ലീഗ് യോഗത്തില്‍ ഷാജിക്കെതിരേ വിമര്‍ശനം
കോഴിക്കോട്: കോഴിക്കോട്ട് ഇന്നലെ ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ കെ.എം ഷാജിക്കെതിരേ രൂക്ഷവിമര്‍ശനം. ഐ.എസുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനമാണ് യോഗത്തില്‍ വിമര്‍ശനവിധേയമായത്.
ഷാജിയുടെ ലേഖനം പാര്‍ട്ടിയുടെ അജണ്ടയേയും താല്‍പര്യത്തേയും ദുര്‍ബലപ്പെടുത്തിയെന്നും എല്ലാ മതസംഘടനകളേയും ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിനെതിരേയാണ് ലേഖനമെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഭാവിയില്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി ലേഖനങ്ങള്‍ എഴുതില്ലെന്ന ഉറപ്പ് ഷാജി യോഗത്തില്‍ നല്‍കിയതായും അറിയുന്നു.
ഐ.എസ് ആശയങ്ങല്‍ക്കു പിന്നില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും സലഫികള്‍ക്കു ഇതില്‍ പങ്കില്ലെന്നും സമര്‍ഥിക്കുന്ന ലേഖനമാണ് ഷാജി എഴുതിയിരുന്നത്. ലേഖനത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉള്‍പടെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
ഷാജിയുടെ ലേഖനം പാര്‍ട്ടിയുടെ നിലപാടല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലേഖനം പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.
എന്നാല്‍ ചില മതസംഘടനകള്‍ക്കെതിരേയും പത്രപ്രവര്‍ത്തകര്‍ക്കെതിരേയും ഷാജിയും യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. മുജാഹിദ് വിഭാഗം ലീഗിന്റെ വോട്ട്ബാങ്കാണെന്നും ഏതു പ്രതികൂല സാഹചര്യത്തിലും പാര്‍ട്ടിയ് ക്കൊപ്പം നിന്ന മുജാഹിദ് വിഭാഗങ്ങളെ എന്തുകൊണ്ടും പിന്തുണക്കണമെന്നും ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഐ.എസുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ നേരിടുന്ന മുജാഹിദ് വിഭാഗത്തെ പൂര്‍ണമായി പിന്തുണക്കുന്നത് കരുതിയാവണമെന്നും സുന്നീ സംഘടനകളും ലീഗിന്റെ വലിയ വോട്ടുബാങ്കാണെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. എറണാകുളത്തെ പീസ് സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ കേസിനെ എതിര്‍ക്കുന്നതിലും സൂക്ഷ്മത പുലര്‍ത്തണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.
കേസെടുത്ത നടപടിയെ വിമര്‍ശിക്കുമ്പോള്‍ തന്നെ പാഠപുസ്തകവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെ ന്യായീകരിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. ഏകസിവില്‍കോഡുമായി ബന്ധപ്പെട്ടു പേഴ്‌സനല്‍ ലോ ബോഡുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടു കൃത്യമായ തീരുമാനം യോഗത്തില്‍ ഉണ്ടായില്ല. ഐ.എസ് കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ന്യൂനപക്ഷ വിഷയമായി യു.ഡി.എഫ് ഏറ്റെടുക്കണമെന്ന അഭിപ്രായമാണ് ചിലര്‍ ഉയര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതും യോഗത്തില്‍ ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."