ജീവനക്കാര്‍ തുണയായി; യുവതിക്ക് 108 ആംബുലന്‍സില്‍ സുഖ പ്രസവം
ആലപ്പുഴ: ആശുപത്രിയിലേക്ക് തിരിച്ച യുവതിക്ക് ജീവനക്കാരുടെ തുണയില്‍ 108 ആംബുലന്‍സില്‍ സുഖ പ്രസവം. ഇന്നലെ വെളിയനാട് കുരിശുംമൂട് ആശുപത്രിക്ക് സമീപനോര്ത്ത് വെളിയനാട് അറയ്ക്കല്‍ വീട്ടില്‍ സുബിന്റെ ഭാര്യ ദീപമോള്‍(23)ക്കാണ് ആംബുലന്‍സില്‍ കുഞ്ഞ് പിറന്നത്.
ഇന്നലെ രാവിലെ വേദന കലശലായതിനെ തുടര്‍ന്ന് യുവതിയെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതായി അറിയിച്ചു. വെളിയനാട് കുരിശുംമൂട് ആശുപത്രിക്ക് സമീപം 108 ആംബുലന്‍സിലേക്ക് യുവതിയെ മാറ്റി കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും വേദന വര്‍ധിച്ചു.
ഇതോടെ ആംബുലന്‍സിലുണ്ടായിരുന്ന മെയില്‍ നേഴ്സിന്റെ സഹായത്തോടെ യുവതിക്ക് സുഖ പ്രസവം സാധ്യമാക്കുകയായിരുന്നു. ഈ അവസ്ഥയില്‍ കൊണ്ടുപോവുന്നത് ദുരന്തത്തിന് കാരണമാവുമെന്ന് ബന്ധുക്കളെ ധരിപ്പിച്ചതിന് ശേഷമായിരുന്നു പ്രസവത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തത്.
ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ഡലിവറി കിറ്റും ഇതിന് സഹായകരമായി. മെയില്‍ നേഴ്സ് വിബിന് എസ് രാഘവന്, ഡ്രൈവര്‍ ഷിജി കെ എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വേണ്ട പരിചരണമൊരുക്കിയത്.
തുടര്‍ന്ന് പൂര്‍ണ ആരോഗ്യാവസ്ഥയില്‍ കുട്ടിയെയും യുവതിയെയും ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ 1.40 മിനിറ്റില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചതിന് ആംബുലന്‍സ് ജീവനക്കാര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഗതാഗതം ക്രമീകരിച്ചാണ് അന്ന് രോഗിയെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."