദ്ദേഹം വലിച്ചെറിഞ്ഞു. ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു- ഇറങ്ങിപ്പോരും മുന്‍പ്, വൈസ്‌റോയിയുടെ രാഷ്ട്രീയ ഉപദേശകസ്ഥാനം വഹിച്ചിരുന്ന സായിപ്പിന്റെ ചെകിട്ടത്ത് ഒന്നുകൊടുത്തു! ഡോണ്‍ പത്രത്തില്‍നിന്നു വിരമിച്ച് 24 വര്‍ഷം കഴിഞ്ഞ് 1972ലാണ് പോത്തന്‍ അന്തരിച്ചത്. പത്രജീവിതത്തിന്റെ വ്യര്‍ഥതയെക്കുറിച്ച് ഓര്‍മിപ്പിക്കാനെന്നോണം പോത്തന്‍ ജോസഫിന്റെ മരണം ഡോണ്‍ പത്രം വിചിത്രമായ രീതിയിലാണ് പ്രസിദ്ധപ്പെടുത്തിയതെന്ന് ടി.ജെ.എസ് ജോര്‍ജ് എടുത്തുപറയുന്നുണ്ട്. ഡോണ്‍ പത്രത്തെ പത്രമാക്കിയ പത്രാധിപരെ പുതിയ തലമുറ മറന്നുകഴിഞ്ഞിരുന്നു. ഡോണിലെ റിപ്പോര്‍ട്ട് അനുസരിച്ച്, മരിച്ച മുന്‍ പത്രാധിപരുടെ പേര് പത്താന്‍ ജോസഫ് ആയിരുന്നു!
വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു പഠാന്‍! പോത്തന്‍ ജോസഫിനു പോലും അത്രയേ വിലയുള്ളൂ. പിന്നെയല്ലേ നമ്മുടെയൊക്കെ കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."