മാധ്യമരംഗം കോര്‍പ്പറേറ്റുകള്‍ കൈയടക്കുന്നു: മുഖ്യമന്ത്രി
കൊച്ചി:മാധ്യമരംഗം വമ്പന്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ജനാധിപത്യത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊച്ചിയില്‍ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വമ്പന്‍ കമ്പനികള്‍ മാധ്യമസ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ ചെറുകിട മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. പ്രാദേശിക ഭാഷാചനലുകളുള്‍പ്പെടെ 18 മാധ്യമസ്ഥാപനങ്ങള്‍ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുണ്ട്. കോര്‍പറേറ്റ് ഉടമകളുടെ താല്‍പര്യത്തിന് വഴങ്ങി ചില മാധ്യമ പ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്ത ചമയ്ക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളെ ദേശവിരുദ്ധരെന്ന് സ്ഥാപിക്കാന്‍ വ്യാജ സി.ഡി നിര്‍മിച്ചത് ഒരു ദൃശ്യമാധ്യമമാണ്. ചില മാധ്യമപ്രവര്‍ത്തകരാണ് ഇതിന് കൂട്ടുനിന്നത്. വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഇവര്‍ക്കെതിരെ ഒരു കേസുപോലും ഉണ്ടായില്ല. കനയ്യകുമാറിന് നേരെനടന്ന നീതിനിഷേധം വിളിച്ചുപറഞ്ഞ രജ്ദീപ് സര്‍ദേശായിയെപ്പോലുള്ളവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു. ആരോപണങ്ങള്‍ വകവെയ്ക്കാത്ത ചിലരുടെ മുന്നോട്ടുള്ള പ്രയാണമാണ് കനയ്യകുമാറിനെപ്പോലുള്ളവര്‍ അനുഭവിച്ച അനീതി ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. സത്യത്തിനും നീതിക്കുംവേണ്ടി ഭയമില്ലാതെ നിലകൊള്ളുന്ന ഒരുതലമുറ മാധ്യമ രംഗത്ത് വളര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങള്‍ക്ക് വന്‍ സ്വാധീനമുള്ള ഇക്കാലത്ത് തങ്ങള്‍ വായനക്കാരന്റെ നിരീക്ഷണത്തിലാണെന്ന ബോധം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകണം. സത്യവും അസത്യവും ഏറ്റുമുട്ടുമ്പോഴും ധര്‍മവും അധര്‍മവും ഏറ്റുമുട്ടുമ്പോഴും വര്‍ഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷത പാലിക്കുന്നത് ക്രൂരമാണ്. സത്യത്തിന്റെയും നീതിയുടെയും പക്ഷം ചേരലാണ് അവരുടെ ബാധ്യത. അച്ചടി മാധ്യമ രംഗവും ദൃശ്യ മാധ്യമ രംഗവും ഒരുപോലെ പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാനലുകളും പത്രങ്ങളും സ്വത്വം മറന്ന് കോര്‍പറേറ്റുകളുടെ ഭാഗമായി മാറുന്നത് സാധാരണക്കാരന്റെ അഭിപ്രായങ്ങളും താല്‍പര്യങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ്. മാധ്യമമേഖലയില്‍ തൊഴില്‍ പീഡനവും നിലനില്‍ക്കുന്നുണ്ട്. രണ്ടുപേരുടെ ജോലിയാണ് ഒരാള്‍ ചെയ്യുന്നത്. വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെടുന്നവര്‍ സ്ഥലംമാറ്റം പോലുള്ള നടപടിക്കും വിധേയമാകുന്നു. മാധ്യമപ്രവര്‍ത്തകരുടെ ജീവിതസാഹചര്യം മെച്ചപ്പടുത്തുന്നതില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സി. നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."