ദലിത് പീഡകരെ സംരക്ഷിക്കുന്നതില്‍ സി.പി.എം ഒന്നാം സ്ഥാനത്ത്: സി.കെ ജാനു
കോഴിക്കോട്: സംസ്ഥാനത്ത് ദലിത് പീഡകരെ സംരക്ഷിക്കുന്നതിലും ആദിവാസികളെയും പട്ടികവിഭാഗങ്ങളെയും ദ്രോഹിക്കുന്നതിലും സി.പിഎം ഒന്നാം സ്ഥാനത്തെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പേഴ്‌സണ്‍ സി.കെ ജാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങളെ സംബന്ധിച്ച് ധവളപത്രമിറക്കും. മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ പട്ടികജാതി കുടുംബത്തിന്റെ വീട്ടില്‍ ഓയില്‍ ഒഴിക്കുകയും കിണറ്റില്‍ രണ്ടു ചാക്ക് മുടി നിക്ഷേപിക്കുകയും ചെയ്തത് സി.പി.എമ്മാണ്. കണ്ണൂര്‍ ജില്ലയില്‍ അവര്‍ പട്ടികജാതിക്കാരുടെ കാവുകള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുകയാണ്. എന്നാല്‍, വ്യാപകപരാതികള്‍ ഉയര്‍ന്നിട്ടും കേസെടുക്കാന്‍ പോലും പൊലിസ് തയാറാകുന്നില്ല. കണ്ണൂര്‍ കുന്നുംകൈയില്‍ വിനീഷ് എന്ന യുവാവിനെ എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ താലിബാന്‍ മോഡലില്‍ കൊല ചെയ്തിട്ടും പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടില്ല. ദലിത് പീഡനങ്ങള്‍ക്ക് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് ജെ.ആര്‍.എസ് ഡിസംബര്‍ അവസാനം സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജെ.ആര്‍.എസ് ആക്ടിങ് ചെയര്‍മാന്‍ ഇ.പി കുമാരദാസ്, ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍, സെക്രട്ടറി ജി. അശോകന്‍, ട്രഷറര്‍ അഡ്വ. കെ.കെ നാരായണന്‍, എം.എം രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."