ചാരിതാര്‍ഥ്യമുള്ള ചരിത്രനോവല്‍
ഒരു നൂറ്റാണ്ടിന്റെ സഹനവും ഒരു ജന്മത്തിന്റെ പരിത്യാഗവും പിറന്ന മണ്ണിനുവേണ്ടി സമര്‍പ്പിച്ച ഒരു ദേശത്തിന്റെ കഥ. കാറ്റും കടലും ദിക്കും അതിരും കടന്ന് ഭാരതമെന്ന ദേശീയതയിലെത്തി നില്‍ക്കുന്നു കോഴിക്കോടിന്റെ വടക്കേയറ്റത്തെ പയ്യോളിക്കടുത്ത ഗ്രാമമായ 'തക്ഷന്‍കുന്ന്'. അതിന്റെ ചരിത്ര പ്രാധാന്യംകൊണ്ട് ചാരിതാര്‍ഥ്യം കൊള്ളുകയാണ് വയലാര്‍ അവാര്‍ഡ് തക്ഷന്‍കുന്ന് സ്വരൂപത്തെ തേടിയെത്തുമ്പോള്‍ യു.കെ കുമാരന്‍ എന്ന എഴുത്തുകാരന്‍.
പ്രമേയത്തിലൂടെയും അവതരണത്തിലൂടെയും വായനക്കാരന്റെ ലോകം തിരിച്ചുപിടിച്ച തക്ഷന്‍കുന്ന് സ്വരൂപം പൗരബോധം അതിരൂഢമായി മനസില്‍ സൂക്ഷിക്കുന്ന മലയാളിയുടെ ദേശീയത, ലളിതവും വൈകാരികവുമായ ഭാഷയിലൂടെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വടക്കേ മലബാറിലെ തക്ഷന്‍കുന്ന് ദേശം നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്വാതന്ത്ര്യസമര ചരിത്രത്തിനു മൗനസാക്ഷിയാവുകയായിരുന്നില്ല, മറിച്ച് കാലവും ഭാഷയും ദേശവും സംസ്‌കാരവും ഒരുമിപ്പിച്ച് സ്വാതന്ത്ര്യസമരത്തിന്റെ സജീവ പങ്കാളിയാകുകയായിരുന്നു. രാമര്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ആകുലതകളിലൂടെയും മാനസികസംഘര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന ഈ നോവലിനെ വായനക്കാരന്‍ ഹൃദയത്തിലേറ്റുന്നു.
എഴുത്തിന്റെ സവര്‍ണ ഹീറോയിസത്തില്‍ നിന്നും വ്യതിചലിച്ച് സാധാരണക്കാരും ദരിദ്രരും നിരക്ഷരരുമായ നൂറോളം കഥാപാത്രങ്ങള്‍ തക്ഷന്‍കുന്ന് സ്വരൂപത്തില്‍ അണിനിരക്കുന്നുണ്ട്. കേന്ദ്ര കാഥാപാത്രമായ രാമര്‍ ഒരു അവര്‍ണനും കൂടിയാണ്. വടക്കന്‍ ദേശത്തിന്റെ ഗ്രാമീണസൗന്ദര്യം മുഴുവന്‍ ആവാഹിച്ച ഭാഷാശൈലി വിശദീകരിക്കാന്‍ നോവലിസ്റ്റ് അടിക്കുറിപ്പും കൊടുത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
നാല്‍പ്പതോളം അധ്യായങ്ങളിലൂടെ, ബ്രിട്ടീഷ് ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ജീവിതം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരള ഗാന്ധി കെ. കേളപ്പന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍, അദ്ദേഹത്തിന്റെ അറസ്റ്റ്, തീവ്രമായ രാഷ്ട്രീയസ്‌നേഹം എന്നിവ അതിവിദഗ്ധമായി അവതരിപ്പിക്കുന്നു. ഹൃദയസ്പര്‍ശിയായ ജീവിതങ്ങള്‍, നിസ്സഹായതയുടെ ദീനമുഖങ്ങള്‍, ആഢ്യത്വത്തിന്റെ സിംഹഭാവങ്ങള്‍ തുടങ്ങി കേരളം അനുഭവിച്ച അസ്വാതന്ത്ര്യത്തിന്റെയും ജാതീയതയുടെയും നേര്‍ക്കാഴ്ചയാണ് നോവല്‍.
യു.കെ കുമാരന്റെ മറ്റു സ്ത്രീകഥാപാത്രങ്ങളെപ്പോലെ തക്ഷന്‍കുന്ന് സ്വരൂപത്തിലെ സ്ത്രീകളും സ്വന്തം നിലപാട് വ്യക്തമാക്കിയവരാണ്. ലൈംഗികത, കുടുംബം, നയപരമായ തീരുമാനങ്ങള്‍ തുടങ്ങിയവ സ്ത്രീകഥാപാത്രങ്ങളില്‍ ഭദ്രമായിരിക്കുന്നു.
ജന്മിത്വത്തിന്റെ നികൃഷ്ടമായ 'അടയാളം വയ്ക്കല്‍' അധസ്ഥിത സ്ത്രീകളുടെ മാനം നഷ്ടമാക്കുമ്പോള്‍ ആത്മഹത്യയിലൂടെ മൗനപ്രതികാരം നടത്തുന്ന പെണ്‍കൊടികള്‍ ദേശത്തിന്റെ ശാപമായി മാറുന്നതു വേദനയോടെയാണു കാണാന്‍ കഴിയുക. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയും ഭഗത് സിങ്ങും എ.കെ.ജിയും തക്ഷന്‍കുന്ന് ദേശത്തെ സ്വാധീനിക്കുമ്പോള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിച്ച് തീര്‍ത്തും നിരുപദ്രവമായ സഹിഷ്ണുതാ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കേളപ്പജിയും ആത്മാവും ജീവിതവും സഹനവും തക്ഷന്‍കുന്നില്‍ ബന്ധിക്കപ്പെട്ടിരുന്നു.
ആഗോളീകരണ യുദ്ധങ്ങളുടെ നിശബ്ദ ഇരകളാകേണ്ടി വരുന്ന വികസ്വര ഇന്ത്യയുടെ പട്ടിണി, ദാരിദ്ര്യം തുടങ്ങിയവ നോവല്‍ ചര്‍ച്ച ചെയ്യുന്നു. ഗാന്ധിജിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന തക്ഷന്‍കുന്നുകാര്‍ സ്വതവേ മിതവാദികളാണെന്ന് നാം വിലയിരുത്തേണ്ടിയിരിക്കുന്നു. നോവലിലുടനീളം അസാധാരണമാം വിധം സാന്നിധ്യമുണ്ടായിരുന്ന കുഞ്ഞിക്കേളു കഥാപാത്രത്തിന്റെ പെട്ടന്നുള്ള മരണം ഗ്രാമവാസികള്‍ ഓര്‍ക്കുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെടുത്തിയാണ്.
സ്വാതന്ത്ര്യത്തിനുവേണ്ടി ഏറെ ദാഹിച്ച കുഞ്ഞിക്കേളു ഒരര്‍ഥത്തില്‍ ഗാന്ധിജി തന്നെയാണ്. 1948ല്‍ ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചിട്ടില്ലായിരുന്നുവെങ്കില്‍, സ്വതന്ത്രഭാരതത്തില്‍ എന്തായിരിക്കും അദ്ദേഹത്തിന്റ പ്രസക്തി എന്ന ചോദ്യമാണ് കുഞ്ഞിക്കേളുവിന്റെ മരണവുമായി കൂട്ടിവായിക്കേണ്ടത്. ഒരിക്കല്‍ കാരണവന്മാരുടെ കൊള്ളരുതായ്മകള്‍ക്കെതിരേ ശബ്ദിച്ച രാമര്‍ ഇന്നു യുവാക്കളുടെ ചെയ്തികള്‍ക്കു മുന്‍പില്‍ നിശബ്ദനായിപ്പോകുന്നു.
തുല്യ പ്രാധാന്യമുള്ള നൂറോളം കഥാപാത്രങ്ങളെ അണിനിരത്തുമ്പോള്‍ വായനക്കാരന്റെ മനസില്‍ നിന്നു ഒരുപേരും മറന്നുപോകുന്നില്ല എന്ന സത്യം വെളിപ്പെടുത്തിക്കൊണ്ട് നോവലിസ്റ്റിന്റെ തൂലികയില്‍ നിന്നടര്‍ന്നുവീണ ജീവനുകള്‍ തക്ഷന്‍കുന്ന് സ്വരൂപത്തെ ഒരു രാഷ്ട്രമാക്കി മാറ്റുന്നു.
കണ്ണച്ചന്‍, മൈനര്‍ ബാലന്‍, കുഞ്ഞിക്കേളു, രാമര്‍, പട്ടാളക്കാരന്‍, വാഴുന്നോര്‍, മാതാമ്മ, കല്യാണി, ക്ലാര, മെറ്റില്‍ഡ, ചേക്കു. തക്ഷന്‍കുന്ന് നെഞ്ചേറ്റിയ തേജസ്സുറ്റ കഥാപാത്രങ്ങള്‍ ഉറക്കെ പറയുന്നു. ഇതാ ചാരിതാര്‍ഥ്യമുള്ള ഒരു ചരിത്രനോവല്‍കൂടി മലയാള മണ്ണിലവതരിച്ചിരിക്കുന്നു.
ഗ്രാമീണ വിശുദ്ധിയുടെ നന്മ
1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് യു.കെ കുമാരന്‍ ജനിച്ചത്. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ആരംഭിച്ചതാണ് യു. കെയുടെ എഴുത്തു ജീവിതം.
പച്ചയായ കഥാപാത്രങ്ങളെത്തേടിയുള്ള യാത്ര അവിടെ തുടങ്ങുന്നു. ജീവിതയാത്രക്കിടയില്‍ നിന്നും കണ്ടെടു ത്ത ഓരോ കഥാപാത്രങ്ങളെയും ചെത്തിമിനുക്കുമ്പോള്‍ പുതിയ കഥാപാത്രങ്ങളുണ്ടാകുന്നു. അവ ഓരോ വായനക്കാരോടും സംവദിച്ചു.
അത്തരത്തിലുള്ള അനേകം ജീവിതഗന്ധിയായ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ഗ്രാമീണനന്മകളും അണിനിരക്കുന്നതാണ് തക്ഷന്‍കുന്നും.
ജനിച്ചു വളര്‍ന്നപ്പോള്‍ മുതല്‍ കണ്ടും കേട്ടും പരിചയിച്ച തക്ഷന്‍കുന്ന് എന്ന ഗ്രാമത്തിന്റെ നേര്‍ച്ചിത്രമാണ് ഈ നോവല്‍.
മണ്‍പാത്രനിര്‍മാണക്കാരുടെയും നെയ്ത്തുകാരുടെയും കൃഷിക്കാരുടെയും ജീവിതം വരച്ചുകാട്ടുന്നതിനോടൊപ്പം തമ്പുരാട്ടിക്കുട്ടിയും, രാമറും മാതാമ്മയും ചായക്കടയും പട്ടാളക്കാരനായ മകനും, മൈനറും കണ്ണശ്ശനും ഒക്കെ നോവലില്‍ സജീവമാകുന്നു.
നേരത്തെ ഇതേ കൃതിക്ക് ചെറുകാട് അവാര്‍ഡും ബഷീര്‍ സ്മാരക പുരസ്‌കാരവും ലഭിച്ചിരുന്നു.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ പൊറ്റെക്കാട്ട് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് തുടങ്ങിയവയെല്ലാം യു.കെയെത്തേടിയെത്തിയിട്ടുണ്ട്.
കേരളകൗമുദി പത്രാധിപസമിതി അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വലയം, ഒരിടത്തുമെത്താത്തവര്‍, ആസക്തി, പുതിയ ഇരിപ്പിടങ്ങള്‍, പാവം കള്ളന്‍, മടുത്തകളി, മധുരശൈത്യം, ഒറ്റക്കൊരു സ്ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്, റെയില്‍പാളത്തിലിരുന്ന് ഒരു കുടുംബം ധ്യാനിക്കുന്നു, പൊലീസുകാരന്റെ പെണ്‍മക്കള്‍ എന്നിവ പ്രധാന കൃതികളാണ്.
ഗീതയാണ് ഭാര്യ. മൃദുല്‍ രാജ്, മേഘ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."