മതസൗഹാര്‍ദം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനോട് യോജിപ്പില്ല: ലീഗ്
കോഴിക്കോട്: തീവ്രവാദത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ശക്തമാക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. വര്‍ത്തമാനകാല സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് കൂടുതല്‍ ഫലപ്രദമായ ക്യാംപയിനുകളും പ്രചാരണങ്ങളും ശക്തമാക്കും. എന്നാല്‍, തീവ്രവാദത്തിന്റെ പേരില്‍ മുഖ്യധാര മുസ്‌ലിം സംഘടനകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ വിപരീത ഫലമാണ് സൃഷ്ടിക്കുക. അമിതാവേശത്തോടെ നടത്തുന്ന അത്തരം നീക്കങ്ങള്‍ തീവ്രവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. മതസൗഹാര്‍ദം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും നേതാക്കള്‍ പറഞ്ഞു.
രാജ്യത്തെ വ്യവസ്ഥാപിതമായ നിയമങ്ങള്‍ ഉപയോഗിച്ച് നടപടി സ്വീകരിക്കാവുന്ന വിഷയത്തില്‍ പോലും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്നത് സംശയാസ്പദമാണ്. തീവ്രവാദ വിഷയം ഉയര്‍ത്തി സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന് വലിയ വിലനല്‍കേണ്ടി വരും. ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തോടും പീസ് സ്‌കൂളിലെ വിമര്‍ശന വിധേയമായ പാഠഭാഗത്തോടും യോജിപ്പില്ലെന്നും അതേ സമയം ഇതുമായി ബന്ധപ്പെട്ട യു.എ പി.എ ചുമത്തിയതും കേസെടുത്തതും ശരിയായ നിലപാടല്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പൊലിസിന്റെ കടന്നുകയറ്റത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ആശങ്ക അറിയിക്കും. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിലും വിഷയം ഉന്നയിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാരിന് ഏറ്റ ആദ്യത്തെ പ്രഹരമാണ് ഇ.പി ജയരാജന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും കാണിക്കാത്ത സര്‍ക്കാരെന്ന് ഇനി പറയാന്‍ സാധിക്കില്ല. യു.ഡി.എഫിന്റെ കാലത്തും സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ കാലത്തെ കുറിച്ച് ഏതു തരം അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."