കേരളത്തിലെ രണ്ടു 'നവരാഷ്ട്രീയ'ത്തമാശകള്‍
അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കെതിരായ സമരങ്ങളുടെ പരിണിതിയെന്ന നിലയിലാണ് ഇന്ത്യയില്‍ നവരാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ചയാരംഭിച്ചത്. ഹസാരെയുടെ സമരങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചു രൂപംകൊണ്ട ആം ആദ്മി പാര്‍ട്ടി നവരാഷ്ട്രീയചര്‍ച്ചകളില്‍ മാതൃകയായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. പാരമ്പര്യരാഷ്ട്രീയപ്പാര്‍ട്ടികള്‍ അധികാരം ലക്ഷ്യമാക്കി നീങ്ങുന്ന സംവിധാനമാണെന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരുവിഭാഗം ജനങ്ങള്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ മിക്കവാറും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇളക്കംനേരിട്ടു.
ഡല്‍ഹിയിലെ ആം ആദ്മിപ്രഭാവം മറ്റുപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മുദ്രാവാക്യസംഘങ്ങളിലൂടെ ചലനമുണ്ടാക്കാന്‍ ശ്രമിച്ചെങ്കെിലും വേണ്ടത്ര ഫലപ്രദമായില്ല. നവമാധ്യമസഹായത്തോടെ പുതിയ ആശയങ്ങളും ചിന്തകളും മുന്നോട്ടുവച്ചുനീങ്ങുന്ന പ്രവര്‍ത്തനരീതി ഭാരതീയ ജനതാപാര്‍ട്ടി കോപ്പിയടിക്കുകയും വേണ്ടത്ര നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. കെട്ടടങ്ങിപ്പോയ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ആശയങ്ങളന്വേഷിക്കുന്ന രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ക്ക് വിജയത്തിനായി ബി.ജെ.പി ഉപയോഗപ്പെടുത്തിയ പുത്തന്‍തന്ത്രങ്ങള്‍ മനസ്സിലാക്കാനായില്ല. മാറ്റമാഗ്രഹിക്കുന്ന ജനതയ്ക്കനുസരിച്ചു പ്രവര്‍ത്തനം പാകപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ അനുഭവം പഠിപ്പിക്കുന്നു.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയെ കണ്ണടച്ചു നവരാഷ്ട്രീയ പ്രസ്ഥാനമെന്നു വിളിക്കാം. കാരണം, അതിനു രാഷ്ട്രീയവും രാഷ്ട്രീയനൂതനത്വവുമുണ്ട്. എന്നാല്‍, കേരളക്കരയിലെ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ നവരാഷ്ട്രീയവാദം ഉന്നയിക്കുന്നതു കേള്‍ക്കുമ്പോള്‍ ചിരിയോ കരച്ചിലോ വരാതിരിക്കില്ല. ചിരി വരുന്നത് ആ വാദം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയബാലിശതയോര്‍ത്തിട്ടാണെങ്കില്‍ കരച്ചില്‍ വരുന്നത് അവര്‍ മുസ്്‌ലിം സമുദായത്തിനു വരുത്തിവച്ച ചീത്തപ്പേരുകളോര്‍ത്തിട്ടായിരിക്കും.
അതിലൊന്ന് ആദ്യം നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ടായിരുന്നു. പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയായി. ഇപ്പോള്‍ എസ്.ഡി.പി.ഐ. ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് രണ്ടാമത്തേത്. ചക്കകൊണ്ടു തന്നെ പായസവും എന്ന നാടന്‍ ശൈലി അനുകരിച്ചാല്‍ കൊടികള്‍ മാറിമാറിപ്പിടിക്കുന്ന രണ്ട് ആള്‍ക്കൂട്ടം മാത്രമാണവ. ഈ രണ്ടു പാര്‍ട്ടികള്‍ക്കും മതനിരപേക്ഷ ഇന്ത്യയില്‍, പ്രബുദ്ധകേരളത്തില്‍, മുസ്്്‌ലിംകള്‍ക്കിടയില്‍ എന്തു ഭാഗധേയമാണു നിര്‍വഹിക്കാനുള്ളതെന്ന ചോദ്യം ഉത്തരംകിട്ടാതെ തൂങ്ങിക്കിടക്കുമ്പോഴാണ് ഞങ്ങള്‍ നവരാഷ്ട്രീയവാദത്തിന്റെ വക്താക്കളാണെന്ന വീരവാദവുമായി ഇവ ജനങ്ങള്‍ക്കു മുന്നിലേക്കെത്തുന്നത്.
അബുല്‍ അഅ്‌ലാ മൗദൂദിയെയും ഹസനുല്‍ ബന്നയെയും സയ്യിദ് ഖുതുബിനെയും പങ്കിട്ടെടുക്കുന്നവയും അഡീഷണലായി അല്‍ജീരിയയിലെയും മൊറോക്കോയിലെയും ആഫ്രിക്കന്‍ മുസ്്‌ലിം രാജ്യങ്ങളിലെയും കാടുകയറിയ വിപ്ലവചിന്തകളുള്ള തീവ്രവാദികളെ വാരിപ്പുണരുന്നവയുമാണ് ഈ രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മാതൃസംഘടനകളെന്നോര്‍ക്കണം. ഇവര്‍ സോഷ്യലിസം, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വര അധികാര ഘടന എന്നൊക്കെ പറയുമ്പോള്‍ ഇവരുടെ ഭൂതകാലം അറിയുന്നവര്‍ ചിറികോട്ടി ചിരിച്ചെന്നു വരാം
കേരളത്തിലെ മുസ്്‌ലിംകള്‍ക്കും പൊതുസമൂഹത്തിനും ആവിര്‍ഭാവകാലം മുതല്‍ ദുരൂഹതമാത്രം സമ്മാനിച്ച പ്രസ്ഥാനമാണ് എന്‍.ഡി.എഫ്. എന്താണിവരുടെ അജന്‍ഡ, ഏതാണിവരുടെ തത്വശാസ്ത്രം, എവിടെനിന്നാണ് ഇവര്‍ പ്രവര്‍ത്തനമൂലധനം സമാഹരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് അന്നും ഇന്നും ഉത്തരമില്ല. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ദുരൂഹമായ മതമൗലികപ്രസ്ഥാനത്തിന്റെ ജനാധിപത്യവേഷം കെട്ടല്‍. കേരള മുസ്്‌ലിംകള്‍ക്കു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരുപകാരവും നാളിതുവരെയും ചെയ്തിട്ടില്ലാത്ത എന്‍.ഡി.എഫുകാരന്റെ രാഷ്ട്രീയപ്പാര്‍ട്ടി ആര്‍ക്കുവേണ്ടിയുള്ളതായിരിക്കുമെന്നു മനസ്സിലാക്കാന്‍ അതാരുണ്ടാക്കിയതാണ് എന്നുമാത്രം ചിന്തിച്ചാല്‍ മതി. ജനാധിപത്യത്തിന്റെ അവസരങ്ങളെയും സാധ്യതകളെയും മുതലെടുത്തു വിലപേശല്‍ ശക്തിയായി വേഷം കെട്ടിയാടി ബഹുസ്വരസമൂഹത്തെയും മുസ്്‌ലിംകളെയും ഒരുപോലെ കബളിപ്പിക്കാനുള്ള ഒരുപാധി മാത്രമാണ് എസ്.ഡി.പി.ഐ.
ഇതിന്റെ മറ്റൊരു വശമാണ് വെല്‍ഫെയര്‍ പാര്‍ട്ടി.
പതിറ്റാണ്ടുകളോളം വോട്ടുചെയ്യല്‍ ഹറാമാക്കി നിര്‍ത്തിയിരുന്ന ജമാഅത്തെ ഇസ്്്‌ലാമി രൂപീകരിച്ച രാഷ്ട്രീയപ്പാര്‍ട്ടി ഹുകൂമത്തെ ഇലാഹി കാലഹരണപ്പെട്ടെന്നും ഇനി ഇഖാമത്തുദ്ദീനാണു വേണ്ടതെന്നും അറിയിച്ചുകൊണ്ട് ഇന്ത്യയിലെ ജമാഅത്തെ ഇസ്്‌ലാമിക്കാര്‍ക്ക് പുതിയ വെളിച്ചപ്പാടു കിട്ടിയതിന്റെ തുടര്‍ച്ചയായാണു വോട്ടുചെയ്യലും തെരഞ്ഞെടുപ്പില്‍ മത്സരിക്കലുമൊക്കെ ഹലാലായി മാറിയത്. വോട്ടുചെയ്യല്‍ ഹറാമായി കരുതിയിരുന്നവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സിലാക്കേണ്ടത് അതു ആശയപരമായ തിരിച്ചറിവില്‍നിന്നോ പുതിയദിശാബോധത്തില്‍നിന്നോ ഉണ്ടാകുന്ന മാറ്റമല്ലെന്നുതന്നെയാണ്. ഇന്ത്യയില്‍ സമൂഹത്തിനുമുന്നില്‍ നല്ലപിള്ള ചമയാനും മതരാഷ്ട്രവാദമെന്ന ഭീമന്‍ അബദ്ധത്തിന്റെ ചമ്മല്‍ മറച്ചുവച്ചു മതനിരപേക്ഷ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പങ്കുചേരാനുമുള്ള നിറംമാറ്റം ആര്‍ക്കും മനസ്സിലാവും.
ആര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഇന്ത്യയില്‍ നിലനില്‍ക്കെത്തന്നെ ജനാധിപത്യത്തിന്റെ പേരിലുള്ള വേഷംകെട്ടലുകളെ തിരിച്ചറിയുക എന്നതും ജനാധിപത്യപരമായ ബാധ്യതയാണ്.
അത്തരം പാര്‍ട്ടിയെ വിശ്വസിക്കാനോ അംഗീകരിക്കാനോ ആരും തയ്യാറാവില്ല. ചുമരെഴുത്തുകളിലെ കടുകട്ടിഭാഷയും സാമൂഹ്യപ്രതിബദ്ധത തോന്നിപ്പിക്കുന്ന പദാവലികളുംകൊണ്ടു ജനാധിപത്യവിശ്വാസികളെ സ്വാധീനിക്കാമെന്ന മിഥ്യാധാരണ വച്ചുപുലര്‍ത്തുന്നവയാണു മതമൗലികവാദികളുടെ നവരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ രണ്ടും. ഭൂരഹിതര്‍ക്ക് ഉടന്‍ ഭൂമി നല്‍കുകയെന്നൊക്കെയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പോസ്റ്ററുകള്‍ കണ്ടാല്‍ ഭൂമി ആരുടെ തറവാട്ടില്‍നിന്ന് വീതിച്ചുകൊടുക്കുമെന്ന് ആരെങ്കിലുമൊക്കെ ചോദിക്കാതിരിക്കില്ല. യാഥാര്‍ഥ്യബോധമില്ലാത്തവരുടെ രാഷ്ട്രീയം രാഷ്ട്രീയമാണോയെന്നു വിവേകമുള്ളവര്‍ ചോദിച്ചുപോകും.
കാലഹരണപ്പെട്ട നക്‌സലിസത്തിന്റെയും പുത്തന്‍സാമൂഹികയാഥാര്‍ഥ്യങ്ങളുടെയും ഇടയില്‍ കിടക്കുന്ന ഭാവനാത്മകപ്രമേയങ്ങള്‍ നവരാഷ്ട്രീയമാണെന്നു പറയാന്‍ മന്ദബുദ്ധിപോലും മടിച്ചുനില്‍ക്കുന്ന കാലത്താണ് കുറച്ചു കളര്‍പോസ്റ്ററുകളും ചുവരെഴുത്തുകളുംകൊണ്ട് ഈ വിഭാഗം രാഷ്ട്രീയം കളിക്കാനിറങ്ങുന്നത്. ചരിത്രബോധവും സാമൂഹികപ്രതിബദ്ധതയും ജനോന്മുഖതയും ശരാശരി രാഷ്ട്രീയത്തിന്റെ അനിവാര്യഘടകങ്ങളാണ്. ഇവയൊന്നും ഈ നവരാഷ്ട്രീയക്കാര്‍ക്കില്ല. എവിടെ നിന്നൊക്കെയോ തട്ടിക്കൂട്ടിയെടുക്കുന്ന പണംകൊണ്ട് എന്തൊക്കെയോ കാണിച്ചുകൂട്ടി കുറച്ചാളുകള്‍ പണിയും തൊഴിലും കൊടുക്കുകയും അതിലുപരി സമൂഹത്തില്‍ പ്രതിലോമധാരണകള്‍ വ്യാപിപ്പിച്ചു പലതരം അസ്വസ്ഥതകള്‍ക്കു വിത്തിടുകയും ചെയ്യുന്നുവെന്നതില്‍ക്കവിഞ്ഞു പൊതുമണ്ഡലത്തില്‍ ഒരുചലനവും സൃഷ്ടിക്കുവാന്‍ പോകുന്നില്ല.
മുസ്്‌ലിംകളുടെയും ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംരക്ഷകവേഷമണിയുന്ന ഈ രണ്ടു പ്രസ്ഥാനങ്ങളും സത്യത്തില്‍ ഈ വിഭാഗങ്ങള്‍ക്കു ദോഷമാണു വരുത്തുന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പക്ഷത്തുനിന്നുകൊണ്ടു സാധ്യമാകേണ്ടുന്ന അവകാശസംരക്ഷണത്തിന്റെയും അധികാരപങ്കാളിത്തത്തിന്റെയും സാധ്യതകളില്‍നിന്നു ദളിതുകളെയും ന്യൂനപക്ഷ,പിന്നാക്കവിഭാഗങ്ങളെയും അകലേയ്ക്കുകൊണ്ടുപോയി ശാശ്വതമായ അരക്ഷിതാവസ്ഥയില്‍ തളച്ചിടാനേ അവരുടെ രാഷ്ട്രീയം സഹായകമാകൂ. മതനിരപേക്ഷതയും ബഹുസ്വരസാമൂഹികതയും നേരിടുന്ന വെല്ലുവിളികളെ എതിര്‍ത്തുതോല്‍പിക്കാനുള്ള ആത്മവിശ്വാസത്തില്‍നിന്നു ജനതയെ പുറകോട്ടുകൊണ്ടുപോവുകയാണ് ആളില്ലാപ്പാര്‍ട്ടികളുടെ ചുമരെഴുത്തു വിപ്ലവം.
കേരളത്തില്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ രാഷ്ട്രീയം ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ മതനിരപേക്ഷ മുഖ്യധാരാരാഷ്ട്രീയത്തെ പിന്തുണയ്‌ക്കേണ്ട ബാധ്യതയാണു മുസ്്്‌ലിംകള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ളത്. ഈയവസരത്തില്‍ ഇത്തരം പാര്‍ട്ടികള്‍ക്കു കിട്ടുന്ന വോട്ടുകളാവും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വിജയസംഖ്യയായി മാറുന്നത്. വിശാലമായ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അന്തര്‍ധാര മനസ്സിലാക്കാത്ത ആരുടേയൊക്കെയോ തണലില്‍ രംഗത്തിറങ്ങുന്ന പ്രസ്ഥാനങ്ങള്‍ ജനാധിപത്യമെന്ന വലിയ യാഥാര്‍ഥ്യത്തെ അപഹസിക്കുകയാണു ചെയ്യുന്നത്. ജനാധിപത്യത്തെ വെറുതെ വിടൂ എന്ന് അവരോട് അഭ്യര്‍ഥിക്കേണ്ടിവരുന്നു.
ഇവര്‍ അമുസ്്്‌ലിം നാമധാരികളായ പലരെയും കൊണ്ടുനടക്കുന്നതു കാണാം. ഈയിടെ ഒരു എന്‍.ഡി.എഫുകാരന്‍ പറഞ്ഞത് അവരൊക്കെ മാസശമ്പളക്കാരാണെന്നാണ്. ശരിയാണോ എന്നറിയില്ല. എന്നാലും, എസ്.ഡി.പി.ഐയിലെയും വെല്‍ഫെയര്‍ പാര്‍ട്ടിയിലെയും അമുസ്്‌ലിം ഭാരവാഹികളെയും പ്രവര്‍ത്തകരെയും കുറിച്ചു പൊതുസമൂഹത്തില്‍ ഏറെപ്പേരും കുരുതുകയും വിശ്വസിക്കുകയും ചെയ്യുന്നത് ഏതാണ്ട് ഇതൊക്കെ തന്നെയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെയും എന്‍.ഡി.എഫിന്റെയും സ്ഥിരം അണികള്‍ക്കുപുറത്ത് ഈ പാര്‍ട്ടികള്‍ നേടുന്ന ഓരോ വോട്ടും യഥാര്‍ഥജനാധിപത്യത്തിനു സംഭവിക്കുന്ന പുഴുക്കുത്തുകളായിരിക്കുമെന്നതില്‍ സംശയമില്ല. മതമൗലികവാദികള്‍ തികഞ്ഞ ജനാധിപത്യവാദികളായി വേഷം കെട്ടുന്നതിലെ അപഹാസ്യതയോര്‍ത്ത് ഊറിച്ചിരിക്കുന്ന പൊതുസമൂഹം പച്ചയ്ക്ക് അവഗണിക്കുക തന്നെ ചെയ്യും. കാരണം വോട്ടവകാശത്തിന്റെ വിലയും മൂല്യവും ഏറെക്കുറെ തിരിച്ചറിയാന്‍ ഇന്നു കേരളത്തിലെ ജനാധിപത്യ സമൂഹത്തിനു ബുദ്ധിയും വിവേകവും ബാക്കിയിരിപ്പുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തിനു വെല്ലുവിളിയാണു തങ്ങളെന്നു സ്വയം കരുതുന്നവരെ കേരള മുസ്‌ലിം സമൂഹം ഏറെ കരുതിയിരിക്കേണ്ടുന്ന തെരഞ്ഞെടുപ്പാണു മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."