കാന്തപുരം-ബി.ജെ.പി രഹസ്യധാരണ പുറത്തായി
പ്രത്യേക ലേഖകന്‍
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ശംസുദ്ധീനെതിരേ നിലപാട് പ്രഖ്യാപിച്ച കാന്തപുരം തന്റെ നിലപാടുകളുടെ വിജയത്തിന് ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയത് പുറത്തായി. മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ സുരേന്ദ്രന് അവിടെ വോട്ടുള്ള മുഴുവന്‍ എ.പിക്കാരും വോട്ടുനല്‍കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും.
പകരം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ശംസുദ്ധീനെതിരേ മത്സരിക്കുന്ന സി.പി.ഐയുടെ സ്ഥാനാര്‍ഥി സുരേഷ്‌രാജിന് ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ വോട്ടുമറിക്കും. ഇതാണ് കാന്തപുരവും ബി.ജെ.പിയും തമ്മിലുള്ള കരാര്‍. ഇത്തരമൊരു കരാറിന് വേദിയൊരുക്കിയതാകട്ടെ മലപ്പുറത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബാദുഷ തങ്ങളുടെ കാര്‍മികത്വത്തിലും.
മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ജയിച്ചാല്‍ കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ഷിപ്പും പത്മശ്രീ പുരസ്‌ക്കാരവുമാണ് കാന്തപുരത്തിന് ബി.ജെ.പി നല്‍കിയിരിക്കുന്ന ഓഫര്‍. അതോടൊപ്പം സി.പി.ഐ സ്ഥാനാര്‍ഥിയാണെങ്കിലും മണ്ണാര്‍ക്കാട് കാന്തപുരം ആവശ്യപ്പെട്ട സുരേഷ് രാജിന് ബി.ജെ.പിക്കാര്‍ വോട്ടു മറിച്ചുനല്‍കും. ബി.ജെ.പിയെ സംബന്ധിച്ചടത്തോളം ഈ കരാര്‍ ആശ്വാസത്തിന്റേതാണ്. ഓരോ തെരഞ്ഞെടുപ്പിലും വിജയം കപ്പിനും ചുണ്ടിനും ഇടയിലെത്തി നഷ്ടപ്പെടുന്ന മഞ്ചേശ്വരത്ത് എ.പി വിഭാഗത്തിന്റെ വോട്ട് ലഭിച്ചാല്‍ വിജയം ഉറപ്പിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ പ്രത്യുപകാരമായി മണ്ണാര്‍ക്കാട് കാന്തപുരം പറയുന്ന ആര്‍ക്കും വോട്ടുമറിക്കാന്‍ ബി.ജെ.പിക്കു തടസ്സമില്ല. മണ്ണാര്‍ക്കാട് ബി.ജെ.പിക്കുവേണ്ടി യുവാവായ കേശവദേവ് പുതുമന മത്സരിക്കുന്നുണ്ടെങ്കിലും അവിടെ ബി.ജെ.പിക്കു അതിവിദൂര ജയസാധ്യതപോലുമില്ലെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം.
മണ്ണാര്‍ക്കാട് ശംസുദ്ധീനെതിരേ നിലപാട് പ്രഖ്യാപിക്കുകയും ഇക്കാര്യത്തില്‍ കാന്തപുരത്തിന്റെ മുഖം നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നു തിരിച്ചറിഞ്ഞാണ് കാന്തപുരം ബി.ജെ.പിയുമായി കൂട്ടുകൂടിയിരിക്കുന്നത്. ഇതിനിടയില്‍ കാന്തപുരത്തിന്റെ പിന്തുണയും സഹകരണവും പരിഗണിക്കാതിരിക്കുന്നതാണ് നല്ലതെന്ന പ്രതികരണങ്ങളുമായി ഇടതുനേതാക്കള്‍ തന്നെ രംഗത്തുവരുന്നത് കാന്തപുരത്തിനു കൂനിന്മേല്‍കുരുവെന്ന അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. അനര്‍ഹമായി കാന്തപുരത്തിനെ ഫോക്കസ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുപോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും അത്തരം നീക്കങ്ങള്‍ ഇടതുമുന്നണിയില്‍ നിന്നും ഉണ്ടാകരുതെന്നും സി.പി.ഐ നേതാക്കള്‍ തന്നെ തുറന്നുപറയുന്നുണ്ട്. അതേസമയം പിന്തുണയുമായി പിന്നാലെ നടന്നിട്ടും ഇടത് നേതാക്കള്‍ കാന്തപുരത്തെ കാര്യമായി പരിഗണിക്കുന്നില്ലെന്ന പരിഭവം അദ്ദേഹത്തിനുണ്ട്.
ഫലത്തില്‍ പിന്തുണച്ചും സഹായിച്ചും പിന്നാലെ പോയിട്ടും ഇടത്-വലത് മുന്നണികള്‍ കാന്തപുരത്തെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ബി.ജെ.പി എങ്കില്‍ ബി.ജെ.പി എന്ന നിലയിലേക്ക് കാന്തപുരം എത്തിയിരിക്കുന്നത്. ഇത് പുറത്തായതോടെ കാന്തപുരം ക്യാംപില്‍ തന്നെ മുറുമുറുപ്പുകള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."