നവസമൂഹം നല്ല ചിന്തകളെ പ്രചോദിപ്പിക്കണം: മന്ത്രി എ.കെ ശശീന്ദ്രന്‍
കല്‍പ്പറ്റ: ജാതീയത വിഭാഗീയതയുടെ നെടുങ്കോട്ടയുയര്‍ത്തുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ശ്രീനാരയണഗുരുവിന്റെ ദര്‍ശനങ്ങള്‍ യുവതലുമുറകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച ശ്രീനാരയണഗുരുവിന്റെ നമുക്ക് ജാതിയില്ല ശതാബ്ദി വിളംബരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാതി കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന വേളയില്‍ ശാന്തനായി ശ്രീനാരയണ ഗുരു വിളംബരം ചെയ്ത നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനം അന്നത്തെ സമൂഹത്തില്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റാണ് ഉണ്ടാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ വളര്‍ന്നു വലുതായ ജാതിവേര്‍തിരിവുകള്‍ ഇപ്പോള്‍ കേരളത്തിലേക്കും പടര്‍ന്നിരിക്കുന്നു. ജാതിയുടെ മതില്‍ക്കെട്ടുകളില്ലാത്ത സ്വാതന്ത്ര്യത്തെ വരുംകാലത്തിനുവേണ്ടി കാത്തുവെക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം കൂടിയാണെന്നും മന്ത്രി പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ശ്രീനാരായണഗുരു ജാതിയില്ലാ വിളംബര കലണ്ടര്‍ ലൈബ്രറി കൗണ്‍സില്‍ ഭാരാവാഹികള്‍ക്ക് വിതരണം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗത്തിലെ ഡോ. ആര്‍.വി.എം ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം കെ.എം രാജു, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം. ബാലഗോപാലന്‍, ജില്ലാ പ്രസിഡന്റ് ടി.ബി സുരേഷ്, പി.കെ സുധീര്‍, വേലായുധന്‍ കോട്ടത്തറ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എ ഷൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."