സഭയ്ക്കകത്തും പുറത്തും പ്രതിഷേധിക്കാന്‍ യു.ഡി.എഫ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും പ്രതിഷേധം തുടരാന്‍ യു.ഡി.എഫ് തീരുമാനം. ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
നാളെ പ്രതിപക്ഷനേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. കൂടാതെ തിങ്കളാഴ്ചത്തെ നിയമസഭാ മാര്‍ച്ചില്‍ ഈ പ്രശ്‌നം ഉന്നയിക്കും. നിയമസഭയിലെ പ്രതിഷേധ പരിപാടികളെക്കുറിച്ച് നാളെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. അതിനിടെ സംസ്ഥാനസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ നാളെ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും.
ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനവും നിഷ്പക്ഷവുമായ നടപടികള്‍ സ്വീകരിക്കുക, സമാധാന ജീവിതം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തുന്നത്. ജനവികാരത്തിനു മുന്‍പില്‍ അടിയറവ് പറയാന്‍ വ്യവസായമന്ത്രി ഇ.പി ജയരാജനും സി.പി.എമ്മും നിര്‍ബന്ധിതമായെങ്കിലും ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷണ വിധേയമാക്കേണ്ടതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രധാന നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന വാദം ആരും വിശ്വസിക്കില്ല. കേരളത്തെ കുരുതിക്കളമാക്കുന്ന സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ചോരക്കളി അവസാനിപ്പിച്ചേ മതിയാകൂ.
നീതിപൂര്‍വവും നിഷ്പക്ഷവുമായ നടപടിയിലൂടെ മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനാവൂവെന്നും ബി.ജെ.പി, സി.പി.എം നേതാക്കളുടെ പരസ്പര പോര്‍വിളി അവസാനിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."