നിയമ പരിഷ്‌കരണം: പൗരാണിക ഗ്രന്ഥങ്ങള്‍ മാതൃകയാക്കണമെന്ന് ലോ കമ്മീഷന്‍ അംഗം
ന്യൂഡല്‍ഹി: 144 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ എവിഡന്‍സ് ആക്ട് (തെളിവ് നിയമം) പരിഷ്‌കരിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും മാതൃകയാക്കണമെന്ന് ദേശീയ നിയമകമ്മിഷന്‍ അംഗം അഭയ് ഭരദ്വാജ്. വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും അടക്കമുള്ള പൗരാണിക ഗ്രന്ഥങ്ങള്‍ പ്രകാരം തെളിവു നിയമം പരിഷ്‌കരിക്കുന്നതു വഴി രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വലിയമാറ്റംവരും.
സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ് ഭരദ്വാജ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. 2002ലെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു അഭയ് ഭരദ്വാജ്. അടുത്തിടെയാണ് അദ്ദേഹം നിയമ കമ്മീഷനില്‍ പാര്‍ട് ടൈം അംഗമായത്.
ആരെങ്കിലും ഹിന്ദുക്കള്‍ക്ക് വേണ്ടി ഹാജരായാല്‍ ആളുകള്‍ നെറ്റിചുളിക്കുകയാണെന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ ഹാജരായതിനെക്കുറിച്ച് ഭരദ്വാജ് പറയുന്നു. യാക്കൂബ് മേമന് വേണ്ടി ശാന്തിഭൂഷണും ഇന്ദിരാ ജയ്‌സിങും ഹാജരായതിനെ ആരും ചോദ്യം ചെയ്തില്ല. വിധി പറയാന്‍ സുപ്രിംകോടതി ജഡ്ജിമാര്‍ പുലര്‍ച്ചെ മൂന്നു മണിക്ക് എഴുന്നേറ്റതിനേയും ചോദ്യം ചെയ്തില്ല. താന്‍ ആര്‍.എസ്.എസ്സിലെ കമ്മ്യൂണിസ്റ്റുകാരനും കമ്മ്യുണിസ്റ്റുകളിലെ ആര്‍.എസ്.എസ്‌കാരനുമാണെന്നും ഭരദ്വാജ് അവകാശപ്പെട്ടു.
ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നു സ്വയം വെളിപ്പെടുത്തിയ ഇദ്ദേഹത്തെ കമ്മിഷന്‍ അംഗമായി നിയമിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. രാജ്യത്തെ നിലവിലുള്ള നിയമങ്ങളുടെ പരിഷ്‌കരണത്തിനുള്ള ഉപദേശം നല്‍കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് ദേശീയ നിയമ കമ്മിഷന്‍ (എന്‍.എല്‍.സി). സുപ്രിംകോടതി മുന്‍ ജഡ്ജി ബല്‍ബീര്‍ സിങ് ചൗഹാന്റെ നേതൃത്വത്തില്‍ സമീപകാലത്താണ് 21ാമത് നിയമ കമ്മീഷന്‍ നിലവില്‍ വന്നത്. മുഴുസമയ അംഗങ്ങളും ഭാഗിക സമയ അംഗങ്ങളും അടങ്ങിയതാണ് കമ്മീഷന്‍. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കാന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു പരസ്യപ്പെടുത്തിയ കമ്മീഷന്റെ നടപടി വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് കമ്മിഷന്‍ അംഗം വിചിത്രമായ ആവശ്യവുമായി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."